Top

അഭിനയത്തിന്റെ ലളിതഭാവത്തിന് അന്ത്യാജ്ഞലിയർപ്പിച്ച് മലയാള സിനിമാലോകം

കലാ, സാംസ്‌കാരി, രാഷ്ട്രീയ രംഗത്തുള്ള നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ അനുശോചനമറിയിച്ചത്

22 Feb 2022 11:56 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അഭിനയത്തിന്റെ ലളിതഭാവത്തിന് അന്ത്യാജ്ഞലിയർപ്പിച്ച് മലയാള സിനിമാലോകം
X

അന്തരിച്ച കെപിഎസി ലളിതക്ക് ആദരാഞ്ജലിയർപ്പിച്ച് സാംസ്‌കാരിക കേരളം. കലാ, സാംസ്‌കാരി, രാഷ്ട്രീയ രംഗത്തുള്ള നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ അനുശോചനമറിയിച്ചത്. വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു, വിട്ടു പോകാത്ത ഓർമ്മകളോടെ ആദരപൂർവ്വമെന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. അമ്മയും മകനുമായി ചുരുക്കം സിനിമകളിൽ ചേച്ചിയുമൊത്ത് അഭിനയിക്കാൻ സാധിച്ചത് സന്തോഷമാണെന്നും മോഹൻലാൽ പറഞ്ഞു. അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാൾ ആണ് യാത്രയാകുന്നത്. ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസിൽ എന്നും അമ്മ മുഖമാണെന്നും മ‍ഞ്ജു വാര്യർ അനുസ്മരിച്ചു.

വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു; നടൻ മമ്മൂട്ടി

അന്തരിച്ച കെപിഎസി ലളിതയ്ക്ക് ആദരവ് അർപ്പിച്ച് നടൻ മമ്മൂട്ടി. വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു, വിട്ടു പോകാത്ത ഓർമ്മകളോടെ ആദരപൂർവ്വമെന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. മമ്മൂട്ടിയും കെപിഎസി ലളിതയും ജീവൻ നൽകിയ മതിലുകളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കെപിഎസി ലളിതയുടെ വിയോ​ഗത്തിന് പിന്നാലെ ഇരുവരുടെയും മതിലുകളിലെ രം​ഗം സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിട്ടുണ്ട്.

സിനിമയ്ക്കപ്പുറമുളള വ്യക്തി ബന്ധമായിരുന്നു ചേച്ചിയോട്; നടൻ മോഹൻലാൽ

അന്തരിച്ച നടി കെ പി എസി ലളിതയുടെ തൃപ്പൂണിത്തറയിലെ വസതിയിൽ നടൻ മോഹൻലാൽ എത്തി. അസുഖ ബാധിതയായിരുന്നപ്പോൾ നേരിൽ കാണുവാൻ സാധിച്ചില്ലെന്നും കെ പി എസി ലളിതയുടെ വിയോഗം ദുംഖകരമാണെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു. ലളിത ചേച്ചിയുമായി തനിക്ക് സിനിമയ്ക്കപ്പുറമുളള വ്യക്തി ബന്ധമുണ്ടായിരുന്നു. ഏറെ നാളത്തെ അടുപ്പമാണ് ചേച്ചിയുമായി ഉണ്ടായിരുന്നത്. അമ്മയും മകനുമായി ചുരുക്കങ്ങളിൽ സിനിമകളിൽ ചേച്ചിയുമൊത്ത് അഭിനയിക്കാൻ സാധിച്ചത് സന്തോഷമാണെന്നും മോഹൻലാൽ പറഞ്ഞു. ഭരതം, കളിപ്പാട്ടം, പവിത്രം, വിയറ്റ്നാം കോളനി, തേൻമാവിൻ കൊന്പത്ത്, മാടന്പി, ദശരഥം തുടങ്ങി ഒട്ടനവധി സിനിമകളിലാണ് മോഹൻലാലും കെ പി എസി ലളിതയും ഒരുമിച്ച് വേഷം ഇട്ടത്.

അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാൾ ആണ് യാത്രയാകുന്നത്; നടി മ‍ഞ്ജു വാര്യർ

അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാൾ ആണ് യാത്രയാകുന്നത്. ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസിൽ എന്നും അമ്മ മുഖമാണെന്നും മ‍ഞ്ജു വാര്യർ അനുസ്മരിച്ചു. ഒരുമിച്ച് ചെയ്ത ഒരുപാട് സിനിമകളുടെ ഓർമകളില്ല. പക്ഷേ ഉള്ളതിൽ നിറയെ വാത്സല്യം കലർന്നൊരു ചിരിയും ചേർത്തു പിടിക്കലുമുണ്ട്. 'മോഹൻലാൽ ' എന്ന സിനിമയിൽ അമ്മയായി അഭിനയിച്ചതാണ് ഒടുവിലത്തെ ഓർമ. അഭിനയത്തിലും ലളിതച്ചേച്ചി വഴികാട്ടിയായിരുന്നു. അമ്മയെപ്പോലെ സ്നേഹിക്കുകയും അധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത, അതുല്യ കലാകാരിക്ക് വിട. മഞ്ജു വാര്യർ പറഞ്ഞു

അച്ഛന്റെയും അമ്മയുടെയും ഒപ്പം കെപിഎസിയിലൂടെ അരങ്ങിലെത്തിയ ലളിത ചേച്ചി; നടൻ മുകേഷ്

5 പതിറ്റാണ്ടായി നാടകത്തിലും സിനിമയിലും തിളങ്ങിയ വെള്ളിനക്ഷത്രം. എന്റെ അച്ഛന്റെയും അമ്മയുടെയും ഒപ്പം കെപിഎസിയിലൂടെ ആണ് ലളിത ചേച്ചിയും അരങ്ങിലെത്തിയത്. എന്നും തന്നെ വിസ്മയിപ്പിച്ച പ്രതിഭയായിരുന്നുവെന്നും ഏതു കഥാപാത്രത്തേയും തന്മയഭാവത്തോടെ പകർന്നാടിയ പ്രീയ നടിയാണെന്നും കെ പി എസി ലളിതയെ അനുസ്മരിച്ചു. കൊതിയോടെയും അത്ഭുതത്തോടെയും ആണ് ആ പ്രതിഭ ഞാനെന്നും നോക്കിയിനിന്നിട്ടുള്ളത്.. ചേച്ചിയുടെ കഥാപാത്രങ്ങൾ ഇന്നും എന്നും അനശ്വരമാകട്ടേ .. അതാണ് ചരിത്രം ആവിശ്യപെടുന്നതെന്നും മുകേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.

പകരം വയ്ക്കാനില്ലാത്ത പ്രതിഭ; നടൻ മനോജ് കെ. ജയൻ

പ്രിയപ്പെട്ട ചേച്ചിക്ക് വിട.. മലയാള സിനിമയിലെ അഭിനയ കലയുടെ ബഹുമുഖ പ്രതിഭയാണെന്ന് തെളിയിച്ച അതുല്യ കലാകാരി. കുറെ സിനിമകളിൽ ചേച്ചിയുമായി അഭിനയിക്കാനുള്ള ഭാഗ്യമുണ്ടായി. ഭരതേട്ടൻ്റെ തന്നെ സംവിധാനത്തിൽ 'വെങ്കലത്തിൽ' എൻറെ അമ്മ ആയപ്പോൾ ഒരിക്കലും മറക്കാത്ത അനുഭവമായി മാറി. വലിയ വേദനയോടെ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് മനോജ് കെ. ജയൻ.

എനിക്ക് എന്റെ സ്വന്തം ഉമ്മയെ പോലായിരുന്നു; നാദിർഷ

എനിക്ക് എന്റെ സ്വന്തം ഉമ്മയെ പോലായിരുന്നു കെപിഎസി ലളിതയെന്ന് സംവിധായകൻ നാദിർഷ.

Story highlights: Malayalam movie industry pays tribute to late kpac Lalitha

Next Story