തൃണമൂല്‍ കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ പേജ് അണ്‍ഫോളോ ചെയ്ത് മെഹുവ; വിശദീകരണമില്ല
കാളി ദേവിയെക്കുറിച്ചുള്ള മെഹുവയുടെ പ്രതികരണത്തെ തള്ളുന്ന നിലപാടാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്വീകരിച്ചത്.
6 July 2022 7:18 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് അണ്‍ഫോളോ ചെയ്ത് മെഹുവ മൊയിത്ര എംപി. കാളി ദേവിയെകുറിച്ചുള്ള മെഹുവ മൊയിത്രയുടെ പരാമര്‍ശത്തെ പാര്‍ട്ടി അപലപിച്ചതിന് പിന്നാലെയാണ് എംപിയുടെ നടപടി. ട്വിറ്ററില്‍ 6 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള മെഹുവാ മൊയിത്ര പക്ഷെ ഫോളോ ചെയ്യുന്നത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടേയും തൃണമൂല്‍ കോണ്‍ഗ്രസിന്റേയും ട്വറ്റര്‍ പേജ് മാത്രമാണ്. എന്നാല്‍ നിലവില്‍ അത് മമതയുടെ പേജ് മാത്രമായി ഒതുങ്ങി. ഇക്കാര്യത്തില്‍ മെഹുവ ഇതുവരേയും പ്രതികരിച്ചില്ല.
കാളി ദേവിയെക്കുറിച്ചുള്ള മെഹുവയുടെ പ്രതികരണത്തെ തള്ളുന്ന നിലപാടാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്വീകരിച്ചത്. മൊയ്ത്രയുടെ പ്രസ്താവന തികച്ചും വ്യക്തിപരമാണെന്നും പാര്‍ട്ടിക്ക് അത്തരമൊരു വീക്ഷണമില്ലെന്നും തൃണമൂല്‍ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ വിശദീകരിച്ചു. ഇന്‍ഡ്യാ ടുഡേ നടത്തിയ കോണ്‍ക്ലേവിലായിരുന്നു മഹുവ മൊയ്ത്ര കാളി ദേവിയുമായി ബന്ധപ്പെട്ട തന്റെ സങ്കല്‍പ്പത്തെക്കുറിച്ച് വിശദീകരിച്ചത്. കാളി എന്നെ സംബന്ധിച്ചിടത്തോളം മാംസം കഴിക്കുന്ന, മദ്യം സ്വീകരിക്കുന്ന ദേവതയാണ്. നിങ്ങളുടെ ദേവതയെ സങ്കല്പ്പിക്കാന് നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ചില സ്ഥലങ്ങളില്‍ ദൈവങ്ങള്‍ക്ക് വിസ്കി അര്‍പ്പിക്കുന്നു, മറ്റ് ചില സ്ഥലങ്ങളില്‍ അത് ദൈവനിന്ദയാകും,' മെഹുവ പറഞ്ഞു. കാളി ദേവി സിഗരറ്റ് വലിക്കുന്നതായി കാണിക്കുന്ന സിനിമാ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് പ്രതികരിക്കവെയായിരുന്നു പ്രസ്താവന.
ഇതിന് പിന്നാലെ വന്‍ സംഘ്പരിവാര്‍ ആക്രമണമാണ് മെഹുവക്കെതിരെ നടന്നത്. എന്നാല്‍ ഇതില്‍ നിശബ്ദത പാലിക്കാന്‍ എംപി തയ്യാറായിരുന്നില്ല. ഏതെങ്കിലും സിനിമയെയോ പോസ്റ്ററിനെയോ താന്‍ പിന്തുണച്ചിട്ടില്ലെന്നും പുകവലിക്കുക എന്ന വാക്കു പോലും താന്‍ ഉപയോഗിച്ചിട്ടില്ലെന്നും മൊയ്ത്ര വിശദീകരിച്ചു. എല്ലാ സംഘികളോടും കൂടിയാണ് എന്ന ഉപചാരവാക്കോടു കൂടി പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് മഹുവയുടെ മറുപടി.'
'എല്ലാ സംഘികളോടും പറയുകയാണ്. നുണകള്‍ നിങ്ങളെ ഒരു നല്ല ഹിന്ദുവാക്കി മാറ്റില്ല. ഏതെങ്കിലും പോസ്റ്ററിനെയോ സിനിമയെയോ ഞാന്‍ പിന്തുണച്ചിട്ടില്ല. പുകവലി എന്ന വാക്കുപോലും ഞാന്‍ ഉപയോഗിച്ചിട്ടില്ല. താരാപിഥിലെ മാ കാളി ക്ഷേത്രം സന്ദര്‍ശിക്കാന്‍ നിങ്ങളെ ഞാന്‍ ക്ഷണിക്കുകയാണ്. അവിടെ കാളിക്ക് പ്രസാദമായി എന്താണ് നല്‍കുന്നതെന്ന് നോക്കൂ''. മെഹുവ മോയ്ത്ര