മധു വധക്കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഇന്ന്
20 Aug 2022 2:21 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഇന്ന്. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചു എന്നാണ് പ്രോസിക്യൂഷൻ നൽകിയ ഹർജിയിലെ വാദം. ഇത് സംബന്ധിച്ച തെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. മണ്ണാർക്കാട് എസ് സി എസ് ടി കോടതിയാണ് ഹർജിയിൽ വിധി പറയുക.
പ്രതികൾക്ക് 2018 മെയ് 30നാണ് ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ചത്. പ്രതികൾ ജാമ്യ ഉപാധികൾ നിരന്തരം ലംഘിക്കുന്നതായി പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. പ്രതികളായ മരയ്ക്കാർ, ഷംസുദ്ദീൻ, നജീബ്, സജീവ് എന്നിവരാണ് കൂടുതൽ തവണ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചത്. ഇവർ നേരിട്ടും ഇടനിലക്കാർ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്.
ചിലർ സാക്ഷികളെ 63 തവണ ഫോണിൽ ബന്ധപ്പെട്ടതിൻറെ രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇനി വിസ്തരിക്കാനുളള ചില സാക്ഷികളേയും പ്രതികൾ ബന്ധപ്പെട്ടതിന് തെളിവുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. കേസിൽ ഇതുവരെ 13 സാക്ഷികൾ കൂറു മാറിയിട്ടുണ്ട്. പ്രതികളുടെ ജാമ്യം റദ്ദാക്കുന്ന കാര്യത്തിൽ തീർപ്പ് വന്നതിന് ശേഷം മാത്രമേ ഇനി സാക്ഷികളെ കോടതി വിസ്തരിക്കുകയുള്ളു. മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഷിഫാന്റെ ജാമ്യാപേക്ഷയും മണ്ണാർക്കാട് എസ് സി എ സ്ടി കോടതി ഇന്ന് പരിഗണിക്കും.
STORY HIGHLIGHTS: Madhu case verdict today on petition to cancel the bail of accused
- TAGS:
- Madhu
- madhu case
- Attappadi