Top

ഗുരുവായൂരപ്പന്റെ ഥാർ അമല്‍ മുഹമ്മദ് അലിക്ക്; സ്വന്തമാക്കിയത് 15.10 ലക്ഷത്തിന്

ഇക്കഴിഞ്ഞ ഡിസംബർ 4ന് ആയിരുന്നു കിഴക്കേ നടയില്‍ നടന്ന ചടങ്ങില്‍ മഹീന്ദ്രാ ആൻറ് മഹീന്ദ്രാ ലിമിറ്റഡ് പുതിയ മഹീന്ദ്ര ന്യൂ ഥാർ ഫോർ വീൽ ഡ്രൈവ് ദേവസ്വത്തിന് കെെമാറിയത്.

18 Dec 2021 10:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗുരുവായൂരപ്പന്റെ ഥാർ അമല്‍ മുഹമ്മദ് അലിക്ക്; സ്വന്തമാക്കിയത് 15.10 ലക്ഷത്തിന്
X

ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാർ എറണാകുളം സ്വദേശിക്ക്. 15ലക്ഷത്തി പതിനായിരം രൂപയ്ക്ക് ലേലമുറപ്പിച്ചാണ് ആഡംബര വാഹനം എറണാകുളം സ്വദേശി അമല്‍ മുഹമ്മദ് അലി വാഹനം സ്വന്തമാക്കിയത്. ബഹ്റൈനിലുള്ള പ്രവാസി ബിസിനസ്സുകാരനാണ് അമൽ. ഇക്കഴിഞ്ഞ ഡിസംബർ 4ന് ആയിരുന്നു ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നടന്ന ചടങ്ങില്‍ മഹീന്ദ്രാ ആൻറ് മഹീന്ദ്രാ ലിമിറ്റഡ് പുതിയ മഹീന്ദ്ര ന്യൂ ഥാർ ഫോർ വീൽ ഡ്രൈവ് ദേവസ്വത്തിന് കെെമാറിയത്.

തുടർന്ന് വാഹനം പരസ്യലേലത്തിന് വയ്ക്കാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ദീപസ്തംപത്തിന് സമീപം പരസ്യമായി ലേലം ചെയ്തു വിൽക്കാനായിരുന്നു തീരുമാനം.15 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. ഭക്തരിൽ ആർക്കും ലേലത്തിൽ പങ്കെടുക്കാമെന്ന് ഭരണസമിതി അറിയിച്ചിരുന്നു.

മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡിന്റെ ചീഫ് ഓഫ് ഗ്ലോബല്‍ പ്രോഡക്ട് ഡവലപ്‌മെന്റ് ആര്‍ വേലുസ്വാമിയാണ് ഡിസംബർ 4 ന് ദേവസ്വം ചെയര്‍മാന്‍ അഡ്വ കെബി മോഹന്‍ദാസിന് വാഹനത്തിന്റെ താക്കോല്‍ കൈമാറിയത്. ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെപി വിനയന്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ് വൈസ് ചെയര്‍മാന്‍ ജോസ് സാംസണ്‍, കേരള കസ്റ്റമര്‍ കെയര്‍ ഹെഡ് കണ്ടപ്പാ പറ്റിത്, ഏരിയ സെയില്‍സ് മാനേജര്‍ ജഗന്‍കുമാര്‍ ഡിഎച്ച്, ക്ഷേത്രം ഡിഎ പി മനോജ് കുമാര്‍, ക്ഷേത്രം മാനേജര്‍ എകെ രാധാകൃഷ്ണന്‍, അസിസ്റ്റന്റ് മാനേജര്‍ രാമകൃഷ്ണന്‍ എന്നിവരും ചടങ്ങിന്റെ ഭാഗമായിരുന്നു.

വാഹന വിപണിയില്‍ തരംഗമാണ ഫോര്‍ വീല്‍ ഡ്രൈവ് വാഹനമാണ് ഥാര്‍. ഈ വാഹനത്തിന്റെ ലിമിറ്റഡ് എഡിഷനായ റെഡ് കളര്‍ ഡീസല്‍ ഒപ്ഷനാണ് കാണിക്കയായി സമര്‍പ്പിക്കപ്പെട്ടത്. 2020 ഒക്ടോബര്‍ രണ്ടിനാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ ഥാര്‍ എസ്‌യുവിയെ വിപണിയില്‍ അവതരിപ്പിച്ചത്. 2200 സിസി എൻജിൻ വാഹനത്തിന് വിപണിയിൽ 13 മുതൽ 18 ലക്ഷം വരെയാണ് വില. 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുകളാണ് ഥാറില്‍ പ്രവര്‍ത്തിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. മാനുവല്‍ ട്രാന്‍സ്‍മിഷനൊപ്പം എല്‍.എക്സ് വേരിയന്റില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കിയിട്ടുണ്ട്.

Next Story