'മലപ്പുറം ജില്ലയിലെ വിദ്യാർത്ഥികളോട് വിവേചനം'; സംസ്ഥാന സർക്കാരിനെതിരെ സ്കൂൾ സുപ്രീം കോടതിയിൽ
25 July 2022 3:23 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡൽഹി: സംസ്ഥാന സർക്കാരിനെതിരെ ഹർജിയുമായി മലപ്പുറം മൂന്നിയൂർ എച്ച്എസ്എസ് സ്കൂൾ സുപ്രീം കോടതിൽ. ജില്ലയിലെ പത്താം ക്ലാസ് വിജയിച്ച വിദ്യാർഥികളോട് സർക്കാർ ഭരണഘടനാപരമായ വിവേചനം കാണിക്കുന്നുവെന്നാണ് ഹർജിയിലെ ആരോപണം. അധിക ബാച്ച് അനുവദിക്കണമെന്ന് ആശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് സർക്കാരിനെതിരെ സ്കൂളിന്റെ ആരോപണം.
മലപ്പുറം മൂന്നിയൂർ എച്ച്എസ്എസ്സിൽ പ്ലസ് വണ്ണിന് അധിക ബാച്ച് അനുവദിക്കണമെന്ന കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെ സ്കൂൾ മാനേജ്മെന്റ് സുപ്രീം കോടതിയിൽ നൽകിയ പ്രത്യേക അനുമതി ഹർജിയിലാണ് വിദ്യാർത്ഥികളോടുളള സംസ്ഥാന സർക്കാരിന്റെ നയം വിവേചനപരമെന്ന് ആരോപിച്ചിരിക്കുന്നത്.
2020- 21 അധ്യയന വർഷത്തിൽ 71,625 പേരാണ് ജില്ലയിൽ എസ്എസ്എൽസി പരീക്ഷ വിജയിച്ചത്. ഈ വർഷം അത് മുക്കാൽ ലക്ഷം കടന്നുവെന്നാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ജില്ലയിലുളള ആകെ പ്ലസ് വൺ സീറ്റുകളുടെ എണ്ണം 65,035 ആണ്. സ്റ്റേറ്റ് സിലബസ് കൂടാതെ, സിബിഎസ്ഇ, ഐസിഎസ്ഇ ഉൾപ്പടെ മറ്റ് സിലബസിൽ പഠിക്കുന്ന വിദ്യാർഥികൾ കൂടി പ്രവേശനം നേടുമ്പോൾ ജില്ലയിലെ ഏറിയ ശതമാനം വിദ്യാർഥികൾക്കും തുടർ പഠനം ബുദ്ധിമുട്ടാകുന്നുവെന്നാണ് സ്കൂൾ മാനേജർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ആരോപിച്ചിരിക്കുന്നത്.
ജില്ലയിൽ അധിക ബാച്ചുകൾ അനുവദിക്കാതെ നിലവിലുഉള്ള ബാച്ചുകളിൽ സീറ്റുകൾ വർധിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഇക്കാരണം കൊണ്ട് ഓരോ ക്ലാസിലും എഴുപതിലധികം വിദ്യാർഥികളാണ് പഠിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ മറ്റ് ജില്ലകളിൽ ഓരോ ക്ലാസിലും അമ്പതോളം വിദ്യാർത്ഥികൾ മാത്രമാണ് പഠിക്കുന്നത്. ഇത് ജില്ലയിലെ വിദ്യാർത്ഥികളോട് കാണിക്കുന്ന വിവേചനത്തിന്റെ ഉദാഹരണമായാണ് സ്കൂൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുളളത്.
STORY HIGHLIGHTS: Malappuram munniyur higher secondary school in Supreme Court against state government