'അന്ന് ലേലത്തില്‍ പങ്കെടുത്തത് ഒരേ ഒരാള്‍, ലഭിച്ചത് 15 ലക്ഷം'; ഗുരുവായൂരിലെ ഥാര്‍ പുനര്‍ലേലത്തില്‍ പോയത് മൂന്നിരട്ടി വിലയ്ക്ക്
'43 ലക്ഷത്തിന് പുറമേ ജിഎസ്ടിയും വിഘ്നേഷ് അടയ്ക്കണം'
6 Jun 2022 9:45 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാര്‍ ആദ്യ ലേലത്തില്‍ അമല്‍ മുഹമ്മദ് അലി സ്വന്തമാക്കിയത് 15.10 ലക്ഷം രൂപയ്ക്ക്. ഹിന്ദു സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പുനര്‍ലേലം നടന്നപ്പോള്‍ ദുബായ് വ്യവസായി ഇതേ ഥാര്‍ സ്വന്തമാക്കിയത് 43 ലക്ഷം രൂപയ്ക്കാണ്. അമര്‍ മുഹമ്മദിന്റെ ലേലം ശരിയായ രീതിയിലല്ല നടന്നതെന്ന് ആരോപിച്ച് ഹിന്ദു സേവാ സംഘം കോടതിയെ സമീപിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് പുനര്‍ലേലം ചെയ്യാന്‍ തീരുമാനിച്ചത്. അന്ന് അമല്‍ മാത്രമായിരുന്നു ലേലത്തില്‍ പങ്കെടുത്തിരുന്നത്.
വേണ്ടത്ര പ്രചാരം നല്‍കാതെ കാര്‍ ലേലം ചെയ്തതും ലേലത്തില്‍ ഒരാള്‍ മാത്രം പങ്കെടുത്തിട്ടും ലേലം ഉറപ്പിച്ച് നല്കിയതും ചോദ്യം ചെയ്ത് ഹിന്ദു സേവാസംഘം എന്ന സംഘടനയായിരുന്നു ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. ഹൈക്കോടതി നിര്‍ദേശ പ്രകാരം ഏപ്രില്‍ 9ന് ദേവസ്വം കമ്മിഷണര്‍ ഡോ. ബിജു പ്രഭാകര്‍ ഗുരുവായൂരില്‍ സിറ്റിങ് നടത്തി പരാതികള്‍ കേട്ടിരുന്നു. പിന്നീട് പുനര്‍ലേലം നടത്താന്‍ ഉത്തരവിടുകയായിരുന്നു. ഇത് ദേവസ്വം ഭരണസമിതി യോഗം അംഗീകരിക്കുകയായിരുന്നു. 40,000 രൂപയായിരുന്നു നിരതദ്രവ്യം. ലേലത്തില്‍ പങ്കെടുക്കുന്നതിന് മുന്‍പ് നിരതദ്രവ്യം അടക്കണം എന്നും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു മഹീന്ദ്ര പുതിയ മോഡല്‍ ഥാര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ചത്.
ഇന്ന് ലേലത്തില്‍ വാഹനം സ്വന്തമാക്കിയ വിഘ്നേഷ് വിജയകുമാര്‍ ദുബായിലെ വെല്‍ത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ എംഡിയാണ്. അനൂപ് എന്നയാളാണ് ഇദ്ദേഹത്തിന് വേണ്ടി ലേലത്തില്‍ പങ്കെടുത്തത്. വിഘ്നേഷിന്റെ അച്ഛനും അനൂപിനൊപ്പം പങ്കെടുത്തിരുന്നു. വിഘ്നേഷ് ഗുരുവായൂരപ്പന്റെ ഭക്തനാണെന്നും ആദ്യത്തെ ലേലം തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും അനൂപ് പറഞ്ഞു.
ഗുരുവായൂരപ്പന്റെ വാഹനം വാങ്ങാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. എത്ര വില കൊടുത്തും വാഹനം ലേലത്തില്‍ എടുക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. 45 ലക്ഷം വരെ തുക പ്രതീക്ഷിച്ചിരുന്നു. 25 ലക്ഷമാണ് അടിസ്ഥാന വിലയായ് നിശ്ചയിച്ചിരുന്നത്. 43 ലക്ഷവും കടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നാല്‍ എതിര് കക്ഷികള്‍ ഒഴിഞ്ഞതുകൊണ്ട് ഞങ്ങള്‍ക്ക് ലഭിച്ചു. മലപ്പുറം അങ്ങാടിപുറത്തേക്കാണ് വാഹനം കൊണ്ടുപോകുന്നതെന്നും വിഘ്നേഷിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ തവണ ലേലത്തില്‍ വാഹനം സ്വന്തമാക്കിയ അമല്‍ ഇത്തവണ ലേലത്തില്‍ പങ്കെടുത്തിരുന്നില്ല. വിവാദങ്ങളെത്തുടര്‍ന്നും ദേവസ്വം കൂടുതലായി പ്രചാരണം നടത്തിയതിനെത്തുടര്‍ന്നും കൂടുതല്‍ ആളുകള്‍ ലേലത്തിനായി എത്തിയിരുന്നു. 43 ലക്ഷത്തിന് പുറമേ ജിഎസ്ടിയും വിഘ്നേഷ് അടയ്ക്കണം.
STORY HIGHLIGHTS: Mahindra Thar of Guruvayoor Temple re-auctioned at three times the price