Top

'ബോംബിംഗും ഷെല്ലിംഗും കാരണം പുറത്തിറങ്ങാനാകുന്നില്ല'; എംബസിയുടെ നിര്‍ദ്ദേശം പാലിക്കാനാകുന്നില്ലെന്ന് മലയാളി വിദ്യാര്‍ത്ഥി

ട്രെയിനില്‍ കയറാനായി നോക്കുമ്പോള്‍ നമ്മളെ തള്ളിമാറ്റി യുക്രൈനികളെ കയറ്റുന്ന പ്രവണതയാണ് ഇവിടെ കാണാന്‍ സാധിക്കുന്നതെന്നും അഖില്‍ പറഞ്ഞു.

2 March 2022 2:22 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബോംബിംഗും ഷെല്ലിംഗും കാരണം പുറത്തിറങ്ങാനാകുന്നില്ല; എംബസിയുടെ നിര്‍ദ്ദേശം പാലിക്കാനാകുന്നില്ലെന്ന് മലയാളി വിദ്യാര്‍ത്ഥി
X

ഖാര്‍കീവില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരു വഴിയും മുമ്പിലില്ലാത്ത അവസ്ഥയിലാണ് തങ്ങളെന്ന് മലയാളി വിദ്യാര്‍ത്ഥി അഖില്‍. അതിര്‍ത്തിയിലേക്കെത്താന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ തങ്ങള്‍ക്ക് കടുത്ത വിവേചനമാണ് നിലവില്‍ ഇവിടെ നിന്നും നേരിട്ടുകൊണ്ടിരിക്കുന്നത്. ട്രെയിനില്‍ കയറാനായി നോക്കുമ്പോള്‍ നമ്മളെ തള്ളിമാറ്റി യുക്രൈനികളെ കയറ്റുന്ന പ്രവണതയാണ് ഇവിടെ കാണാന്‍ സാധിക്കുന്നതെന്നും അഖില്‍ പറഞ്ഞു.

'ഖാര്‍കീവില്‍ നിന്നും മാറണമെന്നാണ് എംബസി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇവിടെ കര്‍ഫ്യു ആരംഭിച്ചിരിക്കുകയാണ്. എന്നാല്‍ അതനുസരിച്ച് ട്രെയിന്‍ സര്‍വ്വീസുകള്‍ ഇല്ല. എന്ത് ചെയ്യണമെന്നറിയാതെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇവിടെയുള്ളത്. നടന്നിട്ടായാലും ഖാര്‍ക്കീവില്‍ നിന്ന് പുറത്തുകടക്കണമെന്നാണ് എംബസി പറയുന്നത്. അതേസമയം, ഇവിടെ ഷെല്ലിംഗും ബോംബിംഗുമാണ് ഇവിടെ നടക്കുന്നത്. ഒത്തിരി കുട്ടികള്‍ ട്രെയിനായി കാത്തുനില്‍ക്കുന്നുണ്ട്.'

യുക്രൈനികളടക്കം ഒട്ടനവധി പേരാണ് ഇവിടെയുള്ളതെന്നും അഖില്‍ പറഞ്ഞു. ഞങ്ങള്‍ രാവിലെ മുതല്‍ ഇവിടെ ട്രെയിന്‍ കാത്തുനില്‍ക്കുകയാണ്. യുക്രൈനികള്‍ക്കാണ് ഇവിടെ മുന്‍ഗണന നല്‍കുന്നത്. അതിന് ശേഷം മാത്രമാണ് മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരെ പ്രവേശിപ്പിക്കുകയുള്ളുവെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.

ഹൈ ഇവാക്വേഷനായി ഇവിടെ ഡബിള്‍ ഡെക്ക് ട്രെയിന്‍ എത്തുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. അത് എത്രത്തോളം സത്യമാണെന്ന് പറയാന്‍ കഴിയില്ല. ഇവിടെ നിന്നും രക്ഷപ്പെടാന്‍ ട്രെയിന്‍ അല്ലാതെ മറ്റൊരു വഴിയും ഇല്ല. വ്യാപകമായി ഷെല്ലിംഗ് നടക്കുന്ന സാഹചര്യത്തില്‍ ടാക്‌സിയോ മറ്റ് മാര്‍ഗങ്ങളോ ഉപയോഗിച്ച് റോഡിലൂടെ പോകുകയെന്നത് പ്രായോഗികമല്ലെന്നും അഖില്‍ വ്യക്തമാക്കി.

അതേസമയം, ഖാര്‍കീവിലെ ഇന്ത്യക്കാര്‍ അടിയന്തരമായി നഗരം വിടണമെന്ന മുന്നറിയിപ്പാണ് യുക്രൈനിലെ ഇന്ത്യന്‍ എംബസി നല്‍കിയിരിക്കുന്നത്. യുക്രൈന്‍ സമയം വൈകിട്ട് ആറ് മണിക്കു മുന്‍പ് സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറാനാണ് എംബസി നിര്‍ദേശിച്ചിട്ടുള്ളത്. പെസോചിന്‍, ബബായെ, ബെസ്ലിയുഡോവ്ക എന്നീ സ്ഥലങ്ങളില്‍ എത്രയും വേഗം എത്തണമെന്നും ഇന്ത്യന്‍ എംബസി ട്വീറ്റിലുടെ അറിയിച്ചു. തിരിച്ചറിയല്‍ രേഖകള്‍ കൈവശം കരുതി നഗരം വിടണമെന്നാണ് ലഭിച്ചിരിക്കുന്ന നിര്‍ദേശമെന്ന് ഖാര്‍കീവിലെ മലയാളി വിദ്യാര്‍ഥി റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു.

STORY HIGHLIGHTS: Malayalee student says embassy instruction cannot be followed, situation is terrifying

'റഷ്യ വഴി സുരക്ഷിതമായി പുറത്തെത്തിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യം'

യുക്രൈനിലെ യുദ്ധമേഖലയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ റഷ്യ വഴി സുരക്ഷിതമായി പുറത്തെത്തിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പുറത്തു കടക്കാന്‍ മാനുഷിക പരിഗണന മുന്‍നിര്‍ത്തി സുരക്ഷിത പാത ഒരുക്കുന്നതിന് പ്രധാനമന്ത്രി റഷ്യന്‍ നേതൃത്വവുമായി അടിയന്തരമായി ഇടപെടണം. കുടുങ്ങി കിടക്കുന്നവര്‍ക്ക് വെള്ളവും ഭക്ഷണവും എത്തിക്കാന്‍ ബന്ധപ്പെട്ട സര്‍ക്കാരുകളുടെയും റെഡ്ക്രോസ് ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളുടെയും സഹകരണം ഉറപ്പു വരുത്തണമെന്ന് മുഖ്യമന്ത്രി കത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

ഒഴിപ്പിക്കല്‍ നടപടികള്‍ പ്രധാനമായും കീവ് ഉള്‍പ്പെടെയുള്ള യുക്രൈനിലെ പടിഞ്ഞാറന്‍ മേഖലകളിലാണ് ഇതുവരെ ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാല്‍ കാര്‍ക്കീവ്, സുമി തുടങ്ങിയ യുക്രൈനിലെ കിഴക്കന്‍ മേഖലകളില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. അവിടങ്ങളില്‍ യുദ്ധം തീവ്രമായിട്ടുണ്ട്. ഇരു നഗരങ്ങളിലും ബോംബിങ്ങും ഷെല്ലിങ്ങും രൂക്ഷമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എന്തു ചെയ്യണമെന്നതിനെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലഭ്യമാക്കുന്നില്ല. അതിന്റെ അഭാവത്തില്‍ പല വിദ്യാര്‍ത്ഥികളും സ്വന്തം നിലയ്ക്ക് പടിഞ്ഞാറന്‍ മേഖലയിലേക്ക് നീങ്ങാന്‍ ശ്രമിക്കുന്നുണ്ട്. ഇതവരുടെ ജീവനു വലിയ വെല്ലുവിളിയാണ് ഉയരുന്നതെന്ന് മുഖ്യമന്ത്രി കത്തിലൂടെ ചൂണ്ടിക്കാട്ടി.

ബങ്കറുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ലഭ്യമാക്കണമെന്നും കിഴക്കന്‍ മേഖലകളിലുള്ളവരെ റഷ്യയിലൂടെ ഒഴിപ്പിക്കുന്നതിന് അടിയന്തര ഇടപെടല്‍ നടത്തണമെന്നും ഫെബ്രുവരി 27ന് അയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായ കേന്ദ്രസര്‍ക്കാര്‍ ഇടപെടലുകള്‍ക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു. അതിലൂടെ 244 വിദ്യാര്‍ത്ഥികളാണ് ഇതുവരെ കേരളത്തിലേക്ക് മടങ്ങിയെത്തിയത്. യുക്രൈനില്‍ ഇപ്പോഴും അകപ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുമായി ബന്ധപ്പെടുന്നുണ്ട്. എത്രയും പെട്ടെന്ന് അവരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നതായി അവര്‍ക്ക് ഉറപ്പു നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി കത്തിലൂടെ അറിയിച്ചു.

Next Story