Top

വിവാദം; മുരുകന്‍ കാട്ടാക്കടയുടെ ജാതിപേര് (നായര്‍) വെട്ടി മലയാളം മിഷന്‍; പോസ്റ്റര്‍ തിരുത്തി

നടപടി വിവാദത്തിലായതോടെ മലയാളം മിഷന്‍ 'നായര്‍' ജാതിവാല്‍ ഒഴിവാക്കി പോസ്റ്റര്‍ തിരുത്തി.

8 Feb 2022 9:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിവാദം; മുരുകന്‍ കാട്ടാക്കടയുടെ ജാതിപേര് (നായര്‍) വെട്ടി മലയാളം മിഷന്‍; പോസ്റ്റര്‍ തിരുത്തി
X

കവി മുരുകന്‍ കാട്ടാക്കടയുടെ പേരിനൊപ്പം ജാതിപേര് ചേര്‍ത്ത പോസ്റ്റര്‍ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ മലയാളം മിഷന്‍ പിന്‍വലിച്ചു. സോഷ്യല്‍മീഡിയ പേജില്‍ പങ്കുവെച്ച ആശംസാകാര്‍ഡിലാണ് ആര്‍ മുരുകന്‍ നായര്‍ എന്ന് എഴുതി, മുരുകന്‍ കാട്ടാക്കട എന്ന പേര് ബ്രാക്കറ്റില്‍ ഉപയോഗിച്ചത്. നടപടി വിവാദത്തിലായതോടെ മലയാളം മിഷന്‍ 'നായര്‍' ജാതിവാല്‍ ഒഴിവാക്കി പോസ്റ്റര്‍ തിരുത്തി.



കവി ഉപേക്ഷിച്ച ജാതിപ്പേര് എന്തിനാണ് ഇത്തരത്തില്‍ വീണ്ടും ഉപയോഗിക്കുന്നതെന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന വിമര്‍ശനം. പൊതുവേദിയില്‍ പോലും മുരുകന്‍ കാട്ടാക്കട എന്ന് തന്നെയല്ലേ അറിയപ്പെടുന്നത്. അപ്പോള്‍ എന്തിനാണ് ഇത്തരത്തില്‍ ഒരു പ്രദര്‍ശനമെന്നും മലയാളം മിഷന് വന്‍ പുരോഗതിയാണെന്ന് പരിഹാസിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിലെത്തിയാണ് മുരുകന്‍ കാട്ടാക്കട മലയാളം മിഷന്‍ ഡയറക്ടറായി ചുമതലയേറ്റത്. ഇതിന് പിന്നാലെ ലളിത മലയാളത്തില്‍ കവിത എഴുതുകയും ചൊല്ലുകയും ചെയ്യുന്ന ആള്‍ എന്ന നിലയില്‍ ലോക മലയാളികളില്‍ ഭാഷാസ്‌നേഹം വളര്‍ത്താന്‍ കഴിയും എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

ലോകമെമ്പാടും മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിച്ച സംരംഭമാണ് മലയാളം മിഷന്‍. സാംസ്‌കാരികകാര്യ വകുപ്പിന് കീഴിലാണ് മലയാളം മിഷന്‍ പ്രവര്‍ത്തിക്കുന്നത്. 'എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' എന്നതാണ് മിഷന്റെ മോട്ടോ.

Next Story