മതസൗഹാര്‍ദ കൂട്ടായ്മയില്‍ മലപ്പുറം; അയ്യപ്പ സേവാ ക്യാമ്പില്‍ സഹായവുമായി പുത്തന്‍പള്ളി ജാറം പരിപാലന കമ്മിറ്റി
കുറ്റിപ്പുറം അയ്യപ്പ സേവാ സംഘം മിനി പമ്പ അന്നദാന ക്യാമ്പിലേക്ക് അഞ്ച് ചാക്ക് അരിയുമായെത്തിയാണ് കമ്മിറ്റി മാതൃകയായത്
13 Dec 2022 2:17 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മലപ്പുറം: മത സൗഹാര്‍ദ സന്ദേശം നല്കി മാതൃകയായിരിക്കുകയാണ് പുത്തന്‍പള്ളി ജാറം പരിപാലന കമ്മറ്റി. കുറ്റിപ്പുറം അയ്യപ്പ സേവാ സംഘം മിനി പമ്പ അന്നദാന ക്യാമ്പിലേക്ക് അഞ്ച് ചാക്ക് അരിയുമായെത്തിയാണ് കമ്മിറ്റി മാതൃകയായത്. ഇതാദ്യമായല്ല ഇത്തരമൊരു സഹായം ഇവര്‍ ചെയ്യുന്നത്. കമ്മിറ്റി ഭാരവാഹികളെ അന്നദാന പന്തലില്‍ മുന്‍ രാജ്യസഭാംഗവും അന്നദാനം സ്വാഗതസംഘം ചെയര്‍മാനുമായ സി.ഹരിദാസ്, സ്വാഗത സംഘം ട്രഷറര്‍ ബാലചന്ദ്രന് മുല്ലപ്പുള്ളി ,കൃഷ്ണന് സി.കെ, മണി തവനൂര്‍ തുടങ്ങിയവര്‍ സ്വീകരിച്ചു.
പുത്തന്‍പള്ളി ജാറം പരിപാലന കമ്മറ്റി ഭാരവാഹികളായ പ്രസിഡന്റ് അഷ്റഫ് വിരിപ്പില്‍, സെക്രട്ടറി ഫൈസല്‍ തെക്കേപ്പുറം, ദീനി ചെയര്മാന് ഷക്കീര്‍ വിട്ടിലെ വളപ്പില്‍, സ്കൂള്‍ ചെയര്മാന് ഷബീര്‍ ചിറ്റത്തൊയില് തുടങ്ങിയ സംഘമാണ് മിനി പമ്പ അന്നദാന ക്യാമ്പില്‍ സൗഹാര്‍ദ്ധ സന്ദേശത്തിന്റെ അരിയുമായി വന്നത്
ഒരു ബഹുസ്വര സമൂഹത്തില്‍ എല്ലാ ജനവിഭാഗങ്ങളെയും ചേര്‍ത്തുപിടിക്കുന്ന മുഹൂര്‍ത്തങ്ങളാണ് ആഘോഷങ്ങള്‍. അവയെല്ലാം പൊതുസമൂഹം ഒന്നിച്ചാണ് ഏറ്റെടുക്കുന്നത് എന്നത് ഈ കാലത്തിന്റെ ഒരു നന്മയാണ്. വിശ്വാസപരമായി ഓരോ മതത്തിന്റെയും ആഘോഷങ്ങള്‍ക്ക് പിറകില്‍ പല ആചാര അനുഷ്ഠാനങ്ങളുമുണ്ടാകും. എന്നാല്‍ ഇവിടെയെല്ലാം പൊതുവായി പങ്കുവയ്ക്കുന്ന ചില സ്നേഹ സാഹോദര്യങ്ങളുണ്ട്. അവയിലൂടെയാണ് സമൂഹം പരസ്പരം കൈ കോര്‍ക്കുന്നത്.
Story Highlights: Puthanpally Jaram Management Committee with help in Ayyappa Seva Camp