Top

യുഡിഎഫ് പിന്തുണച്ചില്ല; മലമ്പുഴയില്‍ സിപിഐഎമ്മിനെതിരായ ബിജെപി അവിശ്വാസം പരാജയപ്പെട്ടു

സിപിഐഎം ഭരിക്കുന്ന പാലക്കാട് മലമ്പുഴ പഞ്ചായത്തില്‍ ബിജെപി അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

21 Oct 2022 10:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുഡിഎഫ് പിന്തുണച്ചില്ല; മലമ്പുഴയില്‍ സിപിഐഎമ്മിനെതിരായ ബിജെപി അവിശ്വാസം പരാജയപ്പെട്ടു
X

പാലക്കാട്: സിപിഐഎം ഭരിക്കുന്ന പാലക്കാട് മലമ്പുഴ പഞ്ചായത്തില്‍ ബിജെപി അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. യുഡിഎഫ് അംഗങ്ങള്‍ വിട്ടു നിന്നതോടെ അഞ്ചിനെതിരെ ആറ് വോട്ടുകള്‍ക്ക് അവിശ്വാസം പരാജയപ്പെട്ടത്. ഭരണപക്ഷം അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്നു എന്ന് ആരോപിച്ചാണ് അവിശ്വാസം കൊണ്ടുവന്നത്.

എല്‍ഡിഎഫ് 6, ബിജെപി 5, കോണ്‍ഗ്രസ് 2 എന്നിങ്ങനെയാണ് മലമ്പുഴ പഞ്ചായത്തിലെ കക്ഷിനില, കോണ്‍ഗ്രസ് പിന്തുണച്ചാല്‍ ഇടതുപക്ഷത്തിന്റെ ഭരണം വീഴുമെന്ന നിലയിലായിരുന്നു ബിജെപി അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്, എന്നാല്‍ രാവിലെ പഞ്ചായത്തില്‍ എത്തിയ കോണ്‍ഗ്രസിന്റെ രണ്ടംഗങ്ങള്‍ പെട്ടെന്ന് ഇറങ്ങി പോയി. ഇതോടെ ബിജെപി അവതരിപ്പിച്ച അവിശ്വാസ പ്രമേയം അഞ്ചനെതിരെ ആറ് വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. തുടര്‍ന്ന് ബിജെപി അംഗങ്ങള്‍ പഞ്ചായത്തിനു മുന്നില്‍ മുദ്രാവാക്യം മുഴക്കി.

ജനങ്ങള്‍ക്ക് മുന്‍പില്‍ തങ്ങള്‍ വിജയിച്ചു എന്നും കോണ്‍ഗ്രസ് സിപിഐഎം കൂട്ടു കച്ചവടവും, ഇടതുപക്ഷത്തിന്റെ അഴിമതിയും ഭജനപക്ഷപാതവും തുറന്നു കാണിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും ബിജെപി അംഗങ്ങള്‍ പറഞ്ഞു. ഇത് കേരളമാണെന്നും ബിജെപിയുടെ കടന്നുകയറ്റം അനുവദിക്കില്ല എന്നും പഞ്ചായത്ത് പ്രസിഡണ്ട് രാധികയും പ്രതികരിച്ചു. നാളെ വൈസ് പ്രസിഡണ്ടിനെതിരെയുള്ള അവിശ്വാസ പ്രമേയ വോട്ടെടുപ്പും നടക്കും.

Next Story