Top

'ഹംഗറി വഴിയും പോളണ്ട് വഴിയും ഒഴിപ്പിക്കല്‍ സാധ്യമല്ല'; ദിനംപ്രതി സാഹചര്യം മോശമാവുന്നുവെന്ന് കാര്‍ക്വീവിലെ മലയാളി വിദ്യാര്‍ഥികള്‍

ഹോസ്റ്റലിന് സമീപം ഷെല്‍ ആക്രമണമുണ്ടായി

25 Feb 2022 7:47 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹംഗറി വഴിയും പോളണ്ട് വഴിയും ഒഴിപ്പിക്കല്‍ സാധ്യമല്ല; ദിനംപ്രതി സാഹചര്യം മോശമാവുന്നുവെന്ന് കാര്‍ക്വീവിലെ മലയാളി വിദ്യാര്‍ഥികള്‍
X

യുക്രൈനില്‍ സാഹചര്യം വളരെ മോശമാണെന്ന് കാര്‍ക്വീവില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ഥികള്‍. ഇവര്‍ താമസിക്കുന്ന ഹോസ്റ്റലിന് സമീപം ഷെല്‍ ആക്രമണമുണ്ടായി. 15 മിനറ്റോളം ബോംബ് ആക്രമണവും ഷെല്‍ ആക്രമണവും നീണ്ടുനിന്നുവെന്നും വിദ്യാര്‍ഥികള്‍ ബങ്കറുകളില്‍ അഭയം തേടിയിരിക്കുകയാണെന്നും വിദ്യാര്‍ഥികള്‍ അറിയിച്ചു.

ഇപ്പോഴത്തെ അവസ്ഥയില്‍ ഹംഗറി വഴിയോ പോളണ്ട് വഴിയോ രക്ഷാപ്രവര്‍ത്തനം അസാധ്യമാണ്. 20 മണിക്കൂറോളം യാത്ര ഹംഗറിയിലേയ്ക്ക് ഉണ്ട്. 13 മണിക്കൂര്‍ യാത്രയാണ് പോളണ്ടിലേയ്ക്ക് ഉള്ളത്. ഈ അവസ്ഥയില്‍ ഇത്രയും ദൂരം യാത്ര ദുഷ്‌കരമാണ്. കാര്‍ക്വീവ് വഴി തന്നെ ഒഴിപ്പിക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.

'യുക്രൈന്‍, റഷ്യന്‍ വംശജര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെയുണ്ട്. എങ്ങോട്ട് പോവണം, എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയാണ്. ഹോസ്റ്റലില്‍ ഉണ്ടായിരുന്നവര്‍ പലരും സമീപത്ത് ആക്രമണ ശബ്ദം കേട്ടതിന് പിന്നാലെ മെട്രോയുടെ ബങ്കറിലേയ്ക്ക് രക്ഷ തേടി. ഏത് ഭാഗത്താണ് ആക്രമണമുണ്ടായതെന്ന് വ്യക്തമല്ല. ബങ്കറുകളില്‍ 70 ഓളം വിദ്യാര്‍ഥികളുണ്ട്. തൊട്ടടുത്ത് ആക്രമണമുണ്ടായതിന് പിന്നാലെ പലരും പരിഭ്രാന്തരാണ്'. പെട്ടന്ന് നാട്ടിലെത്തിക്കാനുള്ള നീക്കം സര്‍ക്കാറുകള്‍ നടത്തണംമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.

'തങ്ങളുടെ അവസ്ഥ ദിനം പ്രതി മോശമായിക്കൊണ്ടിരിക്കുന്നു. രണ്ട് ദിവസം വരെ കയ്യിലുള്ള വെള്ളവും ഭക്ഷണവും വെച്ച് ജീവിക്കാന്‍ കഴിയും. റഷ്യന്‍ അതിര്‍ത്തിയിലാണ് ഇപ്പോള്‍ ഉള്ളത്. ഷെല്ലിംഗ് നടക്കുന്നതിനാല്‍ എംബസി അറിയിച്ചിരിക്കുന്ന അതിര്‍ത്തി വഴി പുറത്ത് കടക്കാന്‍ സാധിക്കില്ല. മൈനസ് രണ്ട് ഡിഗ്രി തണുപ്പാണ് ഇപ്പോള്‍ കാര്‍ക്വീവില്‍. ഭക്ഷണവും ഉറക്കവും ഇല്ല. മുന്നൂറ് മുതല്‍ നാനൂറ് വരെ മലയാളി വിദ്യാര്‍ഥികള്‍ കൂടെയുണ്ട്. 5,000 വിദ്യാര്‍ഥികള്‍ ഇവിടെ ആകെയുണ്ട്. അതില്‍ പകുതിയോളം മലയാളികളാണ്. രാജ്യം വിടാനാണ് ഇപ്പോള്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ദിനംപ്രതി സാഹചര്യം മോശമായിക്കൊണ്ടിരിക്കുന്നു. രണ്ട് ദിവസം വരെ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞേക്കും. എല്ലാവരുടേയും സഹായം ആവശ്യമാണ്', വിദ്യാര്‍ഥികള്‍ പറഞ്ഞു.

'മൂന്ന് ദിവസത്തേയ്ക്കുള്ള ഭക്ഷണം സ്റ്റോക്കുണ്ട്. എന്നാല്‍ ഇത് 200 ഓളം പേര്‍ക്ക് തികയില്ല. ഇനിയും വൈകിയാല്‍ അതിജീവിക്കാനുള്ള മാര്‍ഗമില്ല. രണ്ട് ദിവസം കഴിഞ്ഞാല്‍ എന്ത് സംഭവിക്കുമെന്ന് അറിയില്ല'. ഏത് നിമിഷവും എന്തും നടക്കാമെന്ന അവസ്ഥയാണ് ഉള്ളതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

STORY HIGHLIGHTS: 'Evacuation is not possible through Hungary or Poland'; Malayalee students in Kharkiv say the situation is getting worse every day

Next Story