Top

'നിന്റെ ബംസിന് ഇത്ര വെയ്റ്റ് ഉണ്ടോടാ?‌'; സിനിമയിലെ ദേശീയഗാനം കേട്ട് എഴുന്നേൽക്കാത്തയാളെ തല്ലിയെന്ന് മേജർ രവി

'ഭാര്യയും ഭർത്താവും കഴിക്കുന്ന പോപ്‌കോൺ സിനിമയുടെ അവസാനമായിട്ടും കഴിഞ്ഞിട്ടില്ല. അപ്പോൾ മനസ്സിലായല്ലോ എന്തുകൊണ്ടാണ് ഈ തടി ഇങ്ങനെയിരിക്കുന്നത് എന്ന്'

18 July 2022 11:29 AM GMT
ഫിൽമി റിപ്പോർട്ടർ

നിന്റെ ബംസിന് ഇത്ര വെയ്റ്റ് ഉണ്ടോടാ?‌; സിനിമയിലെ ദേശീയഗാനം കേട്ട് എഴുന്നേൽക്കാത്തയാളെ തല്ലിയെന്ന് മേജർ രവി
X

മലയാള സിനിമയിൽ പട്ടാള ചിത്രങ്ങൾ കൊണ്ട് ശ്രദ്ധേയനായ സംവിധായകനാണ് മേജർ രവി. അദ്ദേഹത്തിന്റെ ചില നിലപാടുകളും പരാമർശങ്ങളും വിമർശനങ്ങൾക്ക് കാരണമാകാറുണ്ട്. ഇപ്പോഴിതാ ദേശീയഗാനം കേട്ട് എഴുന്നേൽക്കാത്തതിന് ഒരാളെ തല്ലിയെന്ന മേജർ രവിയുടെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്.

ഭാര്യയ്‌ക്കൊപ്പം തിയേറ്ററിലിരുന്ന് സിനിമ കാണുന്നതിനിടയിലാണ് ഒരാളെ ശാരീരികമായി കയ്യേറ്റം ചെയ്തതെന്ന് മേജര്‍ രവി പറയുന്നു. സിനിമയുടെ അവസാന ഭാഗത്ത് ദേശീയഗാനം ആലപിക്കുന്നുണ്ട്. തിയറ്ററിലിരുന്നവര്‍ ദേശീയ ഗാനം കേട്ട് എഴുന്നേറ്റപ്പോള്‍, ഒരാള്‍ എഴുന്നേറ്റില്ലെന്നും ഇയാളെ താന്‍ ശാരീരികമായി കൈകാര്യം ചെയ്തുവെന്നും മേജര്‍ രവി വെളിപ്പെടുത്തി. അമൃത ടി.വിയില്‍ സംപ്രേക്ഷണം ചെയ്യുന്ന 'ആനീസ് കിച്ചണ്‍' എന്ന പരിപാടിക്കിടെയാണ് സംവിധായകന്റെ തുറന്നുപറച്ചില്‍. ആ വ്യക്തിയെ മേജർ രവി ശാരീരികമായും അധിക്ഷേപിക്കുന്നുണ്ട്.

മേജർ രവിയുടെ വാക്കുകൾക്ക് എതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ വിമർശനം ഉയർന്നിട്ടുണ്ട്. സിനിമ തിയേറ്ററുകളിൽ ദേശീയഗാനം കേൾക്കുമ്പോൾ എഴുന്നേൽക്കണമോ വേണ്ടയോ എന്നത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ് എന്ന് പലരും അഭിപ്രായപ്പെട്ടു. മേജർ രവി നടത്തിയത് ശാരീരിക അധിക്ഷേപമാണ് എന്നും ഇത്തരം വാക്കുകൾക്ക് മാപ്പ് പറയണമെന്നും പ്രേക്ഷകർ പ്രതികരിച്ചു.

മേജർ രവിയുടെ വാക്കുകൾ:

നാല്- അഞ്ച് മാസം മുൻപ് ഒരു ഹിന്ദി പടം വന്നു. എന്റെ ഭാര്യയും സിനിമ കാണാൻ വന്നിരുന്നു. സിനിമയുടെ അവസാനം ജനഗണമന ഉണ്ടായിരുന്നു. എല്ലാവരും എഴുന്നേറ്റു. അതിൽ ആദ്യമേ കാണിക്കുന്നുണ്ട് സിനിമയുടെ ഭാഗമായാണ് ജനഗണമന എന്നും ദയവായി എഴുന്നേൽക്കൂ എന്നും. ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. എന്റെ മുൻപിൽ ഇരിക്കുന്ന ഒരു തടിയൻ, ഒന്നാമത് എനിക്ക് ഈ ശരീരം പരിപാലിക്കാത്തവരെ കണ്ട് കഴിഞ്ഞാൽ ഭയങ്കര പ്രശ്നമാണ്. ഇവർ ഭാര്യയും ഭർത്താവും കഴിക്കുന്ന പോപ്‌കോൺ സിനിമയുടെ അവസാനമായിട്ടും കഴിഞ്ഞിട്ടില്ല. അപ്പോൾ മനസ്സിലായല്ലോ എന്തുകൊണ്ടാണ് ഈ തടി ഇങ്ങനെയിരിക്കുന്നത് എന്ന്. പടം തീരാറായി എന്നിട്ടും പോപ്‌കോണിന്റെ വലിയ ബക്കറ്റ് അവിടെ ഇരിപ്പുണ്ട്.

ഞങ്ങൾ എല്ലാവരും എഴുന്നേറ്റു. ഇവനും ഭാര്യയും എഴുന്നേൽക്കുന്നില്ല. ഈ 53 സെക്കന്റ് ഒന്നും ചെയ്യാൻ പാടില്ല. ഞാൻ അങ്ങനെ വെയ്റ്റ് ചെയ്തു. ഇത് കഴിഞ്ഞപ്പോൾ സീറ്റിന്റെ മുകളിലേക്ക് ഒറ്റ ചവിട്ട് അങ്ങ് വെച്ച് കൊടുത്തു. അപ്പോൾ അവൻ എഴുന്നേറ്റു. അടിക്കാനുള്ള സ്പേസ് വേണമല്ലോ, അതുകൊണ്ട് പുറത്തേക്ക് പോയി. ഞാൻ ഹിന്ദിയിൽ അങ്ങ് തുടങ്ങി. നിൻ്റെ ബംസിന് ഇത്ര വെയ്റ്റ് ഉണ്ടോടാ ഇത് കേൾക്കുമ്പോൾ നിനക്ക് എഴുന്നേൽക്കാൻ എന്താണ് ബുദ്ധിമുട്ട്. അതിൽ പിക്ച്ചറിൽ അല്ലേ എന്ന് അവൻ ചോദിച്ചു. പിക്ച്ചറിൽ അല്ല നിന്റെ സ്വപ്നത്തിൽ കേട്ടാൽ പോലും എഴുന്നേൽക്കണം എന്നും പറഞ്ഞു കൊടുത്തു ഒരെണ്ണം.


story highlights: major ravi says that he beat the person who did not get up after hearing the national anthem in the movie

Next Story