Top

'പരിചയമില്ലാത്ത ഒരാളുടെ കൂടെ ഏതെങ്കിലും വീട്ടുകാർ ഒരു പെണ്ണിനെ പറഞ്ഞ് അയക്കുമോ?'; ദിലീപ് കുറ്റം ചെയ്തതായി വിശ്വസിക്കുന്നില്ലെന്ന് മധു

'ഈ കുട്ടി അന്ന് വണ്ടിയിൽ കയറുമ്പോൾ വീട്ടുകാർ ഒറ്റയ്ക്ക് അയക്കാതെ ആരെയെങ്കിലും ഒരാളെ കൂടെ അയച്ചിരുന്നു എങ്കിൽ ടിവിയിൽ ഇങ്ങനെ കാണേണ്ടേ ഗതികേട് എനിക്ക് വരുമായിരുന്നോ'

16 Jun 2022 8:31 AM GMT
ഫിൽമി റിപ്പോർട്ടർ

പരിചയമില്ലാത്ത ഒരാളുടെ കൂടെ ഏതെങ്കിലും വീട്ടുകാർ ഒരു പെണ്ണിനെ പറഞ്ഞ് അയക്കുമോ?; ദിലീപ് കുറ്റം ചെയ്തതായി വിശ്വസിക്കുന്നില്ലെന്ന് മധു
X

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലിച്ച് നടൻ മധു. ദിലീപ് കുറ്റം ചെയ്തതായി വിശ്വസിക്കുന്നില്ല. നടിയ്‌ക്കൊപ്പം മറ്റാരെയെങ്കിലും വീട്ടുകാർ അയച്ചിരുന്നു എങ്കിൽ ഇത്തരമൊരു വാർത്ത കാണേണ്ട ഗതികേട് തനിക്ക് ഉണ്ടാകില്ലായിരുന്നു എന്ന് മധു പറയുന്നു. പഴയകാല നടിമാർ പകൽ പോലും ഒറ്റയ്ക്ക് യാത്ര ചെയ്തിരുന്നതായി തന്റെ അറിവില്ല ഇല്ലെന്നും മധു സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു.

മധുവിന്റെ വാക്കുകൾ:

ദിലീപ് അങ്ങനെ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ചെയ്തിട്ടുണ്ടെങ്കിലും അങ്ങനെ ആകരുതേ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ചെയ്‌തെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നില്ല. ദിവസവും ടിവി ഓൺ ചെയ്താൽ കളിക്കുന്നത് ദിലീപിന്റെ വാർത്തകളാണ്. അപ്പോഴെല്ലാം ഞാൻ ഒരു കാര്യം മാത്രമേ ആലോചിച്ചിട്ടുള്ളു. ഞാൻ ആരെയും കുറ്റപ്പെടുത്തുകയാണ് എന്ന് കരുതരുത്. നമ്മുടെ വീട്ടിലെ കാര്യമെടുക്കാം. വീട്ടിലെ കൊച്ചു കുട്ടികളെയോ, യുവതികളെയോ പ്രായമായവരെ ആയിക്കൊള്ളട്ടെ സന്ധ്യ കഴിഞ്ഞ് പരിചയമില്ലാത്ത ഒരാളുടെ കൂടെ കാറിൽ ആരെങ്കിലും ഒരു പെണ്ണിനെ പറഞ്ഞ് അയക്കുമോ? ഇല്ലല്ലോ. നടി ആയിക്കോട്ടെ, ഐപിഎസുകാരി ആയിക്കോട്ടെ പൊലീസുകാരി ആയിക്കോട്ടെ ആരും ആയിക്കോട്ടെ. ആണുങ്ങൾ പോലും അങ്ങനെ പോകാറില്ല, വെള്ളം എടുത്ത് കൊടുക്കാൻ ഒരാളെ കൂടെ കൊണ്ടുപോകും.

അടൂര്‍ ഭവാനിയോ, അടൂര്‍ പങ്കജമോ, നമ്മുടെ പൊന്നമ്മയോ, പൊന്നമ്മ ചേച്ചിയോ ഒന്നും തന്നെ ഇങ്ങനെ ഒറ്റക്ക് കാറില്‍ സഞ്ചരിച്ച് ഞാന്‍ കണ്ടിട്ടില്ല. ഒന്നുകില്‍ കൂടെ മേക്ക് അപ്പ് ചെയ്യുന്നവരോ ഹെയര്‍ സ്റ്റൈലിസ്റ്റോ അല്ലെങ്കില്‍ വീട്ടിലെ സ്വന്തത്തിലുള്ള ആരെങ്കിലുമോ ഉണ്ടാവും. അല്ലാതെ അവര്‍ രാത്രി ഒറ്റയ്ക്ക് ഇതുവരെ സഞ്ചരിച്ചതായി, പകല്‍ പോലും എനിക്ക് അറിയില്ല.

ഞാൻ ഇപ്പോഴും ആലോചിക്കാറുണ്ട്, ഈശ്വരാ ഈ കുട്ടി അന്ന് വണ്ടിയിൽ കയറുമ്പോൾ വീട്ടുകാർ ഒറ്റയ്ക്ക് അയക്കാതെ ആരെയെങ്കിലും ഒരാളെ കൂടെ അയച്ചിരുന്നു എങ്കിൽ ടിവിയിൽ ഇങ്ങനെ കാണേണ്ടേ ഗതികേട് എനിക്ക് വരുമായിരുന്നോ എന്ന് ഞാൻ ആലോചിക്കും. അല്ലാതെ ഞാൻ ആരെയും കുറ്റപെടുത്തില്ല. കാരണം സത്യം എനിക്ക് അറിയില്ല.

story highlights: madhu supports dileep on the actress attack case

Next Story