'സിഐ വേശ്യയെന്ന് വിളിച്ചു, പീഡനകാര്യം നാട്ടുകാരോട് മുഴുവന്‍ പറഞ്ഞു'; പോക്സോ കേസ് ഇരയുടെ ആത്മഹത്യകുറിപ്പ് പുറത്ത്
മലപ്പുറം തേഞ്ഞിപ്പാലത്ത് വാടകവീട്ടിലായിരുന്നു പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്
23 Jan 2022 5:50 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തേഞ്ഞിപ്പാലത്ത് ആത്മഹത്യ ചെയ്ത പോക്സോ കേസ് ഇരയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. മുമ്പും പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അന്ന് എഴുതിയ കത്താണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കത്തില്‍ സിഐക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പെണ്‍കുട്ടി ഉയര്‍ത്തിയിരിക്കുന്നത്.
സിഐ തന്നെ 'വേശ്യ'യെന്ന് വിളിച്ച് അപമാനിച്ചുവെന്നും തന്റെ അവസ്ഥക്ക് കാരണം കേസിലെ പ്രതികളും സിഐയും ആണെന്നും കത്തിലുണ്ട്. പീഡനവിവരം നാട്ടുകാരോട് മുഴുവന്‍ പറഞ്ഞ് പരത്തിയതിനാല്‍ തനിക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. സി ഐ പ്രതിശ്രുതവരനെ ഭീഷണിപ്പെടുത്തിയെന്നും മര്‍ദ്ദിച്ചുവെന്നും കത്തിലുണ്ട്. ഇനി തനിക്ക് ജീവിക്കേണ്ടതില്ലെന്നും കുറിപ്പില്‍ പെണ്‍കുട്ടി എഴുതിയിരുന്നു.
മലപ്പുറം തേഞ്ഞിപ്പാലത്ത് വാടകവീട്ടിലായിരുന്നു പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയോടൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. കോഴിക്കോട് രാമനാട്ടുകര സ്വദേശിയാണ് പെണ്‍കുട്ടി. 7 മാസം മുമ്പാണ് ബന്ധുക്കളുടെ ലൈംഗികാതിക്രമത്തിനെതിരെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. ഫറോക്ക്, കൊണ്ടോട്ടി സ്റ്റേഷനുകളിലായി 6 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
മുമ്പ് ആലുവയില്‍ ഗാര്‍ഹിക പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത നിയമവിദ്യാര്‍ത്ഥി മോഫിയ പര്‍വിനും, പരാതി നല്കിയ പൊലീസിനെതിരെ ഗുരുതര ആരോപണം ഉയര്‍ത്തിയിരുന്നു. ആലുവ സിഐസി എല്‍ സുധീറിനെതിരെയായിരുന്നു ആത്മഹത്യാക്കുറിപ്പില്‍ മോഫിയ വിമര്‍ശനം ഉയര്‍ത്തിയത്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ സുധീറിന്റെ പേര് ഉണ്ടായിരുന്നില്ല.