Top

'ഇംഗ്ലീഷ് സംസ്‌കാരത്തില്‍ ബര്‍ത്ഡേ മെഴുകുതിരിക്കൊപ്പം ഊതിക്കെടുന്നത് കുട്ടികളുടെ ഭാവി'; കേസരി ഗവേഷണ കേന്ദ്രത്തില്‍ കെഎന്‍എ ഖാദര്‍ പ്രസംഗിച്ചത്

'എല്ലാ മതങ്ങളേയും അംഗീകരിക്കുന്നതാണ് ഭാരതീയ ദര്‍ശനം'

21 Jun 2022 4:59 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇംഗ്ലീഷ് സംസ്‌കാരത്തില്‍ ബര്‍ത്ഡേ മെഴുകുതിരിക്കൊപ്പം ഊതിക്കെടുന്നത് കുട്ടികളുടെ ഭാവി; കേസരി ഗവേഷണ കേന്ദ്രത്തില്‍ കെഎന്‍എ ഖാദര്‍ പ്രസംഗിച്ചത്
X

കോഴിക്കോട്: രാജ്യത്തെ എല്ലാ വിഭാഗങ്ങളും രാഷ്ട്ര പുരോഗതിക്ക് വേണ്ടി ഒരുമിച്ച് നില്‍ക്കേണ്ട സമയമാണ് ഇതെന്ന് മുസ്‌ലിം ലീഗ് നേതാവ് കെഎന്‍എ ഖാദര്‍. പഴയതില്‍ നിന്നും ഭിന്നമായി സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്ന കാലമാണിതെന്നും സാമാധാനം നിലനില്‍ക്കലാണ് ഏറ്റവും അത്യാവശ്യമെന്നും അദ്ദേഹം കോഴിക്കോട് കേസരി ഭവനില്‍ നടന്ന ബുദ്ധ പ്രതിമ അനാച്ഛാദന ചടങ്ങില്‍ പറഞ്ഞു.

എല്ലാ മതങ്ങളേയും അംഗീകരിക്കുന്നതാണ് ഭാരതീയ ദര്‍ശനം. എല്ലാം പരസ്പരം അറിയാനും മനസ്സിലാക്കാനും നമുക്ക് സാധിച്ചാല്‍ വളരെ നന്നായിരിക്കും. ഭാരതീയതയുടെ അഭിമാനം വര്‍ധിക്കുവാനും, ലോകാസമസ്താ സുഖിനോ ഭവന്തു എന്ന യഥാര്‍ത്ഥ നിലവാരത്തിലേക്ക് കൊണ്ടുവരാനും നമുക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഗുരുവായൂരില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ഞാന്‍ സംഘിയാണെന്നും മുസ്‌ലിം തീവ്രവാദിയാണെന്നും നിരീശ്വരവാദിയാണെന്നുമെല്ലാം പ്രചാരണം നടന്നു. ഇംഗ്ലീഷുകാരുടെ സംസ്‌കാരം നമ്മള്‍ സ്വീകരിച്ച് നമ്മുടെ സംസ്‌കാരത്തിന് പരുക്കേല്‍ക്കുന്നുണ്ട്. പിറന്നാള്‍ ആഘോഷിക്കുന്നത് വാങ്ങിച്ചുകൊണ്ടുവെച്ച്, മെഴുക് തിരി കൊളുത്തിവെച്ച്, അത് ദീപമായി പ്രകാശിച്ചുകൊണ്ടിരിക്കുമ്പോള്‍ എല്ലാരും ഹാപ്പി ബര്‍ത്ത് ഡേ എന്ന് പറഞ്ഞിട്ട് എല്ലാ വെളിച്ചവും ഊതിക്കെടുത്തുകയാണ്. കുട്ടിയുടെ ഭാവി നശിച്ച് പോകട്ടെ എന്നാണ് അതിന്റെ അര്‍ത്ഥം. ഭാരതീയ സംസ്‌കാരത്തിന്റെ എതിരാണ് അത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇതുപോലെ ആവശ്യമില്ലാത്ത പലതും നമ്മള്‍ ആവാഹിച്ചിട്ടുണ്ട്', കെഎന്‍എ ഖാദര്‍ പറഞ്ഞു.

കെഎന്‍എ ഖാദറിന്റെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:

എല്ലാവരും ആത്മാക്കളാണെന്ന് ചിന്തിച്ചാല്‍ എല്ലാം പൂര്‍ണ്ണമായി. ഹിന്ദുവെന്നോ ക്രിസ്ത്യന്‍ എന്നോ മുസ്‌ലിമെന്നോ സ്ത്രീയെന്നോ ഇല്ല. എല്ലാവരും ആത്മാക്കളാണ്.

രാഷ്ട്രീയ നേതാവെന്ന നിലയില്‍ ഞാന്‍ എവിടെയോ പ്രസംഗിച്ചപ്പോള്‍ സാമൂഹിക മാധ്യമങ്ങളുടെ തള്ളിക്കയറ്റത്തില്‍, ഞാനൊരു മുസ്‌ലിം തീവ്രവാദിയായി ആരോ കമന്റ് ചെയ്തു. ഉത്തരേന്ത്യയില്‍ പല ക്ഷേത്രത്തിലും ഞാന്‍ പ്രവേശിച്ചിട്ടുണ്ട്. എന്നാല്‍ ഗുരവായൂര്‍ ക്ഷേത്രത്തില്‍ എനിക്ക് സാധിച്ചിട്ടില്ല. അത് എന്താണെന്ന് എനിക്കറിയില്ല. തെരഞ്ഞെടുപ്പില്‍ ഗുരുവായൂരില്‍ മത്സരിച്ചപ്പോള്‍ അത് വഴി പോയപ്പോള്‍ ക്ഷേത്രത്തില്‍ കാണിക്കയൊക്കെ ഇട്ടിട്ടുണ്ട്. അതൊക്കെ ചെയ്ത് കഴിഞ്ഞപ്പോള്‍ ഞാന്‍ സംഘിയായി. കഴിഞ്ഞയാഴ്ച ഞാന്‍ മുസ്‌ലിം തീവ്രവാദിയായിരുന്നു. അത് കഴിഞ്ഞ് ഈ ആഴ്ച ഞാന്‍ സംഘിയായി. തെരഞ്ഞെടുപ്പ് അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയപ്പോള്‍ ഒരാള്‍ എന്റെ ശബ്ദമാണെന്ന് പറഞ്ഞ് എനിക്ക് ഹിന്ദുയിസവുമില്ല, മുസ്‌ലിമുമില്ല ഞാന്‍ ദൈവ വിശ്വാസിയല്ലെന്ന് പറഞ്ഞ്, ഞാന്‍ നിരീശ്വര വാദിയാണെന്ന് ഒരു പോസ്റ്റുമിട്ടു. ഇപ്പൊ ഞാന്‍ ആരാണെന്ന് നാട്ടുകാര്‍ അന്വേഷിക്കുന്നു. ഞാന്‍ ആരാണെന്ന് തന്നെ എന്നോട് തന്നെ ചോദിക്കാനാണ് ഭാരതീയ ദര്‍ശനങ്ങള്‍ പറയുന്നത്. ഞാന്‍ ആരാണെന്ന് അറിഞ്ഞാല്‍ എല്ലാം കഴിഞ്ഞു.

ഞാന്‍ ആരാണ് എന്ന ചോദ്യത്തിന് ഞാന്‍ ആത്മാവാണ് എന്ന് പറയും. മുസ്‌ലിംകളാണെങ്കില്‍ റൂഹ് എന്ന് പറയും രണ്ടും ഒന്നാണ്.

ഇംഗ്ലീഷുകാരുടെ സംസ്‌കാരം നമ്മള്‍ സ്വീകരിച്ച് നമ്മുടെ സംസ്‌കാരത്തിന് പരുക്കേല്‍ക്കുന്നുണ്ട്. പിറന്നാള്‍ ആഘോഷിക്കുന്നത് വാങ്ങിച്ചുകൊണ്ടുവെച്ച്, മെഴുക് തിരി കൊളുത്തിവെച്ച്, അത് ദീപമായി പ്രകാശിച്ചുകൊണ്ടിരിക്കുമ്പോള്‍ എല്ലാരും ഹാപ്പി ബര്‍ത്ത് ഡേ എന്ന് പറഞ്ഞിട്ട് എല്ലാ വെളിച്ചവും ഊതിക്കെടുത്തുകയാണ്. കുട്ടിയുടെ ഭാവി നശിച്ച് പോകട്ടെ എന്നാണ് അതിന്റെ അര്‍ത്ഥം. ഭാരതീയ സംസ്‌കാരത്തിന്റെ എതിരാണ് അത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇതുപോലെ ആവശ്യമില്ലാത്ത പലതും നമ്മള്‍ ആവാഹിച്ചിട്ടുണ്ട്.

വാചാലതയേക്കാള്‍ വലുതാണ് മൗനം. നമ്മുടെ സര്‍ക്കാരിനെക്കൊണ്ട് ഒരു ദിവസം നിശബ്ദതയുടെ ദിനമാക്കണം. ഒരു ദിവസം മൗന ദിനമായി ആചരിക്കണം. വലിയ മാറ്റമായിരിക്കും അത്.

ഭാരതീയ ദര്‍ശനങ്ങള്‍ എല്ലാം തന്നെ ഏകദൈവ വിശ്വാസമാണ്. അതിന് ഒരുപാട് ഭാവവാഹാദികളാണ്. ബുദ്ധ സിദ്ധാന്തങ്ങളും വേദഗ്രന്ഥങ്ങളും ധാരാളമായി പഠിപ്പിക്കപ്പെടണം. എല്ലാം പരസ്പരം അറിയാനും മനസ്സിലാക്കാനും നമുക്ക് സാധിച്ചാല്‍ വളരെ നന്നായിരിക്കും. ഭാരതീയതയുടെ അഭിമാനം വര്‍ധിക്കുവാനും, ലോകാസമസ്താ സുഖിനോ ഭവന്തു എന്ന യഥാര്‍ത്ഥ നിലവാരത്തിലേക്ക് കൊണ്ടുവരാനും നമുക്ക് സാധിക്കും.

നമ്മുടെ രാജ്യത്തെ എല്ലാ വിഭാഗങ്ങളും ഒരുമിച്ച് നിന്ന്, രാഷ്ട്ര പുരോഗതിക്ക് വേണ്ടി ഒന്നിച്ചു നില്‍ക്കേണ്ടുന്ന സമയമാണ്. പഴയതില്‍ നിന്ന് ഭിന്നമായി സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്ന കാലമാണ്. ലോകമാകെ ചെറുതും വലുതുമായി യുദ്ധം നടന്ന് വരികയാണ്. സമാധാനം നിലനില്‍ക്കലാണ് ഏറ്റവും അത്യാവശ്യം.

STORY HIGHLIGHTS: Major portions of Muslim League leader KNA Khader's speech at RSS Programme at Kesari Bhavan Kozhikode

Next Story