'മധുവിനെ കൊന്നത് പൊലീസാണെന്ന് പറയാന്‍ പ്രതികള്‍ വീരനോട് ആവശ്യപ്പെട്ടു'; പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് സഹോദരി
കേസിന്റെ ഭാവിയെക്കുറിച്ച് ആശങ്കമാത്രമാണുള്ളത്, ഇങ്ങനെ പോയാല്‍ ശരിയാവില്ലെന്നും വികാരാതീതമായി സരസു പറയുന്നു
3 Aug 2022 8:22 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറിയതോടെ പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് കുടുംബം. സംഭവിച്ചതെല്ലാം നേരില്‍ കണ്ടിട്ടും ഒന്നും കണ്ടില്ലെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. പ്രതികള്‍ പണം നല്കി സാക്ഷികളെ സ്വാധീനിക്കുകയാണെന്നും മധുവിന്റെ സഹോദരി സരസു റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. സാക്ഷിയായ വീരനെ നേരില്‍ കണ്ടപ്പോള്‍ ഇക്കാര്യം പറഞ്ഞിരുന്നുവെന്നും സരസു പറയുന്നു.
'മധുവിന് നീതി കിട്ടുമോയെന്നതില്‍ വിശ്വാസക്കുറവ് ഉണ്ട്. കണ്ടിട്ടും കണ്ടില്ലെന്ന് എന്തിനാണ് പറയുന്നതെന്ന് മനസ്സിലാവുന്നില്ല. സാക്ഷി വീരനെ നേരില്‍ കണ്ടിരുന്നു. പൊലീസാണ് മധുവിനെ കൊന്നത് എന്നാണ് വീരന് പറയുന്നത്. പ്രതികളുടെ ഭാഗത്തുള്ളവര്‍ വീരനെ കാണാന്‍ വന്നിരുന്നു. പൊലീസാണ് കൊന്നതെന്ന് പറയണമെന്ന് ഇവര്‍ വീരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാക്ഷികളെ തെറ്റിദ്ധരിപ്പിച്ചു. അത് ഏറ്റുപറയുകയാണ് സാക്ഷികള്‍. ഇക്കാര്യം ഇന്നലെയാണ് മനസ്സിലായത്.' സരസു പറഞ്ഞു.
കേസിന്റെ ഭാവിയെക്കുറിച്ച് ആശങ്കമാത്രമാണുള്ളത്, ഇങ്ങനെ പോയാല്‍ ശരിയാവില്ലെന്നും വികാരാതീതമായി സരസു പറയുന്നു. കേസിലെ 21 ാം സാക്ഷിയായ വീരന് ഇന്നത്തെ വിചാരണയിലാണ് കൂറുമാറിയത്. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികള്‍ 11 ആയി. കേസില്‍ 122 സാക്ഷികളാണ് ആകെയുള്ളത്. ഇതില്‍ 10 മുതല്‍ 17 വരെയുള്ള സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി. ചൊവ്വാഴ്ച്ച 20-ാം സാക്ഷി മയ്യന്‍ കൂറുമാറിയിരുന്നു. ഇന്ന് 21, 22 സാക്ഷികളെയാണ് വിസ്തരിക്കുന്നത്.
അതേസമയം കേസില്‍ ഒരു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഇന്ന് ഹൈക്കോടതി വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ കുടുതല്‍ സാക്ഷികളെ ഒരു ദിവസം വിസ്തരിക്കേണ്ടി വരും. ഓരോ ദിവസവും അഞ്ച് വീതം സാക്ഷികളെ വിസ്തരിക്കും.
കേസില്‍ സാക്ഷികള്‍ കൂറുമാറുന്നത് പലരുടേയും സ്വാധീനത്തിന് വഴങ്ങിയെന്നാണ് മധുവിന്റെ കുടുംബത്തിന്റെ ആരോപണം. ഇത് പ്രോസിക്യൂഷന്റെ വീഴ്ച്ചയാണെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്നും ആവശ്യപ്പെട്ട് മധുവിന്റെ അമ്മയും സഹോദരിയും വിചാരണക്കോടതിയെ സമീപിച്ചിരുന്നു. കേസിലെ രണ്ട് പ്രധാന സാക്ഷികള്‍ കൂറുമാറിയതിന് പിന്നാലെയായിരുന്നു നടപടി.
എന്നാല്‍, ഈ കാര്യത്തില്‍ കോടതിയല്ല സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. വിചാരണ നിര്‍ത്തി വെക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടപ്പോള്‍ ഹൈക്കോടതിയെ സമീപിക്കാനാണ് കോടതി പറഞ്ഞത്. ഇതേ തുടര്‍ന്ന് മധുവിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു. അതിനുശേഷം കഴിഞ്ഞ ദിവസമാണ് കോടതി വിചാരണ വീണ്ടും ആരംഭിച്ചത്. 2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികള്‍ ചേര്‍ന്ന് മധുവിനെ കൊലപ്പെടുത്തിയത്. ജൂണ്‍ 8 നാണ് ഈ കേസിന്റെ വിചാരണ ആരംഭിച്ചത്.
- TAGS:
- Madhu
- madhu case
- Palakkad
- Attappadi