Top

'ഐസിസിക്ക് റോളില്ലെന്ന് ഇടവേള ബാബു പറഞ്ഞു, എന്ത് കാര്യമെന്ന് സിദ്ദിഖും ചോദിച്ചു'; ഇവരൊക്കെയുള്ളപ്പോള്‍ പ്രതീക്ഷയില്ലെന്ന് മാല

'ഐസിസിക്ക് എന്ത് കാര്യം, അവർക്ക് പരാതിയൊന്നും വന്നില്ല എന്നാണ് സിദ്ദിഖ് പറഞ്ഞത്'

3 May 2022 11:27 AM GMT
ഫിൽമി റിപ്പോർട്ടർ

ഐസിസിക്ക് റോളില്ലെന്ന് ഇടവേള ബാബു പറഞ്ഞു, എന്ത് കാര്യമെന്ന് സിദ്ദിഖും ചോദിച്ചു; ഇവരൊക്കെയുള്ളപ്പോള്‍ പ്രതീക്ഷയില്ലെന്ന് മാല
X

വിജയ് ബാബുവിനെതിരെ നടപടിയെടുക്കുന്ന വിഷയത്തിൽ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിൽ തനിക്ക് പ്രതീക്ഷയില്ലെന്ന് നടി മാല പാർവ്വതി. വിജയ് ബാബുവിനെതിരെ നടപടി എടുക്കുന്നതുമായി ബന്ധപ്പെട്ട് ഐസിസി നൽകിയ ശുപാർശകൾ അതേപോലെ പാലിച്ചു എന്ന രചന നാരായണൻകുട്ടിയുടെ വാദത്തെയും മാല പാർവ്വതി ശക്തമായി എതിർത്തു. അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു, നടൻ സിദ്ദിഖ് തുടങ്ങിയവർ വിഷയത്തിൽ നടപടിയെടുക്കുന്നതിനെ എതിർത്തുവെന്നും നടി പറയുന്നു. റിപ്പോർട്ടർ ടിവിയുടെ ത്രീ പിഎം ഡിബേറ്റിൽ സംസാരിക്കുകയായിരുന്നു മാല പാർവ്വതി.

'രചന നാരായണൻകുട്ടിയുടെ ഒരു പ്രതികരണം ഞാൻ കണ്ടിരുന്നു. എന്താണോ ഐസിസി നൽകിയ ശുപാർശ അതുമാത്രമാണ് 'അമ്മ' ചെയ്തത് എന്നാണ് അവർ പറയുന്നത്. 'അമ്മ' ഐസിസിയെ നോക്കുകുത്തിയാക്കിയില്ല എന്നാണ്. ഞങ്ങൾ എന്തുകൊണ്ടാണ് രാജിവെച്ചത് എന്ന് അറിയില്ല എന്നും അവർ പറഞ്ഞിരുന്നു. അതിന് ഒരു മറുപടി നൽകണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഒളിവിലുള്ള ഒരാളുടെ കത്ത് വാങ്ങി അവരെ ഒഴിവാക്കണം എന്ന് ഐസിസിക്ക് നിർദേശം നൽകാൻ സാധിക്കുമോ? നമ്മൾ ഗോപ്യമായി വെക്കേണ്ടത് ആ പെൺകുട്ടിയുടെ രക്ഷ എന്നതല്ലേ. നമുക്ക് പരാതിയൊന്നും വന്നിട്ടില്ല. അയാൾ ഇരയുടെ പേര് വെളിപ്പെടുത്തി എന്നത് ഒരു കുറ്റകൃത്യമാണ് എന്ന ബോധ്യത്താൽ നമ്മൾ സ്വമേധയാ മീറ്റിങ്ങ് വിളിച്ചുകൂട്ടി ശുപാർശ കൊടുത്തത്. രചനയും അഡ്വ അനഘയും ഐസിസിയോട് ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് പറയുമ്പോൾ അത് എനിക്ക് മനസ്സിലാകുന്നില്ല', മാല പാർവ്വതി പറഞ്ഞു.

'26ന് വൈകുന്നേരം ക്രൈം നടക്കുന്നു. അദ്ദേഹം പേര് പറയുന്നു. ഒന്നാം തീയതി എക്സികൂട്ടിവ് കമ്മിറ്റി നടക്കുമ്പോൾ അദ്ദേഹം സ്വമേധയാ കത്തയക്കുന്നു. ഒളിവിൽ ഇരിക്കുന്ന ഒരാൾ കമ്മിറ്റി നടക്കുമ്പോൾ കൃത്യമായി കത്തയക്കുന്നു. ഇത് ആരോടാ പറയുക. ദിലീപിന്റെ കേസ് നടക്കുമ്പോൾ ബൈലോ അത്ര ശക്തമല്ല. ഒരു കുടുംബം പോലെ നടന്നിരുന്ന സ്നേഹ സൗഹൃദ ക്ലബ് ആയത് കൊണ്ട് ആരും ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. പിന്നീട് എല്ലാം പുനഃക്രമീകരിക്കേണ്ടി വന്നു. ഇന്നത്തെ സ്ഥിതി അതല്ല. ബൈലോ ശക്തമാണ്. എല്ലാ കാര്യത്തെക്കുറിച്ചും വ്യക്തമായ ഘടന അമ്മയിലുണ്ട്. ഐസിയിൽ എടുത്തില്ലായിരുന്നെങ്കിൽ ഞാൻ അമ്മയുടെ സാധാരണ അംഗം മാത്രമാണ്. ഞാൻ അമ്മയിലേക്ക് പോവുക പോലും ഉണ്ടാകില്ല. എന്നാൽ ഐസിസിയിൽ ഉള്ളപ്പോൾ അത് ഒരു ഉത്തരവാദിത്തമാണ്. അത് ചെയ്തിരിക്കും', മാല പാർവ്വതി അറിയിച്ചു.

സിദ്ദിഖ്, ഇടവേള ബാബു മുതലായവർ വിഷയത്തിൽ എതിർപ്പുമായി വന്നു എന്നും മാല പാർവ്വതി അറിയിച്ചു. 'എക്സികൂട്ടിവ് കമ്മിറ്റിയിൽ നടന്ന കാര്യങ്ങളെക്കുറിച്ച് എനിക്ക് കേട്ടറിവ് മാത്രമേയുള്ളു. ഐസിസിയെക്കുറിച്ച് അവർക്ക് എന്ത് കാര്യം എന്നാണ് നടൻ സിദ്ദിഖ് ചോദിച്ചു എന്നാണ് ഞാൻ കേട്ടത്. അത്തരം നടപടികൾ ഒന്നും ഇപ്പോൾ വേണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന് ഇഷ്ടമുള്ളവരെ സംരക്ഷിക്കും എന്ന നിലപാടാണ് എനിക്ക് അതിൽ നിന്ന് വായിച്ചുകേട്ടത്. ഐസിസിക്ക് എന്ത് കാര്യം, അവർക്ക് പരാതിയൊന്നും വന്നില്ല എന്നാണ് സിദ്ദിഖ് പറഞ്ഞത്. പല ഘട്ടങ്ങളിലും അതായത് 27ന് ഞങ്ങൾ കമ്മിറ്റി കൂടുമ്പോൾ ശ്വേതയും ഞങ്ങളും ചേർന്ന് നടപടി എടുക്കണം എന്ന് പറയുമ്പോൾ എതിർപ്പുണ്ടായിരുന്നു. ഇപ്പോൾ നമുക്ക് അത് കൂടേണ്ടതില്ല എന്ന് പലരും പറഞ്ഞിരുന്നു. ആ സമയം സിദ്ദിഖ് അമ്മയുടെ ഓഫീസിൽ ഉണ്ടായിരുന്നു എന്ന് ഞങ്ങൾ അറിയാനിടയായി. ഐസിസിക്ക് ഇതിൽ റോൾ ഒന്നും തന്നെയില്ല, പരാതി വന്നിട്ടില്ല, അമ്മയുടെ ഓഫീസിൽ വെച്ചല്ല എന്നാണ് ജനറൽ സെക്രട്ടറി ഇടവേള ബാബു ചേട്ടൻ ആദ്യമേ തന്നെ പറഞ്ഞത്', മാല പാർവ്വതി അറിയിച്ചു.

ബാബുരാജ് മാത്രമാണ് വിഷയത്തിൽ പിന്തുണ നൽകിയത് എന്നും മാല പാർവ്വതി പറഞ്ഞു. 'ബാബുരാജ് മാത്രമാണ് ഈ വിഷയത്തിൽ എന്തെങ്കിലും നടപടിയുണ്ടാകാൻ കാരണം. അദ്ദേഹം നടപടിയെടുക്കാത്ത പക്ഷം രാജിവെക്കും എന്ന് വരെ പറഞ്ഞു' നടി അറിയിച്ചു. 'വിഷയത്തിൽ എന്തെങ്കിലും മാറ്റം വരുമോ എന്ന് ക്ഷമയോടെ നോക്കിയവരാണ് ശ്വേതയും കുക്കുവും. അമ്മയോട് വലിയ സ്നേഹമുള്ളവരാണ് ഇരുവരും. അതിനാൽ തന്നെ അമ്മയെ തിരുത്താൻ സാധിക്കുമെന്ന് അവർ വിശ്വസിച്ചു. ഞാൻ അത്രത്തോളം അമ്മയുമായി അത്ര ഇടപെട്ടിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം സിദ്ദിഖിന് നിന്നും ഹാപ്പി സർദാർ എന്ന സിനിമയുടെ സെറ്റിൽ വെച്ച് ഒരു അനുഭവമുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ ചില നിലപാടുകൾ കാരണം ഞാൻ കുറച്ച് സങ്കടപ്പെട്ടിട്ടുണ്ട്. അവരൊക്കെയുള്ളപ്പോൾ എനിക്ക് ഇതിൽ വലിയ പ്രതീക്ഷയില്ല', മാല പാർവ്വതി കൂട്ടിച്ചേർത്തു.

story highlights: maala parvathi says about amma issues in related to vijay babu sexualt assault case

Next Story