ഭര്‍ത്താവും വീട്ടുകാരും പണം ചോദിച്ച് തല്ലും; മലപ്പുറത്ത് വീട്ടമ്മയുടെ ആത്മഹത്യ സംഭവത്തില്‍ പരാതി
പീഡനം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് ലിജിന ആത്മഹത്യ ചെയ്തതെന്ന് സഹോദരി ആരോപിച്ചു
12 Feb 2022 11:03 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മലപ്പുറം: മലപ്പുറം ജില്ലയിലെ വള്ളിക്കുന്നില്‍ വീട്ടമ്മ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതി. മരണപ്പെട്ട ലിജിനയുടെ സഹോദരിയാണ് ഭര്‍ത്താവിനും കുടുംബത്തിനും നേരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്. പണം ആവശ്യപ്പെട്ട് ലിജിനയെ ഭര്‍ത്താവും കുടുംബവും നിരന്തരം പീഡിപ്പിക്കാറുണ്ടെന്നും ശാരീരിക ഉപദ്രവം ഏല്‍പ്പിക്കാറുണ്ടെന്നും ബിജിന പറഞ്ഞു.
സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ലിജിനയുടെ കുടുംബം എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. വിവാഹ സമയത്ത് ലിജനയുടെ ഭര്‍ത്താവ് ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു. പിന്നീട് സ്വന്തമായി ബിസിനസ് ആരംഭിച്ചു. സാമ്പത്തികമായി മെച്ചപ്പെട്ടതോടെ, വിവാഹ സമയത്ത് നല്കിയതിനെക്കാള് കൂടുതല്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. പണവും സ്വര്‍ണ്ണവും നല്‍കാതിരുന്നതോടെ കൊടിയ പീഢനമാണ് ലിജിന നേരിട്ടതെന്ന് സഹോദരി പറയുന്നു.
പീഡനം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് ലിജിന ആത്മഹത്യ ചെയ്തതെന്ന് സഹോദരി ആരോപിച്ചു. സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് ചോദ്യം ചെയ്തേക്കും. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ചാലിയം സ്വദേശി ലിജിന ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്.
- TAGS:
- Suicide
- Domestic Violence