'ഹിയറിംഗിന് അവസരം നൽകണം'; ഗവർണറുടെ നോട്ടീസിന് മറുപടി നൽകി എം ജി സർവകലാശാല വിസി
3 Nov 2022 11:02 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: രാജിവെച്ചൊഴിയാതിരിക്കാനുളള ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി മഹാത്മാ ഗാന്ധി സർവകലാശാല വൈസ് ചാൻസലറും. ഹിയറിംഗിന് അവസരം നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് എംജി വിസി മറുപടി നൽകിയിരിക്കുന്നത്. ഇതുവരെ രണ്ട് വിസിമാരും ഒരു മുൻ വിസിയുമാണ് ഗവർണറുടെ നോട്ടീസിന് മറുപടി നൽകിയിട്ടുള്ളത്.
അതേസമയം ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാനുളള സമയം ഹൈക്കോടതി നീട്ടി നൽകി. തിങ്കളാഴ്ച അഞ്ച് മണി വരെയാണ് സമയം നീട്ടി നൽകിയത്. വിസിമാരുടെ ഹർജി കോടതി ചൊവ്വാഴ്ച പരിഗണിക്കും. കാരണം കാണിക്കൽ നോട്ടീസിൽ വിശദീകരണം നൽകാനുളള സമയപരിധി വ്യാഴാഴ്ച തീരാനിരിക്കെയാണ് ഹൈക്കോടതിയുടെ നടപടി.
ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. വി പി മഹാദേവൻ പിളള വ്യാഴാഴ്ച വിശദീകരണം നൽകിയിരുന്നു. ചട്ടപ്രകാരമാണ് വിസി സ്ഥാനത്ത് എത്തിയത്. വിസിയാകാനുളള യോഗ്യതകൾ തനിക്ക് ഉണ്ടെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നൽകിയ വിശദീകരണത്തിൽ ഡോ. വി പി മഹാദേവൻ പിളള പറഞ്ഞു. ഒക്ടോബർ 24 ന് ഡോ. വി പി മഹാദേവൻപിള്ള വിരമിച്ചിരുന്നു.
ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് നിയമപരമല്ലെന്നും റദ്ദാക്കണമെന്നുമാണ് വിസിമാർ ഹർജിയിൽ പറഞ്ഞത്. രാജിവെച്ചൊഴിയാനുളള ഗവർണറുടെ നിർദ്ദേശത്തിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗിലൂടെ ഒമ്പത് സർവകലാശാലകളിലെ വിസിമാർ നേരത്തെ അനുകൂല വിധി നേടിയിരുന്നു.
അതേസമയം ഗവർണറുടെ പുറത്താക്കൽ നടപടിക്കെതിരെ കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ ഹർജിയിൽ സർവകലാശാല നടപടിയെ കോടതി രൂക്ഷമായി വിമർശിച്ചു. ഗവർണർ ആവശ്യപ്പെടുന്നത് സെർച്ച് കമ്മിറ്റിയിലേക്ക് ഒരു അംഗത്തെയാണ്. അതിന് പകരം ഗവർണർക്കെതിരെ പ്രമേയം പാസാക്കുകയാണ് സെനറ്റ് ചെയ്തത്. വിവാദം അവസാനിപ്പിക്കാൻ സർവകലാശാലയ്ക്ക് താൽപ്പര്യമില്ലെന്നും കോടതി വിമർശിച്ചിരുന്നു.
STORY HIGHLIGHTS: Mahatma Gandhi University Vice Chancellor replied to Governor's show cause notice