Top

മധുവിന്റെ കൊലപാതകം; പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനത്തിൽ കുടുംബത്തെ കണ്ട് ഡിവൈഎസ്പി

ആദിവാസി സംഘടനകളുമായി ചർച്ച ചെയ്തതിന് ശേഷം തീരുമാനം അറിയിക്കാമെന്ന് കുടുംബം പൊലീസിനെ അറിയിച്ചു.

29 Jan 2022 4:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മധുവിന്റെ കൊലപാതകം; പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനത്തിൽ കുടുംബത്തെ കണ്ട് ഡിവൈഎസ്പി
X

മോഷണക്കുറ്റം ചുമത്തി അട്ടപ്പാടിയിൽ ആൾകൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കേസിൽ സർക്കാർ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കും. ഇതു സംബന്ധിച്ച് മധുവിന്റെ കുടുംബവുമായി അഗളി ഡിവൈഎസ്പി എൻ മുരളീധരൻ കൂടിക്കാഴ്ച നടത്തി. ആദിവാസി സംഘടനകളുമായി ചർച്ച ചെയ്തതിന് ശേഷം തീരുമാനം അറിയിക്കാമെന്ന് കുടുംബം പൊലീസിനെ അറിയിച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിർദേശ പ്രകാരമാണ് പബ്ലിക്ക് പ്രോസിക്ക്യൂട്ടറെ നിയമിക്കാനുളള നടപടികൾക്ക് വേഗം കൂട്ടിയത്

മൂന്ന് അഭിഭാഷകരുടെ ലിസ്റ്റ് നൽകാനാണ് ഡിജിപി മധുവിൻരെ കുടുംബത്തോട് നിർദേശിച്ചിരുന്നു. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണവുമായി കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാൻ ചിലർ ശ്രമിച്ചുവെന്നും രണ്ട് ലക്ഷം രൂപവരെ വാഗ്ദാനം ചെയ്തുവെന്നും കുടുംബം ആരോപിച്ചിരുന്നു. സംഭവം നടന്ന് നാല് വർഷം പിന്നിട്ടിട്ടും വിചാരണ നടപടികൾ ആരംഭിക്കാത്ത സാഹചര്യത്തിലാണ് കുടുംബം മുന്നോട്ടുവന്നത്.

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ മധുവിനായി ആരും ഹാജരായിരുന്നില്ല. തുടർന്ന് നീതിയ്ക്കുവേണ്ടി ഹൈക്കോടതിയെ സമീപിക്കുമെന്നും കുടുംബം വ്യക്തമാക്കിയിരുന്നു. കേസിൽ സെപ്ഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി സർക്കാർ നിയോഗിച്ച വിടി രഘുനാഥ് കോടതിയിൽ ഹാജരായിരുന്നില്ല. ഇതിന് പിന്നാലെ കോടതി രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നിയിച്ചിരുന്നു. മണ്ണാർക്കാട് എസ്സി, എസ്ടി പ്രത്യേക കോടതിയാണ് ചോദ്യമുന്നയിച്ചത്. കേസിൽ നിന്നും ഒഴിയാൻ നേരത്തെ പ്രോസിക്യൂട്ടർ കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയായാണ് ഇയാൾ തുടർച്ചയായി കോടതിയിൽ നിന്നും ഹാജറാവുന്നതിൽ നിന്ന് വിട്ട് നിന്നത്. ഇതിന് പിന്നാലെയായിരുന്നു കുടുംബത്തിന്റെ പ്രതികരണം.

മധുവിന്റെ കേസിൽ പ്രതിപക്ഷം രൂക്ഷമായ ആരോപണമാണ് ഉയർത്തുന്നത്. ഭീഷണിയുണ്ടായിട്ടും മധുവിന്റെ കുടുംബത്തെ സർക്കാർ അവഗണിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തിയിരുന്നു. കേസ് അട്ടിമറിക്കാനുള്ള നീക്കം സിപിഐഎമ്മിന്റെ അറിവോടെയാണെന്ന് ബിജെപിയും ആരോപിച്ചു.

2018 ഫെബ്രുവരി 22 നാണ് കേരളത്തെ നടുക്കിയ മധുവിന്റെ കൊലപാതകം നടന്നത്. മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ ഒരു സംഘം നാട്ടുകാർ കെട്ടിയിട്ട് മർദിക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു. പൊലീസ് വാഹനത്തിൽ ആശുപത്രിയിൽ കൊണ്ട് പോവുന്ന വഴി യുവാവ് മരണപ്പെട്ടു. മധുവിനെ മർദിക്കുന്ന ദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കേസിലെ എല്ലാ പ്രതികളും നിലവിൽ ജാമ്യത്തിലാണ്.

Next Story