Top

നിയമ നൂലാമാലകള്‍: 'പ്രവാസികള്‍ വലയുന്നത് അവസാനിപ്പിക്കാന്‍ നടപടി'; മുഖ്യമന്ത്രിയുടെ ഉറപ്പിനെക്കുറിച്ച് എം.എ യൂസഫലി

''പ്രവാസലോകത്ത് മുപ്പതോ നാല്‍പ്പതോ കൊല്ലക്കാലം കഴിഞ്ഞ് കഷ്ടപ്പെട്ട് സമ്പാദിച്ച് കേരളത്തിലേക്കാണ് നിക്ഷേപിക്കുന്നത്.''

17 Jun 2022 11:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിയമ നൂലാമാലകള്‍: പ്രവാസികള്‍ വലയുന്നത് അവസാനിപ്പിക്കാന്‍ നടപടി; മുഖ്യമന്ത്രിയുടെ ഉറപ്പിനെക്കുറിച്ച് എം.എ യൂസഫലി
X

നിയമത്തിന്റെ നൂലാമാലകള്‍ക്കിടയില്‍ കിടന്ന് പ്രവാസികള്‍ വലയുന്ന സ്ഥിതി അവസാനിപ്പിക്കാന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊട്ടക്ഷന്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി നോര്‍ക്ക വൈസ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എം.എ യൂസഫലി. ലോകകേരള സഭയുടെ മൂന്നാം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''പ്രവാസലോകത്ത് മുപ്പതോ നാല്‍പ്പതോ കൊല്ലക്കാലം കഴിഞ്ഞ് കഷ്ടപ്പെട്ട് സമ്പാദിച്ച് കേരളത്തിലേക്കാണ് നിക്ഷേപിക്കുന്നത്. ഇത്തരത്തില്‍ നാട്ടില്‍ നിക്ഷേപിക്കുമ്പോള്‍ യാതൊരുവിധ സുരക്ഷിതത്വവുമില്ലെന്ന നിര്‍ഭാഗ്യകരമായ സ്ഥിതിയാണുള്ളത്. ഇന്‍വെസ്റ്റ് ചെയ്താല്‍ ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലുള്ള നിയമങ്ങള്‍ വരുമ്പോള്‍ കൂടുതല്‍ ആളുകള്‍ നിക്ഷേപിക്കാന്‍ തയ്യാറാകും.''- യൂസഫലി പറഞ്ഞു.

ലോകകേരള സഭ പോലെ പ്രവാസികളുടെ വലിയ സമ്മേളനത്തില്‍ രാഷ്ട്രീയ വ്യത്യാസത്തിന്റെ പേരില്‍ ഒരു വിഭാഗം ബഹിഷ്‌കരിക്കുന്നതില്‍ ശരികേടുണ്ടെന്നും യൂസഫലി പറഞ്ഞു. ഈ സമ്മേളനത്തിന്റെ പേരില്‍ ധൂര്‍ത്ത് നടക്കുന്നെന്ന രീതിയില്‍ വസ്തുതകളില്ലാത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച് പ്രവാസികളെ വേദനിപ്പിക്കരുത്. ഭരണ പ്രതിപക്ഷ ഭേദമന്യേ പ്രവാസികളുടെ ക്ഷേമത്തിനും വികസന പ്രവര്‍ത്തനങ്ങളിലും ഏവരുടെയും സഹകരണം വേണമെന്നും യൂസഫലി അഭ്യര്‍ഥിച്ചു.

'ആഗോളതലത്തില്‍ കേരളത്തെ അടയാളപ്പെടുത്തുന്നതില്‍ പ്രവാസികള്‍ക്ക് വലിയ പങ്ക്'

ആഗോളതലത്തില്‍ കേരളത്തെ അടയാളപ്പെടുത്തുന്നതിനും പ്രതിസന്ധി ഘട്ടങ്ങളില്‍ സംസ്ഥാനത്തിന് എല്ലാ തരത്തിലുമുള്ള പിന്തുണ നല്‍കുന്നതിലും പ്രവാസികള്‍ നിസ്തുലമായ പങ്ക് വഹിച്ചുവെന്നു സ്പീക്കര്‍ എം.ബി. രാജേഷ്. മൂന്നാം ലോക കേരള സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

''പ്രവാസികളില്‍ നിന്ന് സംസ്ഥാനത്തിന് എന്ത് ലഭിക്കും എന്നതിലുപരി അവര്‍ക്കായി സംസ്ഥാനം ഏതെല്ലാം കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണമെന്നതുകൂടിയാണ് ലോക കേരള സഭയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നത്. കൊവിഡ് സാഹചര്യത്തിന് ശേഷം മടങ്ങിവരുന്ന പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. നോര്‍ക്ക പോര്‍ട്ടലില്‍ രേഖപ്പെടുത്തിയ കണക്കുകള്‍ പ്രകാരം 17 ലക്ഷം പ്രവാസികളാണ് തിരികെയെത്തിയത്. '' ഓരോ വര്‍ഷവും മടങ്ങിവരുന്നവരുടെ എണ്ണം കൂടിവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി പങ്കാളിത്തം കൂടി ഉറപ്പുവരുത്തികൊണ്ടുള്ള കേരളത്തിന്റെ സമഗ്ര വികസനത്തിന് ലോക കേരള സഭയ്ക്ക് വലിയ പങ്കാണുള്ളതെന്നും സ്പീക്കര്‍ പറഞ്ഞു.

Next Story