ലീഗ് സ്വതന്ത്ര പിന്തുണച്ചു; ചുങ്കത്തറ പഞ്ചായത്ത് പിടിച്ചെടുത്ത് സിപിഐഎം
നേരത്തെ സിപിഐഎം- 10, മുസ്ലീം- ലീഗ്, കോണ്‍ഗ്രസ്-7 എന്നിങ്ങനെയായിരുന്നു കക്ഷിനില
27 April 2022 7:40 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മലപ്പുറം: 11 വര്‍ഷത്തിന് ശേഷം ചുങ്കത്തറ പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് സിപിഐഎം. മുസ്ലീം ലീഗ് സ്വതന്ത്ര എംകെ നജ്മുന്നീസയുടെ പിന്തുണയോടെയാണ് നേട്ടം. ഒമ്പതിനെതിരെ 11 വോട്ടുകള്‍ക്ക് ഇടത് പാനലില്‍ നിന്നും പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച നജ്മൂന്നിസ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്. യുഡിഎഫ് അംഗങ്ങളെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും പ്രസിഡണ്ട് തന്നിഷ്ടപ്രകാരം ഭരണം നടത്തുന്നുവെന്നും ആരോപിച്ചായിരുന്നു നജ്മൂന്നിസ ഇടതുപക്ഷത്തേക്ക് കളം മാറ്റുന്നത്.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരുപക്ഷത്തിനും തുല്ല്യസീറ്റ് ലഭിച്ചതോടെ യുഡിഎഫിന്റെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി വത്സമ്മ സെബാസ്റ്റ്യന്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. എന്നാല്‍ അവിശ്വാസത്തിലൂടെ അവരെ പുറത്താക്കിയതോടെ പഞ്ചായത്തില്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങി. തുടര്‍ന്ന് സിപിഐഎം നജ്മൂന്നിസയെ തന്നെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായും പ്രഖ്യാപിച്ചു. നിഷിദ മുഹമ്മദ് അലിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.
നേരത്തെ സിപിഐഎം- 10, മുസ്ലീം- ലീഗ്, കോണ്‍ഗ്രസ്-7 എന്നിങ്ങനെയായിരുന്നു കക്ഷിനില. നജ്മുന്നീസ കളംമാറിയതോടെ 20 സീറ്റുകളില്‍ സിപിഐഎം 11, ലീഗ് 2, കോണ്‍ഗ്രസ് 7 എന്നിങ്ങനെയായി കക്ഷിനില.