Top

'പിന്തുണ ഉണ്ടാകും'; നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചര്‍ച്ചയിലും ബ്ലഡ് മണി സമാഹരണത്തിലും ഇടപെടുമെന്ന് യൂസഫലി

ജസ്റ്റിസ് കുര്യൻ ജോസഫിന്റെ നേതൃത്വത്തിലാണ് നിലവിൽ നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കാനുളള നടപടികൾ പുരോഗമിക്കുന്നത്

3 May 2022 4:33 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പിന്തുണ ഉണ്ടാകും; നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചര്‍ച്ചയിലും ബ്ലഡ് മണി സമാഹരണത്തിലും ഇടപെടുമെന്ന് യൂസഫലി
X

ഷാർജ: തദ്ദേശീയനെ കൊലപ്പെടുത്തിയ കേസിൽ യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിന് പൂർണ്ണ പിന്തുണ നൽകുമെന്ന് വ്യവസായി എം എ യൂസഫലി. നിമിഷ പ്രിയയുടെ മോചനത്തിനായുളള ചർച്ചകളിലും ദയാധന സമാഹരണത്തിലും സഹകരിക്കും. കൂടാതെ കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും എം എ യൂസഫലി വ്യക്തമാക്കി.

നിമിഷ പ്രിയയുടെ മോചനത്തിനായി എം എ യൂസഫലി കൂടി ഇടപെടുന്നതായി സുപ്രീം കോടതി റിട്ടയേഡ് ജസ്റ്റിസ് കുര്യൻ ജോസഫ് നേരത്തെ അറിയിച്ചിരുന്നു. ജസ്റ്റിസ് കുര്യൻ ജോസഫിന്റെ നേതൃത്വത്തിലാണ് നിലവിൽ നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കാനുളള നടപടികൾ പുരോഗമിക്കുന്നത്. നിമിഷയെ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ നടത്തുന്ന ശ്രമങ്ങൾക്കാണ് ജസ്റ്റിസ് കുര്യൻ ജോസഫ് നേതൃത്വം നൽകുന്നത്.

അതേസമയം, കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചർച്ചക്ക് തയ്യാറാണെന്ന് യെമൻ അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ദയാധനം നൽകി മാപ്പ് അപേക്ഷിച്ച് മോചനം നേടാനുളള നീക്കങ്ങളാണ് പുരോഗമിക്കുന്നത്. ഇതിനായി തലാലിന്റെ കുടുംബം ബ്ലഡ് മണിയായി ആവശ്യപ്പെട്ടത് 50 മില്യൺ യെമൻ റിയാൽ (ഏകദേശം 70 ലക്ഷം) ആണ്. ഇത് കൂടാതെ 10 മില്യൺ യെമൻ റിയാൽ (14 ലക്ഷം) കോടതി ചെലവും പെനാൽട്ടിയും നൽകേണ്ടിവരും.

2017 ജൂലൈ 25നാണ് യമൻ പൗരനായ തലാൽ കൊല്ലപ്പെട്ടത്. തലാൽ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്നു കൊലപ്പെടുത്തുകയും മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചു എന്നുമാണ് കേസ്. യെമനിൽ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ, പാസ്‌പോർട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷപ്രിയയുടെ വാദം. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതു മരണത്തിന് ഇടയാക്കുകയായിരുന്നു. യമൻ സ്വദേശിനിയായ സഹപ്രവർത്തകയുടെയും മറ്റൊരു യുവാവിന്റെയും നിർദേശപ്രകാരം ആയിരുന്നു മരുന്ന് കുത്തിവച്ചത്. കീഴ്‌ക്കോടതിയാണ് നിമിഷയ്ക്കു വധശിക്ഷ വിധിച്ചത്.

Story Highlights: MA Yusuff ali offers full support for the release of Nimisha Priya

Next Story