മന്ത്രി മുഹമ്മദ് റിയാസിനെതിരേയും കരിങ്കൊടി; മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തക കസ്റ്റഡിയില്‍
മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ദീപാ അനിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു
25 Jun 2022 7:10 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: കിളിമാനൂരില്‍ കൊച്ചുപാലം ഉദ്ഘാടനം ചെയ്യാനെത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് നേരെ കരിങ്കൊടി പ്രതിഷേധം. മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ദീപാ അനിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ എംപി ഓഫീസ് അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം.
അപ്രതീക്ഷിതമായിട്ടായിരുന്നു മന്ത്രി റിയാസിനെതിരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. കാറില്‍ നിന്നും ഇറങ്ങി മന്ത്രി ഉദ്ഘാടനത്തിനായി നാട മുറിക്കാന്‍ എത്തുമ്പോള്‍ ദീപാ അനില്‍ കരിങ്കൊടി വീശുകയായിരുന്നു. ഇവരെ സിപിഐഎം പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് ഇവിടെ നിന്ന് മാറ്റി. സംഭവ സമയത്ത് സ്ഥലത്ത് വനിതാ പൊലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
നേരത്തേ, ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നേരെയും പ്രതിഷേധം ഉണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തില്‍ ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം കൂടി ഉള്‍പ്പെട്ടതോടെയാണ് വീണാ ജോര്‍ജിനെതിരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. പത്തനംതിട്ട കൊടുമണ്ണില്‍ മന്ത്രിയുടെ വീടിന് അടുത്ത് വെച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എംജി കണ്ണന് ഉള്‍പ്പെടെയുള്ളവര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഇടുക്കി കട്ടപ്പനയിലായിരുന്നു മന്ത്രി റോഷി അഗസ്റ്റിന് നേരെ കരിങ്കൊടി പ്രതിഷേധം. കരിങ്കൊടി വീശിയ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അടക്കമുള്ളവരെ പൊലീസ്റ്റ് അറസ്റ്റ് ചെയ്തു നീക്കി.
STORY HIGHLIGHTS: Mahila Congress worker in custody for showing black flag against Minister PA Muhammed Riyas