മധു വധക്കേസില്‍ വീണ്ടും കൂറുമാറ്റം; ഒരു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി
കേസില്‍ സാക്ഷികള്‍ കൂറുമാറുന്നത് പലരുടേയും സ്വാധീനത്തിന് വഴങ്ങിയെന്നാണ് മധുവിന്റെ കുടുംബത്തിന്റെ ആരോപണം
3 Aug 2022 7:20 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ വീണ്ടും കൂറുമാറ്റം. 21-ാം സാക്ഷി വീരനാണ് കൂറുമാറിയത്. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികള്‍ 11 ആയി. കേസില്‍ 122 സാക്ഷികളാണ് ആകെയുള്ളത്. ഇതില്‍ 10 മുതല്‍ 17 വരെയുള്ള സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി. ഇന്ന് 21, 22 സാക്ഷികളെയാണ് വിസ്തരിക്കുന്നത്.
അതേസമയം കേസില്‍ ഒരു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഇന്ന് ഹൈക്കോടതി വിചാരണ കോടതിക്ക് നിര്‍ദേശം നല്കി. ഇതോടെ കുടുതല്‍ സാക്ഷികളെ ഒരു ദിവസം വിസ്തരിക്കേണ്ടി വരും. ഓരോ ദിവസവും അഞ്ച് വീതം സാക്ഷികളെ വിസ്തരിക്കും.
കേസില്‍ സാക്ഷികള്‍ കൂറുമാറുന്നത് പലരുടേയും സ്വാധീനത്തിന് വഴങ്ങിയെന്നാണ് മധുവിന്റെ കുടുംബത്തിന്റെ ആരോപണം. ഇത് പ്രോസിക്യൂഷന്റെ വീഴ്ച്ചയാണെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്നും ആവശ്യപ്പെട്ട് മധുവിന്റെ അമ്മയും സഹോദരിയും വിചാരണക്കോടതിയെ സമീപിച്ചിരുന്നു. കേസിലെ രണ്ട് പ്രധാന സാക്ഷികള്‍ കൂറുമാറിയതിന് പിന്നാലെയായിരുന്നു നടപടി.
എന്നാല്‍, ഈ കാര്യത്തില്‍ കോടതിയല്ല സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. വിചാരണ നിര്‍ത്തി വെക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടപ്പോള്‍ ഹൈക്കോടതിയെ സമീപിക്കാനാണ് കോടതി പറഞ്ഞത്. ഇതേ തുടര്‍ന്ന് മധുവിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു. അതിനുശേഷം കഴിഞ്ഞ ദിവസമാണ് കോടതി വിചാരണ വീണ്ടും ആരംഭിച്ചത്. 2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികള്‍ ചേര്‍ന്ന് മധുവിനെ കൊലപ്പെടുത്തിയത്. ജൂണ്‍ 8 നാണ് ഈ കേസിന്റെ വിചാരണ ആരംഭിച്ചത്.