Top

പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി; കൈമലർത്തി പൊലീസ്

പി സി ജോർജിന് ജാമ്യം നൽകരുതെന്ന് ചൂണ്ടിക്കാട്ടി പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു

1 May 2022 2:24 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി; കൈമലർത്തി പൊലീസ്
X

തിരുവനന്തപുരം: വിദ്വേഷ പ്രസംഗക്കേസിൽ മുൻ എംഎൽഎയും ജനപക്ഷം നേതാവുമായ പി സി ജോർജിനെ ഹാജരാക്കിയപ്പോൾ മജിസ്‌ട്രേറ്റ് പ്രോസിക്യൂട്ടറെ അന്വേഷിച്ചെന്ന് റിപ്പോർട്ട്. പി സി ജോർജിനേയും കൊണ്ട് മജിസ്‌ട്രേറ്റിന്റെ വസതിയിൽ പൊലീസ് എത്തിയത് സർക്കാർ അഭിഭാഷകൻ ഇല്ലാതെയാണ്. എവിടെ പ്രോസിക്യൂട്ടർ എന്ന് കോടതി ചോദിച്ചതിന് ശേഷമാണ് പി സി ജോർജിന് ജാമ്യം അനുവദിച്ചതെന്നുമാണ് വിവരം. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറാണ് കോടതിയിൽ ഹാജരാവാതിരുന്നത്. പി സി ജോർജിന് ജാമ്യം നൽകരുതെന്ന് ചൂണ്ടിക്കാട്ടി പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു.

അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറാണ് കേസിൽ സർക്കാരിന്റെ വാദം അറിയിക്കേണ്ടിയിരുന്നത്. ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടും പ്രോസിക്യൂഷന് വേണ്ടി ആരും ഹാജരായില്ല. റിമാൻഡ് ചെയ്യണമെന്ന റിപ്പോർട്ട് പൊലീസ് നൽകി. തുടർന്ന് വിദ്വേഷ പ്രസംഗം പാടില്ല, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്നീ വ്യവസ്ഥകളോടെ മജിസ്‌ട്രേറ്റ് പി സി ജോർജിന് ജാമ്യം അനുവദിക്കുകയായിരുന്നു.

വിവാദങ്ങൾ ഉണ്ടാക്കുന്ന വിഷയങ്ങൾ സംസാരിക്കരുത് എന്ന് പറഞ്ഞിട്ടുണ്ടെന്നായിരുന്നു ജാമ്യം ലഭിച്ച ശേഷം പി സി ജോർജ് മാധ്യമങ്ങളോട് നടത്തിയ പ്രതികരണം. തനിക്കെതിരെ ഉണ്ടായത് പിണറായി വിജയൻ തീവ്രവാദ മുസ്ലീംങ്ങൾക്ക് നൽകിയ റംസാൻ സമ്മാനമാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോടതി ഇടപെട്ടത് നീതി പൂർവ്വമാണെന്നും പി സ് ജോർജ് കൂട്ടിച്ചേർത്തു.

ഹിന്ദു മഹാസമ്മേളന വേദിയിൽ വച്ച് മുസ്ലീം വിരുദ്ധ പ്രസംഗം നടത്തിയെന്ന കേസിലാണ് മുൻ എംഎൽഎ പിസി ജോർജ്ജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പുഞ്ഞാറിലെ വീട്ടിൽ നിന്നും ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെ കസ്റ്റഡിയിൽ എടുത്ത പിസി ജോർജിനെ പത്ത് മണിയോടെ തിരുവനന്തപുരത്ത് എത്തിച്ചായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെയാണ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജറാക്കിയത്. 153 എ, 295 എ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. വിദ്വേഷ പ്രസംഗത്തിനും മതവികാരം വ്രണപ്പെടുത്തിയതിനുമാണ് കേസ്. ഇക്കഴിഞ്ഞ 29 നായിരുന്നു പിസി ജോർജിന്റെ അറസ്റ്റിലേക്ക് വഴിവച്ച പ്രസംഗം അരങ്ങേറിയത്. ഹിന്ദു മഹാസമ്മേളനത്തിന്റെ മൂന്നാം ദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു പി സി ജോർജ്ജിന്റെ വിവാദ പരാമർശം.

Story highlights: When PC George produced in court, the magistrate reportedly enquired about the absence of public prosecutor

Next Story

Popular Stories