റോഡ് മുറിച്ചുകടക്കുമ്പോള്‍ ഗുഡ്സ് ഓട്ടോ ഇടിച്ചു; അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
സ്കൂള്‍ ബസില്‍ നിന്ന് ഇറങ്ങി റോഡ് മുറിച്ചു കടക്കുമ്പോള്‍ ഗുഡ്സ് ഓട്ടോ ഷഫ്നയെ ഇടിക്കുകയായിരുന്നു.
14 Dec 2022 9:22 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മലപ്പുറം: മലപ്പുറത്ത് സ്കൂള്‍ വിദ്യാര്‍ത്ഥിനി റോഡ് മുറിച്ചുകടക്കുമ്പോഴുണ്ടായ അപകടത്തില്‍ മരിച്ചു. പാണ്ടി മുറ്റം സ്വദേശി വെള്ളിയത്ത് ഷാഫിയുടെ മകളും താനൂര്‍ നന്നമ്പ്ര എസ്എന്‍യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ഷഫ്ന ഷെറിന് ആണ് മരിച്ചത്.
താനൂര്‍ തയ്യാല പാണ്ടിമുറ്റത്ത് ഉച്ചയ്ക്ക് ഒരു മണിയോടെ ആണ് അപകടമുണ്ടായത്. സ്കൂള്‍ ബസില്‍ നിന്ന് ഇറങ്ങി റോഡ് മുറിച്ചു കടക്കുമ്പോള്‍ ഗുഡ്സ് ഓട്ടോ ഷഫ്നയെ ഇടിക്കുകയായിരുന്നു. ഗുരുതര പരുക്കുകളോടെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.