'മാഡം' ദിലീപിന് ഏറ്റവും പ്രിയപ്പെട്ടവള്‍; 'അവര്‍ ജയിലില്‍ പോകരുതെന്ന് ആഗ്രഹം'
ദിലീപിന് ഏറ്റവും അടുപ്പമുള്ള ഒരു സ്ത്രീയായിരിക്കണം.
23 Jan 2022 4:39 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നടി ആക്രമിക്കപ്പെട്ട കേസില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന മാഡം എന്ന വ്യക്തി ദിലീപിന് ഏറ്റവും പ്രിയപ്പെട്ട ആളായിരിക്കുമെന്ന് സംവിധായകന് ബാലചന്ദ്രകുമാര്‍. അവര്‍ ജയിലില്‍ പോകരുതെന്ന് ദിലീപ് ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ സംഭാഷണത്തിലൂടെ വ്യക്തമാകുന്നതെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു.
''മാഡമെന്ന പേര് പള്‍സര്‍ സുനിയാണ് ആദ്യം ഉന്നയിച്ചത്. ഒരു പെണ്ണിന് വേണ്ടിയാണ് ഇത് സംഭവിച്ചതെന്ന് ദിലീപ് പറയുമ്പോള്‍ മാഡമുണ്ടെന്ന് ഞാനും വിശ്വസിച്ചു. അത് ദിലീപിന് ഏറ്റവും പ്രിയപ്പെട്ട ഒരാളായിരിക്കുമെന്നാണ് മനസിലാക്കുന്നത്. ദിലീപിന് ഏറ്റവും അടുപ്പമുള്ള ഒരു സ്ത്രീയായിരിക്കണം. അവര്‍ ജയിലില്‍ പോവരുതെന്ന് ദിലീപ് ആഗ്രഹിക്കുന്നുണ്ട്.''
ദിലീപിന്റെ വീട്ടിലെ സംസാരത്തില്‍ നിന്നാണ് മാഡം എന്നൊരു വ്യക്തിയുടെ സാന്നിധ്യം തനിക്ക് തോന്നിയതെന്ന് ബാലചന്ദ്രകുമാര്‍ നേരത്തെയും പറഞ്ഞിട്ടുണ്ട്.
ജനുവരി 18ലെ എഡിറ്റേഴ്സ് അവറില്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞത്: ''പഴയതിനെക്കാള്‍ ഗൗരവത്തോടെയാണ് പൊലീസ് ഇപ്പോള്‍ നടി ആക്രമിക്കപ്പെട്ട കേസിനെ കാണുന്നത്. കേസുമായി ബന്ധപ്പെട്ടൊരു മാഡം ഉള്ളതായി എനിക്കും തോന്നിയിട്ടുണ്ട്. ടേപ്പില്‍ കിട്ടാത്ത പല സംസാരങ്ങളും അവിടെ നടന്നിട്ടുണ്ട്. ആ സംസാരത്തില്‍ നിന്നാണ് മാഡത്തിന്റെ സാന്നിധ്യം തോന്നിയത്. സംസാരം പലതും റെക്കോര്‍ഡ് ചെയ്യാന്‍ സാധിച്ചിട്ടില്ല.''
''നമുക്ക് വിശ്വസിക്കാന്‍ പറ്റാത്ത രീതിയിലുള്ള പല കുറ്റകൃതൃങ്ങളും സ്ത്രീകള്‍ ചെയ്തതായി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നമ്മള് കണ്ടിട്ടുണ്ട്. ഇതൊക്കെ ഒരു സ്ത്രീ ചെയ്യുമോ എന്ന് നമുക്ക് തോന്നുന്ന കാലഘട്ടം മാറി. പുതിയ കാലഘട്ടത്തില്‍ സ്ത്രീകള്‍ ഇതൊക്കെ ചെയ്യുന്ന അവസ്ഥയിലേക്കാണ് പോയി കൊണ്ടിരിക്കുന്നത്. അടുത്ത സുഹൃത്തായ ബൈജുവിനോടാണ് ദിലീപ്, 'സ്ത്രീയെ രക്ഷിച്ച് ശിക്ഷിക്കപ്പെട്ട' കാര്യം പറഞ്ഞത്. കുറെ നേരം നിശബ്ദനായി ഇരുന്ന ശേഷം വിഷമത്തോടെയാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്. ദിലീപിന്റെ വ്യക്തിപരമായ എല്ലാ കാര്യങ്ങളും അറിയുന്ന വ്യക്തിയാണ് ബൈജു.''