Top

'നാടുകടത്തേണ്ട വിദേശപൗരന്മാരെ ജയിലിലേക്കയക്കില്ല'; ട്രാൻസിറ്റ് ഹോമുകൾ ആരംഭിക്കും

ട്രാൻസിറ്റ് ഹോമുകളിൽ താമസിപ്പിക്കുന്ന അന്തേവാസികളെ ശിക്ഷിക്കപ്പെട്ട തടവുകാരായിട്ടല്ല പരി​ഗണിക്കുക.

6 Sep 2022 2:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാടുകടത്തേണ്ട വിദേശപൗരന്മാരെ ജയിലിലേക്കയക്കില്ല; ട്രാൻസിറ്റ് ഹോമുകൾ ആരംഭിക്കും
X

‌തിരുവനന്തപുരം: നാടുകടത്തേണ്ട വിദേശപൗരന്മാരെ താമസിപ്പിക്കാൻ ട്രാൻസിറ്റ് ഹോമുകൾ തുടങ്ങും. ഇവരെ ഇനി ജയിലുകളിലേക്കയക്കില്ല. വീടിനേതിന് സമാനമായ അന്തരീക്ഷത്തിലായിരിക്കും ട്രാൻസിറ്റ് ഹോമുകൾ നിർ‌മ്മിക്കുക. ഇവ സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ കീഴിലാകും. അന്താരാഷ്ട്ര വിമാനത്താവളങ്ങൾ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലായിരിക്കും ട്രാൻസിറ്റ് ഹോമുകൾ നിർമ്മിക്കുക.

ട്രാൻസിറ്റ് ഹോമുകളിൽ താമസിപ്പിക്കുന്ന അന്തേവാസികളെ ശിക്ഷിക്കപ്പെട്ട തടവുകാരായിട്ടല്ല പരി​ഗണിക്കുക. അന്തേവാസികളുടെ സുരക്ഷയും ജീവിതനിലവാരവും നിലനിർത്തുന്നതിന് വേണ്ട സൗകര്യങ്ങൾ ട്രാൻസിറ്റ് ഹോമുകളിൽ ഏർപ്പെടുത്തും. തടവുകരായ വിദേശ പൗരന്മാർക്കായി ട്രാന്‍സിറ്റ് ഹോമുകളോ തടങ്കല്‍ കേന്ദ്രങ്ങളോ ഹോള്‍ഡിങ് സെന്ററുകളോ സ്ഥാപിക്കണമെന്ന കേന്ദ്ര നിര്‍ദേശത്തെത്തുടര്‍ന്നാണ് ട്രാൻസിറ്റ് ഹോം നിർമ്മിക്കാൻ തീരുമാനമായത്.

ട്രാൻസിറ്റ് ഹോമുകളിൽ എ സി, ജനറേറ്റര്‍ സഹിതമുള്ള വൈദ്യുതി, ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള വിനിമയ സൗകര്യങ്ങള്‍, ഷെഫും അടുക്കളയും, ലോക്കര്‍, കുടുംബാംഗങ്ങളെ കാണാനും സ്വന്തം രാജ്യവുമായി ബന്ധപ്പെടാനുമുള്ള സൗകര്യം എന്നിവയെല്ലാം ഏർപ്പെടുത്തും. അന്തേവാസികളുടെ പരാതികൾ കൈകാര്യം ചെയ്യാൻ ജില്ലാ മജിസ്ട്രേറ്റ് അധ്യക്ഷനായ സമിതി രൂപീകരിക്കും. 18 വയസ്സുവരെയുള്ള കുട്ടികളെ അമ്മമാരോടൊപ്പം തന്നെ താമസിപ്പിക്കാനുമാണ് തീരുമാനം.

അനധികൃത കുടിയേറ്റക്കാര്‍, വിദേശ സര്‍ക്കാരിന്റെ യാത്രാരേഖകള്‍ നല്‍കാത്തവര്‍, വിമാനടിക്കറ്റ് ക്രമീകരിക്കുന്നതിലെ കാലതാമസം കാരണം ശിക്ഷാകാലയളവ് പൂര്‍ത്തിയാക്കിയതോ, കോടതി വെറുതേവിട്ടതോ, നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ കാത്തിരിക്കുന്നതോ ആയ വിദേശികള്‍, വ്യാജയാത്രാ രേഖകള്‍ ചമച്ച് വരുകയും അടിയന്തര ചികിത്സാ ആവശ്യം കരുതി ലാന്‍ഡ് ചെയ്യാന്‍ അനുവദിക്കുകയും ചികിത്സ കഴിഞ്ഞ് യാത്രാരേഖകള്‍ക്കായി കാത്തിരിക്കുകയും ചെയ്യുന്നവര്‍, നാടുകടത്തലിന് വിധേയരാക്കപ്പെട്ട വിദേശികള്‍, വിസാ കാലാവധി കഴിഞ്ഞും തങ്ങുന്നവര്‍, വിസപ്രകാരം അനുവദനീയമല്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍, സംശയാസ്പദമായ പശ്ചാത്തലത്തിലോ അക്രമാസക്തമായ പെരുമാറ്റത്തിലെ തടവിലാക്കപ്പെട്ട വിദേശികള്‍ എന്നിവരെയാണ് ട്രാന്‍സിറ്റ് ഹോമുകളില്‍ താമസിപ്പിക്കുക.

STORY HIGHLIGHTS: make transit homes for deportable foreign nationals

Next Story