'ചാറ്റില്‍ നടി ആക്രമിക്കപ്പെട്ട വിവരങ്ങള്‍, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം'; നടിമാരെ ചോദ്യം ചെയ്യല്‍ വഴിത്തിരിവായേക്കും
21 March 2022 9:42 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതി ദിലീപിന്റെ മുന്‍ നായികയെയും സീരിയല്‍ താരത്തെയും ചോദ്യം ചെയ്യുന്നതോടെ അന്വേഷണം നിര്‍ണായകഘട്ടത്തിലേക്ക് നീങ്ങുമെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
ഇരു നടിമാരുടെയും വാട്സ്ആപ്പ് ചാറ്റുകളില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങളുണ്ടെന്ന് തെളിവുകള്‍ നശിപ്പിച്ച സൈബര്‍ വിദഗ്ദന് സായ് ശങ്കര്‍ അന്വേഷണസംഘത്തോട് സമ്മതിച്ചു. ദുബായില്‍ താമസമാക്കിയ ദിലീപിന്റെ സുഹൃത്തായ നടിയെയും സീരിയല്‍ താരമായ പ്രവാസി സംരംഭകയെയും ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
നിലവില്‍ ദുബായില്‍ സ്ഥിര താമസമാക്കിയ നടി ഇപ്പോള്‍ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചു വരാനൊരുങ്ങുകയാണ്. ഉടനെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടി കേരളത്തിലുണ്ട്.
ദിലീപിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇവയില്‍ പ്രധാനമായും 12 പേരുടെ ചാറ്റുകളാണ് മായച്ചു കളഞ്ഞതായി കണ്ടെത്തിയത്. ഇവയിലാണ് ദിലീപിന്റെ മുന്നായികയുടേതും സീരിയല്‍ നടിയായ സംരംഭകയുടേയും ചാറ്റുകള്‍ സംശയാസ്പദമായി കണ്ടെത്തിയത്. സ്വകാര്യ സംഭാഷണങ്ങള്‍ക്ക് പുറമെ ഈ രണ്ടു നടിമാരുമായും നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങളും സംസാരിച്ചിരുന്നെന്നാണ് അന്വേഷണ സംഘം അനുമാനിക്കുന്നത്.
ദിലീപിന്റെ നിര്‍ദ്ദേശപ്രകാരം ഈ ചാറ്റുകള്‍ നശിപ്പിച്ചെന്ന് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ പൊലീസിന് നല്കിയ പ്രാഥമിക മൊഴിയിലുണ്ട്. ഫോണുകളിലെ ചാറ്റുകള്‍ അന്വേഷണം സംഘം റിട്രീവ് ചെയ്തപ്പോളാണ് ഈ വിവരങ്ങള്‍ ലഭ്യമായി. ഇരുവരെയും ഉടന്‍ തന്നെ ചോദ്യം ചെയ്യാനാണ് തീരുമാനം.