Top

മധു വധക്കേസ്; കൂറുമാറിയ വനം വകുപ്പ് വാച്ചറെ പിരിച്ചുവിട്ടു

ആൾകൂട്ട ആക്രമണത്തിനിടെ കൊല്ലപ്പെട്ട മധുവിനെ അറിയില്ലെന്ന് അനിൽ കുമാർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.

20 July 2022 3:34 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മധു വധക്കേസ്; കൂറുമാറിയ വനം വകുപ്പ് വാച്ചറെ പിരിച്ചുവിട്ടു
X

പാലക്കാട്: അട്ടപ്പാടി മധു കേസിൽ മൊഴി മാറ്റി പറഞ്ഞ വനം വകുപ്പിലെ വാച്ചറെ പിരിച്ച് വിട്ടു. മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ താത്കാലിക വാച്ചറായ അനിൽ കുമാറിനെയാണ് പിരിച്ച് വിട്ടത്. മധു കേസിലെ പന്ത്രണ്ടാം സാക്ഷിയായിരുന്നു അനിൽ കുമാർ. ആൾകൂട്ട ആക്രമണത്തിനിടെ കൊല്ലപ്പെട്ട മധുവിനെ അറിയില്ലെന്ന് അനിൽ കുമാർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. പൊലീസ് നിർബന്ധിച്ചത് കൊണ്ടാണ് രഹസ്യമൊഴി നൽകിയതെന്നും അനിൽകുമാർ കോടതിയിൽ പറഞ്ഞു.

നേരത്തെ കേസിലെ പത്തും പതിനൊന്നും സാക്ഷികൾ കൂറുമാറിയിരുന്നു. മൊഴിമാറ്റി പറയുന്നത് തടയാൻ സാക്ഷികൾക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പതിനാലാം സാക്ഷിയായ ആനന്ദനും ഇന്ന് കോടതിയിൽ മൊഴി മാറ്റി പറഞ്ഞു. സാക്ഷികളെ പ്രതികൾ ഒളിവിൽ പാർപ്പിച്ചാണ് കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്ന് മധുവിന്റെ കുടുംബം ആരോപിച്ചിരുന്നു.

കൂറുമാറാതിരിക്കാൻ സാക്ഷികൾ പണം ആവശ്യപ്പെട്ടതായി മധുവിന്റെ സഹോദരി സരസു പറഞ്ഞു. കേസിൽ നിന്ന് പിന്മാറാൻ വലിയ സമ്മർദം ഉണ്ടെന്നും കുടുംബം എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. അട്ടപ്പാടിയിൽ ജീവിക്കാൻ ഭീഷണിയുണ്ടെന്ന് കാണിച്ച് മധുവിന്റെ കുടുംബം പരാതിയിൽ പറഞ്ഞു. മണ്ണാർക്കാടേക്ക് താമസം മാറ്റാനാണ് കുടുംബത്തിന്റെ തീരുമാനമെന്നും സഹോദരി പറഞ്ഞു.

2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ കൊലപ്പെടുത്തിയത്. ജൂൺ 8 നാണ് ഈ കേസിന്റെ വിചാരണ ആരംഭിച്ചത്. ഇതിന് പിന്നാലെ രണ്ട് പ്രധാന സാക്ഷികൾ കൂറുമാറിയിരുന്നു. പ്രോസിക്യൂഷന്റെ വീഴ്ചയാണ് കുറുമാറ്റത്തിന് കാരണമായതെന്ന് ആരോപിച്ച് മധുവിന്‍റെ അമ്മയും സഹോദരിയും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിച്ചു. എന്നാൽ, ഈ കാര്യത്തിൽ കോടതിയല്ല സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. വിചാരണ നിർത്തി വെക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടപ്പോൾ ഹൈക്കോടതിയെ സമീപിക്കാനാണ് കോടതി പറഞ്ഞത്. ഇതേതുടർന്ന് മധുവിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു. അതിനുശേഷം ഇപ്പോഴാണ് കോടതി വിചാരണ വീണ്ടും ആരംഭിച്ചത്.

STORY HIGHLIGHTS: madhu case forest department sacked the watcher who change statement in court

Next Story