Top

'പദവി ഒഴിഞ്ഞാല്‍ കമ്മീഷന്‍ നില്‍ക്കും, അല്ലെങ്കില്‍ കാലുമാറണം'; ഓഡിയോ സംഭാഷണം പുറത്ത്; പഞ്ചായത്ത് പ്രസിഡണ്ട് രാജിവെച്ചു

ഡിസിസി വൈസ് പ്രസിഡന്റ് കെ സി കുഞ്ഞിമുഹമ്മദ്, ജനറല്‍ സെക്രട്ടറി അജീഷ് എടയാലത്ത് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം നടത്തിയ അന്വേഷണത്തില്‍ ഷൗക്കത്തിന് തെറ്റുപറ്റിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.

15 Dec 2022 2:03 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പദവി ഒഴിഞ്ഞാല്‍ കമ്മീഷന്‍ നില്‍ക്കും, അല്ലെങ്കില്‍ കാലുമാറണം; ഓഡിയോ സംഭാഷണം പുറത്ത്; പഞ്ചായത്ത് പ്രസിഡണ്ട് രാജിവെച്ചു
X

കാളികാവ്: ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജിവെച്ച് കോണ്‍ഗ്രസ് നേതാവ് ചൂരപ്പിലാന്‍ ഷൗക്കത്ത്. പഞ്ചായത്തില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ നിന്നും കമ്മീഷന്‍ ലഭിക്കുന്നുണ്ടെന്ന് ഭാര്യയോട് പറയുന്നതിന്റെ ഓഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് രാജി. ശ്ബദം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതോടെ ഡിസിസി പ്രസിഡന്റ് വി എസ് ജോയ് രാജിവെക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

'പ്രസിഡന്റ് പദവി ഒഴിഞ്ഞാല്‍ ഇപ്പോള്‍ കിട്ടികൊണ്ടിരിക്കുന്ന കമ്മീഷന്‍ നഷ്ടമാകും. വരുമാനം നിലനിര്‍ത്തണമെങ്കില്‍ കാലുമാറണം, അത് മോശവുമാണ്.' എന്ന് ഭാര്യയോട് ഫോണില്‍ ഷൗക്കത്ത് പറഞ്ഞതായാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഷൗക്കത്ത് ഉള്‍പ്പെട്ട പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ഗ്രൂപ്പിലാണ് ഇത് ആദ്യം എത്തിയത്. അബദ്ധം മനസ്സിലാക്കി ഓഡിയോ പിന്‍വലിച്ചിരുന്നെങ്കിലും ചെറിയ സമയത്തിനുള്ളില്‍ സംഭവം ചര്‍ച്ചയായി മാറികഴിഞ്ഞിരുന്നു.

ഡിസിസി വൈസ് പ്രസിഡന്റ് കെ സി കുഞ്ഞിമുഹമ്മദ്, ജനറല്‍ സെക്രട്ടറി അജീഷ് എടയാലത്ത് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം നടത്തിയ അന്വേഷണത്തില്‍ ഷൗക്കത്തിന് തെറ്റുപറ്റിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ധാരണപ്രകാരം പ്രസിഡന്റ് പദവി ആദ്യ രണ്ടര വര്‍ഷം കോണ്‍ഗ്രസിനും അടുത്ത രണ്ടര വര്‍ഷം ലീഗിനുമാണ്. ഷൗക്കത്തിന് ആറ് മാസം കൂടി കാലാവധി ഉണ്ടെന്നിരിക്കെയാണ് രാജി. പതിനെട്ടംഗ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ഒരു വിമതന്‍ അടക്കം എട്ട് അംഗങ്ങളാണുള്ളത്. മുസ്ലീം ലീഗിന് മൂന്നും സിപിഐഎമ്മിന് ആറും അംഗങ്ങളും എസ്ഡിപിഐക്ക് ഒരംഗവുമാണുള്ളത്.

Story Highlights: malappuram chokkad panachayath president resigned

Next Story