മധു വധക്കേസ്: കൂറുമാറിയ വനംവകുപ്പ് ജീവനക്കാരനെ പിരിച്ചുവിട്ടു
കേസില്‍ 32 മുതല്‍ 34 വരെയുള്ള സാക്ഷികളെ നാളെ വിസ്തരിക്കും.
14 Sep 2022 11:44 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അട്ടപ്പാടി മധു വധക്കേസില്‍ കൂറുമാറിയ ഒരു വനം വകുപ്പ് വാച്ചറെ കൂടി പിരിച്ചുവിട്ടു. 29-ാം സാക്ഷിയായിരുന്നു സുനില്‍ കുമാറിനെയാണ് വനം വകുപ്പ് പിരിച്ചുവിട്ടത്. ഇതോടെ കൂറുമാറിയതിനെ തുടര്‍ന്ന് പിരിച്ചു വിടുന്ന താത്കാലിക വാച്ചര്‍മാരുടെ എണ്ണം നാലായി.
30-ാം സാക്ഷി താജുദ്ധീന്‍ മരണപ്പെട്ടതോടെ രണ്ട് പേരെയാണ് വിചാരണ കോടതി ഇന്ന് വിസ്തരിച്ചത്. രണ്ടു പേരും കൂറുമാറുകയായിരുന്നു. ഇതോടെ കേസില്‍ കൂറുമാറിയവരുടെ എണ്ണം 16 ആയി. വിസ്തരാണത്തിനിടെ സ്വന്തം ഫോട്ടോ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ വനം വകുപ്പ് വാച്ചറായ 29-ാം സാക്ഷി സുനില്‍കുമാറിന്റെ കാഴ്ച പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഇതെ തുടര്‍ന്ന് ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ കാഴ്ച പരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട ഒന്നും അറിയില്ലെന്നും പൊലീസിന് മൊഴി നല്‍കിയിട്ടില്ലെന്നുമാണ് 31-ാം സാക്ഷി ദീപു കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ഇയാളെ പ്രതികള്‍ നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നതായും, പ്രതികള്‍ സാക്ഷികളെ ഇപ്പോളും സ്വാധീനിക്കുകയാണെന്നും സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
കേസില്‍ 32 മുതല്‍ 34 വരെയുള്ള സാക്ഷികളെ നാളെ വിസ്തരിക്കും.