Top

'മധ്യസ്ഥനായത് കോണ്‍ഗ്രസ് നേതാവ്, വാഗ്ദാനം പാലിച്ചില്ല'; ബിജെപി വിട്ട് മുന്‍ മലപ്പുറം നഗരസഭാധ്യക്ഷന്‍

'കേന്ദ്ര വഖഫ് കൗണ്‍സിലില്‍ ഡയറക്ടര്‍ സ്ഥാനം വാഗ്ദാനം ചെയ്തു'

3 March 2022 3:47 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മധ്യസ്ഥനായത് കോണ്‍ഗ്രസ് നേതാവ്, വാഗ്ദാനം പാലിച്ചില്ല; ബിജെപി വിട്ട് മുന്‍ മലപ്പുറം നഗരസഭാധ്യക്ഷന്‍
X

നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ച് ബിജെപി ബന്ധം അവസാനിപ്പിച്ച് മലപ്പുറം മുന്‍ നഗരസഭാധ്യക്ഷന്‍ സാധു റസാഖ്. ബിജെപി സംസ്ഥാന സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിലെ വാഗ്ദാനങ്ങളാണ് ബിജെപി പാലിക്കാത്തതെന്ന് സാധു റസാഖ് പറഞ്ഞു. കേന്ദ്ര വഖഫ് കൗണ്‍സിലില്‍ ഡയറക്ടര്‍ സ്ഥാനം വാഗ്ദാനം ചെയ്തുവെന്നും അതിനാലാണ് ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കുനാണ് ബിജെപി ആവശ്യപ്പെട്ടത്. ഇതിനായി മലപ്പുറത്തെ പ്രധാന കോണ്‍ഗ്രസ് നേതാവിന്റെ മധ്യസ്ഥതയില്‍ പാലക്കാട് വെച്ച് ബിജെപി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാറുമായും ബിസിനസുകാരനായ മോഹന്‍ജിയുമായും ചര്‍ച്ച നടത്തി. പാര്‍ട്ടിയില്‍ അംഗത്വമെടുക്കണ്ട, സഹയാത്രികന്‍ ആയാല്‍ മതി എന്ന് ഇവര്‍ നിര്‍ദ്ദേശിച്ചു. ഇതേക്കുറിച്ച് രണ്ട് മുസ്‌ലിം പണ്ഡിതരുമായി ചര്‍ച്ച നടത്തി. ഒഴുക്കിന് അനുകൂലമായി പോകുന്നതാണ് നല്ലത് എന്ന് അവര്‍ നിര്‍ദ്ദേശിച്ചുവെന്നും സാധു റസാഖ് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചോദിച്ചു. തനിക്ക് നല്‍കി വാക്ക് പാലിച്ചാല്‍ മത്സരിക്കാന്‍ തയ്യാറെന്ന് മറുപടി നല്‍കി. വ്യക്തിപരമായ നേട്ടത്തിനല്ല ഒരുപാട് പേര്‍ക്ക് വലിയ കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണ് ബിജെപിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായത്. മലപ്പുറത്ത് പാര്‍ട്ടിക്ക് വേരോട്ടമുണ്ടാക്കാന്‍ സഹായിക്കണമെന്ന് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പലവട്ടം സംസാരിച്ചിട്ടും തനിക്ക് വാക്ക് നല്‍കിയ കാര്യങ്ങള്‍ നടന്നില്ല. ഒരുവര്‍ഷം കഴിഞ്ഞപ്പോഴാണ് കാര്യങ്ങള്‍ മനസ്സിലാക്കിയത്. ഒരു പാര്‍ട്ടിയിലേയ്ക്കും പോകാന്‍ ആഗ്രഹിക്കുന്നില്ല. തയ്യാറുമല്ല. ചെയ്ത മഹാതെറ്റിന് ഖേദം പ്രകടിപ്പിക്കുന്നതായും ദുഃഖം രേഖപ്പെടുത്തുന്നതായും സാധു റസാഖ് പറഞ്ഞു.

ലീഗ് സഹയാത്രികനായിരുന്ന സാധു റസാഖ് സിഎംപി, ഐഎന്‍എല്‍ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടത് സ്വതന്ത്രനായി മലപ്പുറം നഗരസഭ കൗണ്‍സിലിലെത്തിയ ശേഷം ലീഗ് പിന്തുണയോടെയാണ് ചെയര്‍മാനായത്.

STORY HIGHLIGHTS: Malappuram Muncipality former Chairman quits BJP

Next Story