Top

സ്വപ്‌നയുടെ ആരോപണങ്ങള്‍ ദുരുദ്ദേശപരമെന്ന് മാധവ വാര്യര്‍; '12 വര്‍ഷമായി ഫ്‌ലൈജാക്കിന്റെ ഉടമയല്ല'

'2010 മുതല്‍ അത് 'ഹിതാചി ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം' എന്ന ജപ്പാനീസ് കമ്പനിയുടെ ഉടമസ്ഥതയിലാണ് സ്ഥാപനം'

16 Jun 2022 2:45 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്വപ്‌നയുടെ ആരോപണങ്ങള്‍ ദുരുദ്ദേശപരമെന്ന് മാധവ വാര്യര്‍; 12 വര്‍ഷമായി ഫ്‌ലൈജാക്കിന്റെ ഉടമയല്ല
X

കൊച്ചി: സ്വപ്‌ന സുരേഷിന്റെ സത്യവാങ്മൂലത്തില്‍ തനിക്കെതിരെ ഉന്നയിച്ച് ആരോപണങ്ങളില്‍ മറുപടിയുമായി മാധവ വാര്യര്‍. കെ ടി ജലീലിന്റെ ബിനാമിയാണ് മാധവ വാര്യര്‍ എന്നായിരുന്നു സ്വപ്‌നയുടെ ആരോപണം. തന്റെ നേതൃത്വത്തിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പരിപാടികളില്‍ മുഖ്യാതിഥിയായും പ്രഭാഷകനായും കെ ടി ജലീല്‍ പങ്കെടുത്തിട്ടുണ്ട്. മുംബൈയില്‍ സ്ഥിര താമസമാക്കിയതുകൊണ്ട് ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നവരുമായി നേരിട്ടുള്ള ബന്ധം കുറച്ച് മാത്രമേയൂള്ളൂവെന്ന് മാധവ വാര്യര്‍ പറഞ്ഞു. ഫ്‌ലൈജാക്ക് ലോജിസ്റ്റിക്‌സ് ഇപ്പോള്‍ തന്റെ ഉടമസ്ഥതയില്‍ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഫ്‌ലൈജാക് ലോജിസ്റ്റിക്‌സ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും എംഡിയുമായിരുന്നുവെങ്കിലും 2010 മുതല്‍ അത് 'ഹിതാചി ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം' എന്ന ജപ്പാനീസ് കമ്പനിയുടെ ഉടമസ്ഥതയിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നത്. അതുകൊണ്ടുതന്നെ ഫ്‌ലൈജാക് ലോജിസ്റ്റികിന്റെ ഉടമസ്ഥന്‍ എന്നുപറയുന്നത് പരിപൂര്‍ണമായും തെറ്റാണ്. എല്ലാ ഔദ്യോഗിക ഉത്തരവാദിത്തങ്ങളില്‍ നിന്നും പരിപൂര്‍ണ്ണമായും മുക്തനാണെന്ന് അദ്ദേഹം പറഞ്ഞു.

'ഫ്‌ലൈജാക് എന്ന സ്ഥാപനം ഒരിക്കലും കേരള സര്‍ക്കാരിനോ കെ ടി ജലീലിനോ കോണ്‍സിലേറ്റിനോ വേണ്ടി യാതൊരു തരത്തിലുള്ള ലോജിസ്റ്റിക്‌സ് ആക്ടിവിറ്റീസും ചെയ്തിട്ടില്ല. ഔദ്യോഗിക ജോലികളില്‍ നിന്നും വിരമിച്ച് പൂര്‍ണമായും സാമൂഹികവും ആത്മീയവുമായ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ചെയ്യുന്നത്. അച്ഛന്‍ 'വാര്യര്‍' എന്ന പേരിലാണ് നാട്ടില്‍ അറിയപ്പെട്ടിരുന്നത്. അത് അനുസ്മരിപ്പിച്ചുകൊണ്ട് 'വാര്യര്‍ ഫൗണ്ടേഷന്‍' എന്ന പേരില്‍ തന്നെ ഒരു സ്ഥാപനം 1999ല്‍ മുംബെയില്‍ നിന്നും തുടങ്ങി. മുംബൈയില്‍ കുട്ടികള്‍ക്ക് വേണ്ടി ഒരു 'വേദവിദ്യാ ഗുരുകുലവും വൃദ്ധസദനവും നടത്തുന്നുണ്ട്. അതുകൂടാതെ കേരളത്തിലെ തിരുനാവായയില്‍ കുട്ടികള്‍ക്കായുള്ള ബാലമന്ദിരവും ജോലിയില്ലാത്ത അഭ്യസ്തവിദ്യരായ യുവതീ- യുവാക്കള്‍ക്ക് സാങ്കേതികവിദ്യാ പരിശീലനം നല്‍കി കഴിഞ്ഞവര്‍ഷം മുന്നൂറിലധികം പേര്‍ക്ക് ജോലി നല്‍കുകയുണ്ടായി', മാധവ് വാര്യര്‍ പറഞ്ഞു.

എറണാകുളം മഴുവന്നൂരില്‍ ഒരു ബാലമന്ദിരവും സ്‌പോര്‍ട്‌സ് അക്കാദമി നടത്തുന്നുണ്ട്. വിശദാംശങ്ങള്‍ അറിയാതെ ഏതെങ്കിലും വ്യക്തികള്‍ ദുരുദ്ദേശത്തോടെ കൊടുക്കുന്ന പ്രസ്താവനകള്‍ കാണുമ്പോള്‍ വളരെ ദുഃഖം തോന്നുന്നു. വ്യക്തിത്വങ്ങളെ തേജോവധം ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ വളരെ ഉയര്‍ന്ന തലത്തില്‍ തന്നെ അന്വേഷണം നടത്തി അര്‍ഹിക്കുന്ന ശിക്ഷ നേടിക്കൊടുക്കേണ്ടത് വളരെ അനിവാര്യമാണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

STORY HIGHLIGHTS: Madhava Warrier responds to allegations against him in Swapna Suresh's affidavit

Next Story