Top

'പ്രതീക്ഷ അവസാനിച്ചിരുന്നു, നാളുകള്‍ക്ക് ശേഷം ചിരിക്കുന്നത് ഇന്നാണ്'; മനുഷ്യത്വ ഇടനാഴി തുറന്നതിനേക്കുറിച്ച് മലയാളി വിദ്യാര്‍ത്ഥി

600ലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് യുക്രെയ്ന്‍ നഗരമായ സുമിയില്‍ ദിവസങ്ങളായി രക്ഷാപ്രവര്‍ത്തനം കാത്ത് കഴിയുന്നത്.

5 March 2022 7:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രതീക്ഷ അവസാനിച്ചിരുന്നു, നാളുകള്‍ക്ക് ശേഷം ചിരിക്കുന്നത് ഇന്നാണ്; മനുഷ്യത്വ ഇടനാഴി തുറന്നതിനേക്കുറിച്ച് മലയാളി വിദ്യാര്‍ത്ഥി
X

സുമി: എല്ലാ പ്രതീക്ഷയും അസ്തമിച്ചപ്പോഴാണ് സുരക്ഷാ ഇടനാഴി തുറന്നതെന്ന് യുദ്ധഭൂമിയായി മാറിയ യുക്രെയ്‌നില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥിനി. ഇവിടെ നിന്ന് പോയാ മതിയെന്ന ചിന്തയാണ് ഇപ്പോള്‍ തങ്ങള്‍ക്കുള്ളതെന്ന് സുമിയില്‍ ഉപരിപഠനം നടത്തുന്ന നിരഞ്ജന റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. 600ലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് യുക്രെയ്ന്‍ നഗരമായ സുമിയില്‍ ദിവസങ്ങളായി രക്ഷാപ്രവര്‍ത്തനം കാത്ത് കഴിയുന്നത്.

നിരഞ്ജന പറഞ്ഞത്

ഞങ്ങള്‍ വളരെ ഹാപ്പിയാണ്. ഇന്ന് പത്താം ദിവസമാണ്. പ്രതീക്ഷ പോയി അവസാന ഘട്ടത്തിലാണ് മനുഷ്യത്വ ഇടനാഴിയേക്കുറിച്ചുള്ള വാര്‍ത്ത കേട്ടത്. പോകാന്‍ പറ്റിയില്ലെങ്കിലും പ്രശ്‌നമില്ല. വെള്ളം കിട്ടിയാല്‍ മാത്രം മതി എന്ന ചിന്തയിലേക്ക് എത്തിയിരുന്നു. എല്ലാവരും വളരെ ഹാപ്പിയാണ്. കുറേ നാളുകള്‍ക്ക് എല്ലാവരും ചിരിച്ചുകാണുന്നത് ഇന്നാണ്.

കീവ് സമയം എട്ട് മണിക്കാണ് ഞങ്ങള്‍ക്ക് വെടിനിര്‍ത്തലിനേക്കുറിച്ച് വിവരം ലഭിച്ചത്. ഇപ്പോള്‍ ഇവിടെ സമയം 8:55 ആകാറായി. എട്ട് മണി മുതല്‍ ഉച്ചയ്ക്ക് ഒന്നര വരെയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സമയത്തിനുള്ളില്‍ പുറത്തുകടക്കാന്‍ ഏറ്റവും സുരക്ഷിതമായ അതിര്‍ത്തി നോക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ആ സമയത്തിനുള്ളില്‍ പോകാന്‍ കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. യുക്രെയ്‌ന് പുറത്തെത്തിക്കാന്‍ സുരക്ഷിതമായ അതിര്‍ത്തികള്‍ തുറക്കാനായി ശ്രമിക്കുകയാണെന്ന് എംബസിയില്‍ നിന്ന് രാവിലെ തന്നെ അറിയിപ്പ് കിട്ടിയിരുന്നു. കീവ് സമയം എട്ട് മണി മുതല്‍ ഒന്നര വരെയാണ് മാനുഷിക ഇടനാഴി. വെടിനിര്‍ത്തല്‍ തുടങ്ങി. സൈറണുകള്‍ അവസാനിച്ചതോടെ ബങ്കറുകളില്‍ നിന്ന് പുറത്തുവന്ന് റൂമിലെത്തി എമര്‍ജന്‍സി കിറ്റുകള്‍ തയ്യാറാക്കിത്തുടങ്ങി. രണ്ട് ദിവസത്തേക്കുളള ഭക്ഷണവും വെള്ളവും ബാഗില്‍ കരുതേണ്ടതുണ്ട്. എല്ലാ വിദ്യാര്‍ത്ഥികളോടും തയ്യാറായി നില്‍ക്കാന്‍ ഞങ്ങളുടെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞിട്ടുണ്ട്. കുസ്റ്റോവ്ബ്ലാസ്റ്റ് എന്ന സ്ഥലത്താണ് എത്തിച്ചേരേണ്ടത്. അവിടെയെത്താന്‍ രണ്ട് മണിക്കൂര്‍ മതിയാകും. ഒരു മണിക്കൂര്‍ എട്ട് മിനുറ്റാണ് കൃത്യസമയം പക്ഷെ, പലയിടത്തും പ്രശ്‌നങ്ങളുണ്ടാകാം. മനുഷ്യത്വ ഇടനാഴി ലഭിച്ചാല്‍ ചിതറിക്കിടക്കുന്ന ഇന്ത്യക്കാരും മറ്റ് രാജ്യക്കാരുമായ വിദ്യാര്‍ത്ഥികളെ പുറത്തെത്തിക്കാന്‍ സര്‍വ്വകലാശാലയും മുതിര്‍ന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഇന്നലെ മുതല്‍ തയ്യാറെടുപ്പ് നടത്തിയിരുന്നു.

STORY HIGHLIGHTS: Malayalee Student react on humanitarian corridor in Ukraine

Next Story