Top

'മൊഴി മാറ്റിപ്പറഞ്ഞത് സ്വാധീനത്താല്‍'; കൂറുമാറിയവര്‍ക്കെതിരെ പരാതിയുമായി മധുവിന്റെ അമ്മ

ത‍ങ്ങൾക്ക് ഭീഷണിയുണ്ടെന്നും കുടുംബം പരാതിയിൽ പറഞ്ഞു.

30 July 2022 9:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മൊഴി മാറ്റിപ്പറഞ്ഞത് സ്വാധീനത്താല്‍; കൂറുമാറിയവര്‍ക്കെതിരെ പരാതിയുമായി മധുവിന്റെ അമ്മ
X

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയവർക്കെതിരെ പരാതി നൽകി കുടുംബം. മധുവിന്റെ അമ്മ മല്ലിയാണ് മണ്ണാർക്കാട് മുൻസിഫ് കോടതിയിൽ പരാതി നൽകിയത്. പലരുടെയും സ്വാധീനത്തിന് വഴങ്ങിയാണ് സാക്ഷികൾ മൊഴിമാറ്റി പറഞ്ഞത്. ഇത് അന്വേഷിക്കാൻ പൊലീസിന് നിർദേശം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ത‍ങ്ങൾക്ക് ഭീഷണിയുണ്ടെന്നും കുടുംബം പരാതിയിൽ പറഞ്ഞു.

കേസിൽ 18-ാം സാക്ഷി കാളി മൂപ്പൻ കഴിഞ്ഞ ദിവസം കൂറുമാറിയിരുന്നു. വനം വകുപ്പ് വാച്ചറാണ് കാളി മൂപ്പൻ. ഇതോട കേസിൽ മൊഴി മാറ്റുന്നവരുടെ എണ്ണം എട്ടായി. 122 സാക്ഷികളാണ് ആകെയുളളത്. ഇതിൽ 10 മുതൽ 17 വരെയുളള സാക്ഷികളുടെ വിസ്താരം പൂർത്തിയായി. ഇവരിൽ ഏഴുപേർ വിചാരണക്കിടെ രഹസ്യമൊഴി തിരുത്തിയിരുന്നു.

13-ാം സാക്ഷി മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. പാക്കുളം സ്വദേശി ഹുസൈൻ മധുവിനെ ചവിട്ടിയെന്നും മധു തലയിടിച്ച് വീണതായും പതിമൂന്നാം സാക്ഷി സുരേഷ് കോടതിയോട് പറഞ്ഞു. ഹുസൈനെ സാക്ഷി തിരിച്ചറിയുകയും ചെയ്തിരുന്നു.

കേസിലെ പതിനാറാം സാക്ഷിയായി പ്രോസിക്യൂഷൻ ഹാജരാക്കിയ വനംവകുപ്പ് വാച്ചർ റസാഖ് കോടതിയിൽ മൊഴി മാറ്റിയിരുന്നു. തുടർന്ന് ഇയാളെ വനം വകുപ്പ് പിരിച്ചുവിട്ടു. നേരത്തെ കേസിലെ പന്ത്രണ്ടാം സാക്ഷിയായ വാച്ചർ അനിൽ കുമാറിനെ മൊഴി മാറ്റി പറഞ്ഞതിന് വനം വകുപ്പ് പിരിച്ച് വിട്ടിരുന്നു. മധുവിനെ അറിയില്ലെന്നാണ് അനിൽ കുമാർ കോടതിയെ അറിയിച്ചത്. പൊലീസിൻറെ നിർബന്ധം പ്രകാരമാണ് നേരത്തെ രഹസ്യമൊഴി നൽകിയതെന്നും അനിൽ കുമാർ വ്യക്തമാക്കിയിരുന്നു. 15-ാം സാക്ഷി മെഹറുന്നീസയും കൂറുമാറിയിരുന്നു. പൊലീസിൽ താൻ ഇതു വരെ ഒരു മൊഴിയും നൽകിയിട്ടില്ലെന്ന് മെഹറുന്നീസ കോടതിയെ അറിയിച്ചു. രണ്ട് ദിവസം മുമ്പ് പതിനാലാം സാക്ഷി ആനന്ദനും കൂറുമാറി.

2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ കൊലപ്പെടുത്തിയത്. ജൂൺ 8 നാണ് ഈ കേസിന്റെ വിചാരണ ആരംഭിച്ചത്. ഇതിന് പിന്നാലെ രണ്ട് പ്രധാന സാക്ഷികൾ കൂറുമാറിയിരുന്നു. പ്രോസിക്യൂഷന്റെ വീഴ്ചയാണ് കൂറുമാറ്റത്തിന് കാരണമായതെന്ന് ആരോപിച്ച് മധുവിൻറെ അമ്മയും സഹോദരിയും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിചാരണക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഈ കാര്യത്തിൽ കോടതിയല്ല സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. വിചാരണ നിർത്തി വെക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടപ്പോൾ ഹൈക്കോടതിയെ സമീപിക്കാനാണ് കോടതി പറഞ്ഞത്. ഇതേ തുടർന്ന് മധുവിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു. അതിനുശേഷം കഴിഞ്ഞ ദിവസമാണ് കോടതി വിചാരണ വീണ്ടും ആരംഭിച്ചത്.

STORY HIGHLIGHTS: Madhu Case Family Files Complaint Against Defectors

Next Story