Top

'തീവ്രവാദികള്‍ വന്ന് നാല് വര്‍ഷത്തെ ട്രെയ്‌നിങ്ങ് കഴിഞ്ഞ് പുറത്ത് പോയാല്‍ അപകടം'; 'അഗ്നിപഥി'നെതിരെ മേജര്‍ രവി

17 Jun 2022 7:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തീവ്രവാദികള്‍ വന്ന് നാല് വര്‍ഷത്തെ ട്രെയ്‌നിങ്ങ് കഴിഞ്ഞ് പുറത്ത് പോയാല്‍ അപകടം; അഗ്നിപഥിനെതിരെ മേജര്‍ രവി
X

കൊച്ചി: അ​ഗ്നിപഥ് പദ്ധതിക്കെതിരെ മേജർ രവി. ദേശീയ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന പദ്ധതിയാണിതെന്നും ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൈന്യത്തിൽ അ​​ഗ്നിപഥ് റിക്രൂട്ട്മെന്റ് മൂലം ഉണ്ടാവുമെന്നും മേജർ രവി റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. രാജ്യസുരക്ഷ, നാല് വർഷത്തേക്ക് മാത്രമുള്ള സേവന കാലയളവ് എന്നിവ ചൂണ്ടിക്കാട്ടിയാണ് മേജർ രവിയുടെ വിമർശനം.

അ​ഗ്നിപഥിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ടെക്നിക്കൽ മികവ് കുറഞ്ഞ കാലം കൊണ്ട് ഉണ്ടാക്കിക്കൊടുക്കാൻ പറ്റില്ല. നാലു വർഷത്തേക്ക് സൈന്യത്തിൽ ആരൊക്കെ വരുമെന്നതും ചോദ്യമാണ്. തീവ്രവാദ ​ഗ്രൂപ്പുകളിൽ നിന്നും ആളുകൾ ഇതിലേക്ക് വന്ന് നാല് വർഷത്തെ ട്രെയ്നിം​ഗ് കഴിഞ്ഞ് പുറത്തേക്ക് പോയാൽ അപകടമാവും. പുറമെ നിന്ന് നോക്കുമ്പോൾ പദ്ധതിയിലെ മെച്ചം പെൻഷൻ കൊടുക്കേണ്ട എന്നതാണ്. പക്ഷെ നാല് വർഷത്തെ വേതനവും തിരിച്ചു വരുമ്പോൾ നൽകുന്ന തുകയും കൂട്ടിയാൽ 33 ലക്ഷം രൂപ ഒരു സൈനികന് ചെലവ് വരും. വിദേശ രാജ്യങ്ങളിൽ സമാന റിക്രൂട്ട്മെന്റ് ചെയ്യുന്നുണ്ടെങ്കിലും അവിടെ അവർ സ്ഥിര സൈനികരുടെ എണ്ണം കുറയ്ക്കുന്നില്ല. പക്ഷെ ഇവിടെ സ്ഥിരം സൈനികരുടെ എണ്ണം കുറയ്ക്കുമെന്നാണ് ഞാൻ മനസ്സിലാക്കിയതെന്നും മേജർ രവി അഭിപ്രായപ്പെട്ടു.

നാല് വർഷത്തേക്ക് വരുന്നവരിൽ ചിലർക്ക് രണ്ട് മാസം കഴിയുമ്പോൾ മനസ്സിലാവും ഞാനിവിടെ ഫിറ്റാവില്ലെന്ന്. അപ്പോൾ അത്തരക്കാർ ശമ്പളത്തിന് വേണ്ടി മാത്രം അവിടെ ജോലി ചെയ്തേക്കും. ഈ സമയത്ത് ഒരു യുദ്ധം വന്നാൽ എന്ത് ചെയ്യും. ചൈനയുമായി ഇന്ത്യക്ക് പ്രശ്നങ്ങളുള്ള സമയമാണിത്. മികച്ച യുദ്ധ സമാ​ഗ്രികൾ വേണമെന്നത് ആവശ്യം തന്നെയാണ്. പക്ഷെ ഈ സാമ​ഗ്രികൾ ഉപയോ​ഗിക്കാനുള്ള വൈദ​ഗ്ധ്യം നാല് വർഷത്തക്ക് വരുന്നവർക്ക് ഉണ്ടാവുമോ. ഒരു മിസൈൽ ട്രെയ്നിം​ഗ് എന്നൊക്കെ പറയുന്നതിന് ഒരുപാട് സമയമെടുക്കുമെന്നും മേജർ രവി ചൂണ്ടിക്കാട്ടി.

എന്നാൽ എതിർപ്പിന്റെ പേരിൽ നടക്കുന്ന കലാപ ശ്രമങ്ങളെ അം​ഗീകരിക്കാൻ പറ്റില്ലെന്നും ബിഹാറിൽ നടക്കുന്ന സംഘർഷത്തിന് പിന്നിൽ അവിടത്തെ പ്രി റിക്രൂട്ട്മെന്റ് ഏജൻസികളുടെ മാഫിയയാണെന്നും മേജർ രവി പറഞ്ഞു. 'കലാപം ഉണ്ടാക്കുന്നവരെ ഒരിക്കലും വിടാൻ പറ്റില്ല. ട്രെയ്നടക്കം കത്തുന്ന സമയത്ത് നമുക്ക് ചങ്കിടിപ്പാണ്. നമ്മൾ നികുതി കൊടുക്കുന്ന പൊതുമുതൽ നശിപ്പിക്കുന്നത് ഒരിക്കലും വെച്ചു പൊറുപ്പിക്കാൻ പറ്റില്ല, മേജർ രവി പറഞ്ഞു.

പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്നയാളാണെങ്കിലും അ​ഗ്നിപഥിൽ അദ്ദേഹത്തിന് പിഴവ് പറ്റിയെന്നാണ് കരുതുന്നതെന്നും മേജർ രവി അഭിപ്രായപ്പെട്ടു. 'ഇതിനകത്ത് ​ഗൗരവമായ ചർച്ച നടത്തേണ്ടത് വിരമിച്ച ആർമി ചീഫുകളും വൈസ് ചീഫുകളുമാണ്. ഇവരൊക്കെ പ്ലാനിം​ഗിൽ അ​ഗ്ര ​ഗണ്യരാണ്. അവർ പ്രധാനമന്ത്രിയെ പറഞ്ഞ് മനസ്സിലാക്കണം. അല്ലാതെ സെക്രട്ടറിക്കും പട്ടാളത്തിനെക്കുറിച്ച് ഒന്നും അറിയില്ല. ഇവരിലെത്ര പേർ സിയാച്ചിനിലോ ​ഗൽവാൻ മേഖലയിലോ പോയിട്ടുണ്ട്. കുറഞ്ഞത് പ്രധാനമന്ത്രി എല്ലാ ദീപാവലിക്കും അവിടെ പോവുന്നതാ. എന്നിട്ടും അദ്ദേഹത്തിനിത് മനസ്സിലായില്ലേ. ഇവിടെ ഒരു പേപ്പറു കൊണ്ടങ്ങ് സമർപ്പിച്ച് ​ഗുണകരമാണെന്ന് പറഞ്ഞാൽ ​ഗുണമല്ല ഇതിൽ ദേശീയ സുരക്ഷ ഉൾപ്പെട്ടിട്ടുണ്ടെന്ന് തുറന്ന് പറയാൻ ചങ്കൂറ്റമുള്ള സ്റ്റാഫുകൾ കൂടെ വേണം,' മേജർ രവി പറഞ്ഞു.

story highlight: major Ravi says Agnipath will cause serious damage to Indian army

Next Story

Popular Stories