Top

വീണ്ടും ആടിയുലഞ്ഞ് മഹാരാഷ്ട്രീയം; ഓപ്പറേഷന്‍ കമല നീക്കത്തില്‍ സര്‍ക്കാര്‍ തുലാസില്‍

സര്‍ക്കാര്‍ രൂപീകരിച്ച് മൂന്ന് വര്‍ഷത്തിനിപ്പുറം വീണ്ടും ബിജെപിയുടെ ഓപ്പറേഷന്‍ കമല നീക്കത്തില്‍ തുലാസിലായിരുകയാണ് സര്‍ക്കാര്‍

21 Jun 2022 7:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വീണ്ടും ആടിയുലഞ്ഞ് മഹാരാഷ്ട്രീയം; ഓപ്പറേഷന്‍ കമല നീക്കത്തില്‍ സര്‍ക്കാര്‍ തുലാസില്‍
X

മഹാരാഷ്ട്രയില്‍ മഹാവിഘാസ് അഘാഡി സര്‍ക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ് ബിജെപിയുടെ അട്ടിമറി നീക്കം. മന്ത്രിയും ശിവസേന നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെ ഉള്‍പ്പെടെ 17 എംഎല്‍എമാര്‍ ഗുജറാത്ത് സൂറത്തിലെ റിസോര്‍ട്ടിലേക്ക് മാറിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരില്‍ ആരേയും ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാത്തത് ശിവസേന പാളയത്തില്‍ ആശങ്കയുണ്ടാക്കുന്നു. ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി ചേര്‍ന്നുള്ള എംവിഎ സഖ്യത്തെ തകര്‍ത്ത് അധികാരം കൈക്കലാക്കാന്‍ ബിജെപി പലകുറി ശ്രമിച്ചെങ്കിലും അതിനെയെല്ലാം മുഖ്യമന്ത്രി ഉദ്ധവ് താക്കറേയുടെ നേതൃത്വത്തിലുള്ള സഖ്യം മറികടന്നിരുന്നു. സര്‍ക്കാര്‍ രൂപീകരിച്ച് മൂന്ന് വര്‍ഷത്തിനിപ്പുറം വീണ്ടും ബിജെപിയുടെ ഓപ്പറേഷന്‍ കമല നീക്കത്തില്‍ തുലാസിലായിരുകയാണ് സര്‍ക്കാര്‍സര്‍ക്കാര്‍ രൂപീകരിച്ച് മൂന്ന് വര്‍ഷത്തിനിപ്പുറം വീണ്ടും ബിജെപിയുടെ ഓപ്പറേഷന്‍ കമല നീക്കത്തില്‍ തുലാസിലായിരുകയാണ് സര്‍ക്കാര്‍.

അട്ടിമറി ശ്രമം

കഴിഞ്ഞ ദിവസം നടന്ന നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ശിവസേന ഉള്‍പ്പെടുന്ന മഹാവിഘാസ് അഘാഡി സഖ്യവും ബിജെപിയും അഞ്ച് വീതം സീറ്റില്‍ വിജയിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് വിമത നീക്കം. ബിജെപി മത്സരിച്ച അഞ്ച് സീറ്റിലും വിജയിക്കുകയായിരുന്നു. എംവിഎ സഖ്യത്തില്‍ ശിവസേന, എന്‍സിപി പാര്‍ട്ടികള്‍ രണ്ടുവീതം സീറ്റിലും കോണ്‍ഗ്രസ് ഒറ്റ സീറ്റിലുമാണ് വിജയിച്ചത്. നാല് സീറ്റില്‍ വിജയപ്രതീക്ഷയുണ്ടായിരുന്ന ബിജെപിക്ക് കോണ്‍ഗ്രസ്, ശിവസേന ക്രോസ് വോട്ട് ചെയതോടെ അഞ്ചെണ്ണം നേടാനായി. ഈ സാഹചര്യം മുതലാക്കി ശിവസേനയിലെ വിമത നേതാക്കളേയും സ്വതന്ത്രരേയും കൂട്ടുപിടിച്ച് നിലവിലെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

നിലവിലെ സീറ്റ് നില

2019 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഉടലെടുത്തതോടെ വഴിപിരിഞ്ഞതാണ് ബിജെപിയും ശിവസേനയും. പിന്നീട് ശിവസേന കോണ്‍ഗ്രസിനേയും എന്‍സിപിയേയും കൂട്ടി മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചു. 288 അംഗ നിയമസഭയില്‍ ഭരണകക്ഷിയായ എംവിഎയ്ക്ക് 169 സീറ്റാണുള്ളത്. ശിവസേന 56, എന്‍സിപി 53, കോണ്‍ഗ്രസ് 44 എന്നിങ്ങനെയാണ് കക്ഷിനില. പ്രതിപക്ഷത്തുള്ള എന്‍ഡിഎ സഖ്യത്തിന് 113 സീറ്റുമുണ്ട്. ബിജെപിക്ക് 106 സീറ്റും ആര്‍എസ്പി, ജെഎസ്എസ്, ഐഎന്‍ഡി എന്നീ ചെറുകക്ഷികളെ കൂടി കൂട്ടിയാണ് എന്‍ഡിഎ 113 സീറ്റിലേക്ക് എത്തിയത്.

കോണ്‍ഗ്രസ് എംഎല്‍എമാരേയും പാളയത്തിലെത്തിക്കാന്‍ നീക്കം

സര്‍ക്കാര്‍ രൂപീകരണത്തിന് ഇനിയും നാല്‍പ്പതോളം എംഎല്‍എമാരുടെ പിന്തുണയാണ് എന്‍ഡിഎക്ക് ആവശ്യം. ഇതിനകം മൂന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ ഇരുപതിലധികം എംഎല്‍എമാരെ ബിജെപി ഗുജറാത്തിലെ റിസോര്‍ട്ടില്‍ എത്തിച്ചിട്ടുണ്ട്. ഇതിന് പുറമേ എംഎല്‍സി തെരഞ്ഞെടുപ്പില്‍ ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്‌തെന്നാണ് ആരോപണം. ഈ സാഹചര്യത്തില്‍ ഇവരെക്കൂടി പാളയത്തില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. മന്ത്രിയും എംഎല്‍എമാരും കഴിയുന്ന സൂറത്തിലെ ഹോട്ടല്‍ കനത്ത സുരക്ഷാവലയത്തിലാണ്. പുറത്തുനിന്നുള്ളവര്‍ക്ക് ഹോട്ടലിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തി. ഷിന്‍ഡെ ഇന്ന് രണ്ട് മണിക്ക് മാധ്യമങ്ങളെ കാണുമെന്നാണ് വിവരം.

തിരക്കിട്ട കൂടികാഴ്ച്ചകള്‍

വിമത നീക്കത്തിന് പിന്നാലെ തിരക്കിട്ട ചര്‍ച്ചകളാണ് ഡല്‍ഹിയിലും മുംബൈയിലും നടക്കുന്നത്. പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ഡല്‍ഹിയിലെത്തി അമിത്ഷായും ബിജെപി ദേശീയ അധ്യക്ഷന്‍ നഡ്ഡയുമായി കൂടികാഴ്ച്ച നടത്തി. അതിനിടെ എന്‍സിപി നേതാവ് ശരത് പവാര്‍ ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ എത്തി ഉദ്ധവ് താക്കറെയുമായി കൂടികാഴ്ച്ചക്കൊരുങ്ങുകയാണ്. അതിനിടെ ബിജെപിയുടെ ഈ കുതിരകച്ചവടം നടക്കില്ലെന്ന് സജ്ജയ് റാവത്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചു.


Next Story