'ഒഴിവാക്കാമായിരുന്ന പിഴവ്'; പേരിനൊപ്പം 'നായര്‍' വന്നതില്‍ മുരുകന് കാട്ടാക്കട
8 Feb 2022 10:03 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പേരിനൊപ്പം ജാതിപ്പേര് വന്നത് ഒഴിവാക്കാമായിരുന്ന പിഴവെന്ന് കവി മുരുകന് കാട്ടാക്കട. മലയാളം മിഷനില്‍ ഡയറക്ടറായി ചുമതലയേറ്റ കവി മുരുകന് കാട്ടാക്കടക്ക് സ്വാഗതം പറഞ്ഞുകൊണ്ട് പ്രസിദ്ധീകരിച്ച ആസംസാ കാര്‍ഡ് വിവാദമായതിന് പിന്നാലെയാണ് പ്രതികരണം.
ഔദ്യോഗിക പേര് എന്ന നിലയിലാണ് കാര്‍ഡില്‍ പേര് വന്നത്. സംഭവിച്ചത് സാങ്കേതികമായ പിഴവ് മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിവാദങ്ങളെ മാനിക്കുന്നു. തീര്‍ത്തും ഒഴിവാക്കാമായിരുന്ന പിഴവായിരുന്നു ഇതെന്നും മുരുകന് കാട്ടാക്കട മാധ്യമങ്ങളോട് പ്രതികരിച്ചു.
മലയാളം മിഷന് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച ആശംസാകാര്ഡിലാണ് ആര് മുരുകന് നായര്‍ എന്ന് എഴുതി, മുരുകന് കാട്ടാക്കട എന്ന പേര് ബ്രാക്കറ്റില്‍ ഉപയോഗിച്ചത്. മുരുകന് കാട്ടാക്കടയുടെ പേരിനൊപ്പം ജാതിപേര് ചേര്‍ത്ത പോസ്റ്റര്‍ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ മലയാളം മിഷന് പിന്‍വലിക്കുകയും ചെയ്തിരുന്നു.
കവി ഉപേക്ഷിച്ച ജാതിപ്പേര് എന്തിനാണ് ഇത്തരത്തില്‍ വീണ്ടും ഉപയോഗിക്കുന്നതെന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന വിമര്‍ശനം. പൊതുവേദിയില്‍ പോലും മുരുകന് കാട്ടാക്കട എന്ന് തന്നെയല്ലേ അറിയപ്പെടുന്നത്. അപ്പോള്‍ എന്തിനാണ് ഇത്തരത്തില്‍ ഒരു പ്രദര്‍ശനമെന്നും മലയാളം മിഷന് വന്‍ പുരോഗതിയാണെന്ന് പരിഹസിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിലെത്തിയാണ് മുരുകന് കാട്ടാക്കട മലയാളം മിഷന് ഡയറക്ടറായി ചുമതലയേറ്റത്. ഇതിന് പിന്നാലെ ലളിത മലയാളത്തില്‍ കവിത എഴുതുകയും ചൊല്ലുകയും ചെയ്യുന്ന ആള് എന്ന നിലയില്‍ ലോക മലയാളികളില്‍ ഭാഷാസ്നേഹം വളര്‍ത്താന്‍ കഴിയും എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
ലോകമെമ്പാടും മലയാള ഭാഷയും സംസ്കാരവും പ്രചരിപ്പിക്കുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിച്ച സംരംഭമാണ് മലയാളം മിഷന്. സാംസ്കാരികകാര്യ വകുപ്പിന് കീഴിലാണ് മലയാളം മിഷന് പ്രവര്‍ത്തിക്കുന്നത്. 'എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' എന്നതാണ് മിഷന്റെ മോട്ടോ.