മധു വധക്കേസ്; 32-ാം സാക്ഷിയുൾപ്പെടെ നാലു പേർ കൂറുമാറി
15 Sep 2022 11:51 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാലക്കാട്: മധു വധക്കേസിൽ ഇന്ന് വിസ്തരിച്ച നാല് സാക്ഷികൾ കൂറുമാറി. 32, 33, 34, 35 സാക്ഷികളാണ് കൂറുമാറിയത്. മുക്കാലി സ്വദേശികളായ മനാഫ്, മണികണ്ഠൻ, രഞ്ജിത്, അനൂപ് എന്നിവരാണ് കൂറുമാറിയത്. ഇതോടെ കൂറുമാറിയവരുടെ എണ്ണം 20 ആയി. അതേസമയം ബുധനാഴ്ച കൂറുമാറിയ 29-ാം സാക്ഷി സുനിൽ കുമാർ മൊഴി തിരുത്തിപ്പറഞ്ഞു. മണ്ണാർക്കാട് എസ് സി എസ്ടി വിചാരണക്കോടതിയാണ് സാക്ഷികളെ വിസ്തരിച്ചത്.
ഇന്നലെ പ്രദർശിപ്പിച്ച ദൃശ്യങ്ങൾ വീണ്ടും കാണിച്ചായിരുന്നു സുനിൽ കുമാറിന്റെ പുനർ വിസ്താരം. മൂന്ന് ദൃശ്യങ്ങളും കാണിച്ചതോടെ ദൃശ്യങ്ങളിൽ ഉളളത് തന്നെപ്പോലെ ഉളളയാളാണെന്നും സുനിൽ കുമാർ മൊഴി മാറ്റിപ്പറഞ്ഞു.
ഇന്നലെ ദൃശ്യങ്ങൾ കാണിച്ചപ്പോൾ കാഴ്ച പരിമിതി ഉണ്ടെന്ന് സുനിൽ കുമാർ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ ഇയാളുടെ നേത്ര പരിശോധന നടത്താൻ കോടതി ഉത്തരവിട്ടു. നേത്ര പരിശോധനയുടെ റിപ്പോർട്ട് വരുന്നത് വരെ കാത്ത് നിൽക്കണമെന്നാവശ്യം കോടതി നിരസിച്ചു. പ്രതിഭാഗത്തിന്റെ തടസ്സവാദങ്ങൾ പരിഗണിക്കാതെയായിരുന്നു കോടതിയുടെ ഇന്നത്തെ നടപടികൾ. കൂറുമാറിയതിൽ സുനിൽ കുമാറിനെതിരെ നടപടി വേണമെന്ന പ്രോസിക്യൂഷൻ ഹർജി നാളെ പരിഗണിക്കും.
സൈലന്റ് വാലി ഡിവിഷന് കീഴിലെ വനം വാച്ചറായിരുന്ന സുനില്‍ കുമാറിനെ കൂറുമാറിയതിന് പിന്നാലെ പിരിച്ചുവിട്ടിരുന്നു. മധുവിനെ പ്രതികള്‍ പിടിച്ചുകൊണ്ടുവരുന്നതും കള്ളന് എന്ന് പറഞ്ഞ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും കണ്ടുവെന്നാണ് സുനില്‍ കുമാര്‍ പൊലീസിന് നല്കിയ മൊഴി. എന്നാല്‍ ഈ മൊഴി കോടതിയില്‍ തിരുത്തുകയായിരുന്നു. ഇതോടെയാണ് വനം വകുപ്പ് സുനില്‍ കുമാറിനെതിരെ നടപടിയെടുത്തത്. മധു വധക്കേസില്‍ കൂറുമാറിയതിനെ തുടര്‍ന്ന് ഇതിനകം നാല് താല്‍ക്കാലിക വാച്ചര്‍മാരെയാണ് പിരിച്ചുവിട്ടത്. ആകെ 122 സാക്ഷികളാണ് കേസിലുളളത്.
STORY HIGHLIGHTS: Madhu Death Another Four Persons Defected
- TAGS:
- madhu case
- Attapadi
- Police