Top

മലയാളി മാധ്യമപ്രവർത്തക ബം​ഗളൂരുവിൽ മരിച്ച നിലയിൽ; ഭർത്താവിനെതിരെ കേസ്

ഭർത്താവ് അനീഷിനെതിരെ ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ബന്ധുക്കളും രം​ഗത്തുവന്നിട്ടുണ്ട്.

24 March 2022 11:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മലയാളി മാധ്യമപ്രവർത്തക ബം​ഗളൂരുവിൽ മരിച്ച നിലയിൽ; ഭർത്താവിനെതിരെ കേസ്
X

ബം​ഗളൂരു: മലയാളി മാധ്യമ പ്രവർത്തകയെ ബം​ഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വിദ്യാനഗർ ചാല ശ്രുതിയിലെ എൻ.ശ്രുതി (36)യാണു മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. ശ്രുതി എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഭർത്താവ് മാനസികമായി പീഡിപ്പിക്കുന്നുവെന്നത് ഉൾപ്പെടെയുള്ള വിവരങ്ങളാണ് കുറിപ്പിലുള്ളതെന്നാണ് സൂചന. സംഭവത്തിൽ ശ്രുതിയുടെ ഭർത്താവ് തളിപ്പറമ്പ് ചുഴലി സ്വദേശി അനീഷിനെതിരെ ബം​ഗളൂരു പൊലീസ് കേസെടുത്തു.

ബെംഗളൂരുവി‍ൽ സോഫ്റ്റ്‍വെയർ എൻജിനീയർ ആയി ജോലി ചെയ്യുകയാണ് അനീഷ്. രണ്ടു ദിവസമായി ശ്രുതിയെ ബന്ധപ്പെടാൻ ബന്ധുക്കൾ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. പിന്നാലെ ബം​ഗളൂരുവിൽ തന്നെ തൊഴിലെടുക്കുന്ന സഹോദരൻ നിഷാന്ത് താമസ സ്ഥലത്ത് നേരിട്ടെത്തി. എന്നാൽ വീടിന്റെ വാതിലടച്ച നിലയിലായിരുന്നു. സംശയം തോന്നിയ നിഷാന്ത് പൊലീസിന്റെ സഹായം തേടി. വാതിൽ തുറന്നപ്പോൾ ശ്രുതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഭർത്താവ് അനീഷിനെതിരെ ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ബന്ധുക്കളും രം​ഗത്തുവന്നിട്ടുണ്ട്. ശ്രുതിയെ അന്വേഷിച്ച് ഫോൺ വിളിച്ചപ്പോൾ തനിക്കൊപ്പം നാട്ടിലാണെന്ന് അനീഷ് ബന്ധുക്കൾക്ക് മറുപടി നൽകിയത്. ഇതും സംശയത്തിനിടയാക്കുന്നുണ്ട്. എഴുത്തുകാരനും യുക്തിവാദി നേതാവും റിട്ട.അധ്യാപകനുമായ നാരായണൻ പേരിയയുടെയും റിട്ട.അധ്യാപിക ബി.സത്യഭാമയുടെയും മകളാണ് ശ്രുതി. നേരത്തെ ഇന്ത്യൻ എക്സ്പ്രസിൽ ജോലി ചെയ്തിരുന്ന ശ്രുതി രാജ്യാന്തര വാർത്ത ഏജൻസിയിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്.

(ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ വിദഗ്ദ്ധരുടെ സേവനം തേടാവുന്നതാണ്. State helpline - 104, Maithri - 0484-2540530)

Story highlights: Journalist committed suicide in Bangalore

Next Story