'മഹിഷാസുരന് പകരം മഹാത്മാഗാന്ധി'; ദുര്‍ഗാപൂജയ്ക്ക് ഹിന്ദു മഹാസഭ സ്ഥാപിച്ച പ്രതിമ വിവാദത്തില്‍
സംഭവത്തെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് അടക്കം ബിജെപി, കോണ്‍ഗ്രസ്, സിപിഐഎം ഉള്‍പ്പെടെയുള്ള എല്ലാ കക്ഷികളും അപലപിച്ചു.
3 Oct 2022 6:28 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊല്‍ക്കത്ത: അഖിലേന്ത്യ ഹിന്ദു മഹാസഭ സംഘടിപ്പിച്ച ദുര്‍ഗാ പൂജയില്‍ മഹിഷാസുരന് പകരം രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സാദൃശ്യമുള്ള പ്രതിമ സ്ഥാപിച്ചത് വിവാദത്തില്‍. മഹിഷാസുരനെ വധിക്കുന്ന ദുര്‍ഗാദേവിയുടെ പ്രതിമയിലാണ് മഹാത്മാഗാന്ധിയുടെ സാദൃശ്യമുള്ള രൂപം സ്ഥാപിച്ചത്. നടപടി വിവാദമായതോടെ ഒടുവില്‍ പൊലീസ് ഇടപെട്ട് രൂപം നീക്കി.
മഹാത്മാഗാന്ധി അസുരനാണെന്ന കൃത്യമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് രൂപം സ്ഥാപിച്ചതെന്ന് ഹിന്ദു മഹാസഭാ പശ്ചിമ ബംഗാള്‍ വര്‍ക്കിംഗ് പ്രസിഡണ്ട് ചന്ദ്രചൂര്‍ ഗോസ്വാമി പറഞ്ഞു. ' ഗാന്ധി യഥാര്‍ത്ഥ അസുരനാണ്. ആ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് രൂപം സ്ഥാപിച്ചത്.' ഇന്ത്യാ ടുഡോയോടാണ് വലതുപക്ഷ നേതാവിന്റെ പ്രതികരണം.
'കേന്ദ്രസര്‍ക്കാര്‍ മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ നിരന്തരം പ്രചരിപ്പിക്കുകയാണ്. വിഗ്രഹത്തില്‍ നിന്നും രൂപം എടുത്തുമാറ്റാന്‍ ഞങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടാക്കുകയായിരുന്നു. എല്ലായിടത്തു നിന്നും മഹാത്മാഗാന്ധിയെ നീക്കണം. പകരം നേതാജി സുഭാഷ് ചന്ദ്ര ബോസിനേയും മറ്റ് സ്വാതന്ത്ര്യസമര നേതാക്കളേയും സ്ഥാപിക്കണം.' എന്നാണ് ചന്ദ്രചൂര്‍ ഗോസ്വാമി പറഞ്ഞത്. മാധ്യമ പ്രവര്‍ത്തകനായ ഇന്ദ്രദീപ് ഭട്ടാചാര്യയാണ് ചവിവാദ പ്രതിമയുടെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്.
സംഭവത്തെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് അടക്കം ബിജെപി, കോണ്‍ഗ്രസ്, സിപിഐഎം ഉള്‍പ്പെടെയുള്ള എല്ലാ കക്ഷികളും അപലപിച്ചു.