Top

'ഉത്കണ്ഠയുളവാക്കുന്ന കടുത്ത നൈതിക വിഷയങ്ങള്‍ ഇതിലുണ്ട്'; ജലീലിനെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി 'മാധ്യമം'

ജലീൽ കത്തയച്ചത് താൻ നേരത്തെ അറിഞ്ഞിരുന്നില്ലെന്നും ഉചിതമായ നടപടി സ്വീകരിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി മാധ്യമം പ്രതിനിധികൾ പറഞ്ഞു

25 July 2022 9:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉത്കണ്ഠയുളവാക്കുന്ന കടുത്ത നൈതിക വിഷയങ്ങള്‍ ഇതിലുണ്ട്; ജലീലിനെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി മാധ്യമം
X

തിരുവനന്തപുരം: മാധ്യമം ദിനപത്രം നിരോധിക്കാൻ ഇടപെട്ടുവെന്ന ആരോപണത്തിൽ മുൻ മന്ത്രി കെ ടി ജലീലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി മാധ്യമം ദിനപത്രം മാനേജ്മെൻറ്. മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് പരാതി നൽകിയത്. ജലീൽ കത്തയച്ചത് താൻ നേരത്തെ അറിഞ്ഞിരുന്നില്ലെന്നും ഉചിതമായ നടപടി സ്വീകരിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി മാധ്യമം പ്രതിനിധികൾ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകളിൽ വിശ്വാസമുണ്ടെന്നും മാധ്യമം-മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ അബ്ദുറഹ്മാൻ പ്രതികരിച്ചു.

'കേന്ദ്ര വിദേശകാര്യ മന്ത്രാലയ അനുമതിയില്ലാതെ വിദേശരാജ്യത്തെ അധികാരികൾക്ക് കത്തയക്കുന്നത് പ്രോട്ടോകോൾ ലംഘനവും ഭരണഘടനവിരുദ്ധവുമാണ്. മന്ത്രിപദത്തിലിരിക്കുന്ന ആൾ ഇത്തരമൊരു വിഷയം വ്യക്തിപരമെന്ന നിലയിൽ സ്വകാര്യമായി കൈകാര്യം ചെയ്യുന്നത് കൂടുതൽ ഗൗരവതരവുമാണ്. ഉത്കണ്ഠയുളവാക്കുന്ന കടുത്ത നൈതിക വിഷയങ്ങൾ ഇതിലുണ്ട്. ഇത്തരം വഴിവിട്ട ചെയ്തിയെ ഇടത് ഭരണസംവിധാനത്തിന് അംഗീകരിക്കാനാവില്ലെന്നാണ് തങ്ങളുടെ വിശ്വാസം എന്നും,' മാധ്യമം ചീഫ് എഡിറ്റർ കത്തിൽ പറഞ്ഞു.

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലായിരുന്നു മുൻ മന്ത്രി കെ ടി ജലീൽ മാധ്യമം ദിനപത്രം നിരോധിക്കാൻ ഇടപെട്ടുവെന്ന് ആരോപണം ഉന്നയിച്ചത്. കോൺസുൽ ജനറലിന് കത്ത് അയച്ചുവെന്ന് സ്ഥിരീകരിച്ച ജലീൽ, പത്രത്തിന്റെ റിപ്പോർട്ടിങിലുള്ള പ്രശ്‌നങ്ങളിൽ ഉചിതമായ നടപടിയെടുക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും പ്രതികരിച്ചിരുന്നു. ഗൾഫ് രാജ്യങ്ങളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായാണ് ഗൾഫ് മാധ്യമത്തിന്റെ റിപ്പോർട്ടുകളെന്ന് കത്തിൽ ആരോപിക്കുന്നുണ്ട്.

തിരുവനന്തപുരത്തെ യുഎഇ കോൺസുൽ ജനറലുമായി അടച്ചിട്ട മുറിയിൽ വച്ച് കെ ടി ജലീൽ നിരവധി തവണ കൂടിക്കാഴ്ചകൾ നടത്തിയെന്നും കേന്ദ്ര സർക്കാർ അറിയാതെയായിരുന്നു ഇതെല്ലാമെന്നും സത്യവാങ്മൂലത്തിൽ സ്വപ്ന പറയുന്നു. തൻറെ ബന്ധങ്ങൾ ഉപയോഗിച്ച് നയതന്ത്ര ചാനൽ വഴി കൂടുതൽ ഇടപാടുകൾ നടത്താനായിരുന്നു ജലീലിൻറെ ശ്രമം. നയതന്ത്ര ചാനൽ വഴിയുളള ഇടപാടിന് സർക്കാരിനെ ഭരിക്കുന്ന പാർട്ടിയുടെ പിന്തുണയുണ്ടാകുമെന്ന് കോൺസുൽ ജനറൽ തന്നോട് പറഞ്ഞിരുന്നതായി സ്വപ്നയുടെ സത്യവാങ്മൂലത്തിലുണ്ട്. തനിക്ക് മുഖ്യമന്ത്രിയുടേതടക്കം പിന്തുണ ഉണ്ടാകുമെന്ന് ജലീൽ കോൺസുൽ ജനറലിനോട് പറഞ്ഞിരുന്നതായും സ്വപ്ന ആരോപിക്കുന്നുണ്ട്.

അബ്ദുൽ ജലീൽ എന്ന പേരിലാണ് കെ ടി ജലീൽ കത്തെഴുതിയത്. യുഎഇ ഭരണാധികാരിക്കല്ല താൻ കോൺസുൽ ജനറലിന് സ്വന്തം നിലയിൽ അബ്ദുൾ ജലീൽ എന്ന പേരിൽ വാട്‌സ്ആപ്പ് സന്ദേശമാണ് അയച്ചതെന്നും, അത് തന്റെ ഔദ്യോഗിക നാമമാണെന്നും കെ ടി ജലീൽ പ്രതികരിച്ചിരുന്നു. യുഡിഎഫ് എംപിയും കത്തയച്ചിട്ടുണ്ടെന്നും ജലീൽ ആരോപിച്ചിരുന്നു.

STORY HIGHLIGHTS: Madhyamam management give complaint to chief minister against KT Jaleel

Next Story