കമ്പനിയില്‍ ഡയറക്ടര്‍ പദവി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; മേജര്‍ രവിക്ക് മുന്‍കൂര്‍ ജാമ്യം
ജാമ്യം ലഭിക്കാന്‍ 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുളള രണ്ട് ആള് ജാമ്യവും നല്‍കണമെന്ന് കോടതി പറഞ്ഞു
20 Oct 2022 3:44 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: സ്വകാര്യ കമ്പനിയില്‍ ഡയറക്ടര്‍ സ്ഥാനം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസില്‍ സംവിധായകനും മേജര്‍ രവിക്ക് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസിലുള്‍പ്പെട്ട തണ്ടര്‍ ഫോഴ്സ് കമ്പനിയുടെ എംഡി അനില്‍കുമാറിനും മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. ജോലി വാഗ്ദാനം ചെയ്ത് അമ്പലപ്പുഴ സ്വദേശിയായ എം ഷൈനില്‍ നിന്ന് 1.75 കോടി രൂപ വാങ്ങി കബളിപ്പിച്ചുവെന്നാണ് കേസ്.
വ്യഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ കീഴടങ്ങണമെന്ന് പ്രതികളോട് കോടതി ഉത്തരവിട്ടു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടണമെന്നും ജസ്റ്റിസ് വിജു എബ്രഹാം നിര്‍ദേശിച്ചു. കേസിന്റെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യം ലഭിക്കാന്‍ 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുളള രണ്ട് ആള് ജാമ്യവും നല്‍കണമെന്ന് കോടതി പറഞ്ഞു.
ബംഗളൂരുവിലെ ബിസിനസ് നോക്കിയിരുന്ന ഡയറക്ടര്‍മാരിലൊരാളായ അംജദ് കമ്പനിയുടേയും തങ്ങളുടേയും 1.80 കോടി രൂപ കൈപ്പറ്റിയതിനെ തുടര്‍ന്ന് ഇയാളെ പദവിയില്‍ നിന്ന് നീക്കാന്‍ കമ്പനി രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കിയിരുന്നുവെന്ന് മേജര്‍ രവി കോടതിയെ അറിയിച്ചു. പരാതിക്കാരനായ എം ഷൈനിന്റെ അക്കൗണ്ടിലൂടെയാണ് അംജദ് പണം തിരികെ തന്നതെന്നും മേജര്‍ രവി കോടതിയില്‍ പറഞ്ഞു.
എന്നാല്‍ കേസില്‍ കക്ഷി ചേര്‍ന്ന ഷൈന്‍ ഈ വാദം തളളി. പ്രതികളുമായി ഏതെങ്കിലും കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ഹാജരാക്കാന്‍ പരാതിക്കാരനോട് ആവശ്യപ്പെട്ടിരുന്നു. ഇതുവരെ രേഖകള്‍ ഹാജരാക്കിയിട്ടില്ലെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.
STORY HIGHLIGHTS: Major Ravi get Anticipatory bail in money fraud case
- TAGS:
- Major Ravi
- KOCHI
- Police