Top

വിചാരണ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ അമ്മ ഹൈക്കോടതിയിലേക്ക്; നീക്കം ബന്ധുക്കളടക്കം കൂറുമാറിയതോടെ

കേസില്‍ ബന്ധുക്കള്‍ അടക്കം കൂറുമാറിയ സാഹചര്യമാണുള്ളത്

11 Jun 2022 10:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിചാരണ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ അമ്മ ഹൈക്കോടതിയിലേക്ക്; നീക്കം ബന്ധുക്കളടക്കം കൂറുമാറിയതോടെ
X

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ അമ്മ വിചാരണ നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റും വരെ വിചാരണ നിര്‍ത്തിവയ്ക്കണമെന്നാണ് ആവശ്യമെന്ന് മധുവിന്റെ അമ്മ മല്ലി പറഞ്ഞു. കേസില്‍ ബന്ധുക്കള്‍ അടക്കം കൂറുമാറിയ സാഹചര്യമാണുള്ളത്. മകന് നീതി വേണം എന്നും മല്ലി ആവശ്യപ്പെട്ടു.

ഫലപ്രദമായി പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അമ്മയും സഹോദരിയും മണ്ണാര്‍ക്കാട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ നിയമിച്ച പ്രോസിക്യൂട്ടറെ മാറ്റാന്‍ അധികാരമില്ലെന്ന് കാണിച്ച് ഹര്‍ജി തള്ളിയിരുന്നു.

കേസിന്റെ വിചാരണയ്ക്കിടെ കേസില്‍ പത്തും പതിനൊന്നും പ്രതികള്‍ കൂറുമാറിയിരുന്നു. 10ാം സാക്ഷി ഉണ്ണികൃഷ്ണനും 11ാം സാക്ഷിയും മധുവിന്റെ ബന്ധുവുമായ ചന്ദ്രനും നേരത്തെ കോടതിയില്‍ കൂറുമാറിയിരുന്നു. മധുവിനെ പ്രതികള്‍ ആക്രമിക്കുന്നത് കണ്ടെന്നായിരുന്നു നേരത്തേ മൊഴി നല്‍കിയിരുന്നത്. ചന്ദ്രന്‍ രഹസ്യമൊഴിയും നല്‍കിയിരുന്നു.

എന്നാല്‍, തന്നെ പൊലീസ് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് നല്‍കിയ മൊഴിയാണ് അതെന്നായിരുന്നു ചന്ദ്രന്‍ വിസ്താരത്തിനിടെ പറഞ്ഞത്. രാഷ്ട്രീയ സ്വാധീനവും പണവും ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ പ്രതികള്‍ ശ്രമിക്കന്നുവെന്ന് മധുവിന്റെ കുടുംബാംഗങ്ങള്‍ നേരത്തേയും ആരോപിച്ചിരുന്നു.

STORY HIGHLIGHTS: Madhu's mother goes to high court seeking stay of trial in Attappadi mob lynch

Next Story