1000 പേർക്കുള്ള ഗ്രൗണ്ടിൽ എത്തിയത് 7000 പേർ; മലപ്പുറത്ത് ഗ്യാലറി തകർന്ന് വീണ സംഭവത്തിൽ സംഘാടകർക്കെതിരെ കേസ്
20 March 2022 8:11 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മലപ്പുറം: ഫുട്ബോള്‍ മത്സരത്തിനിടെ ഗ്യാലറി തകര്‍ന്ന് വീണ സംഭവത്തിൽ ടൂർണമെന്റ് കമ്മിറ്റിക്കെതിരെ കേസെടുത്തു. ആയിരം പേർക്ക് സൗകര്യമുള്ള ഗ്രൗണ്ടിൽ ഏഴായിരത്തോളം ആളുകളാണ് കളി കാണാൻ എത്തിയത്. മതിയായ സുരക്ഷാ സംവിധാനങ്ങൾ സ്വീകരിക്കാത്തിനെതിരെയാണ് സംഘാടകർക്കെതിരെ കാളികാവ് പൊലീസ് കേസെടുത്തത്. ഇന്നലെ രാത്രി മലപ്പുറം പൂങ്ങോടാണ് സംഭവം നടന്നത്.
സെവന്‍സ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് മത്സരം നടക്കുന്നതിനിടെയായിരുന്നു അപകടം. കളികാണാന്‍ നിരവധിപ്പേര്‍ എത്തിയതോടെ താല്‍ക്കാലിക ഗ്യാലറി തകര്‍ന്നു വീഴുകയായിരുന്നു.അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ വണ്ടൂര്‍, പെരിന്തൽമണ്ണ, മഞ്ചേരി, നിലമ്പൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
പൂങ്ങോട് ഫ്രണ്ട്സ് ക്ലബിന്റെ നേതൃത്വത്തിൽ ജനകീയ സമിതി നടത്തിയ ഫുട്ബോൾ മത്സരത്തിനിടെയാണ് താൽക്കാലികമായി നിർമ്മിച്ച ഗ്യാലറി തകർന്നത്. മുളയും കവുങ്ങും കൊണ്ട് നിർമ്മിച്ച ഗ്യാലറിയിൽ 100 രൂപ ടിക്കറ്റെടുത്ത് ആളുകൾ വലിയ തോതിൽ കയറി. അമിതഭാരം വന്നതോടെ ഗ്യാലറി പൊട്ടി വീണു. കഴിഞ്ഞ ഒരു മാസമായി നടന്നു വന്ന ടൂർണമെന്റിന്റെ ഫൈനൽ മത്സരമായിരുന്നു ഇന്നലെ. മത്സരം ആരംഭിക്കുന്നതിനു മുമ്പായിരുന്നു സംഭവമെന്നതിനാലാണ് കൂടുതല്‍ അപകടമൊഴിവായതെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു.
story highlight: Malappuram football stadium fall; police case against organizers
- TAGS:
- Malappuram
- football