'പത്ത് പവന് സ്വര്‍ണം; രണ്ടര ലക്ഷം രൂപയുടെ രണ്ട് വാച്ചുകള്‍, കുഞ്ഞിന് മതിയാവോളം ചോക്ളേറ്റ്'; എം എ യൂസഫലിയുടെ സ്നേഹ സമ്മാനം
6 Dec 2021 7:14 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടപ്പോള്‍ ആരെന്ന് പോലും നോക്കാതെ സഹായിക്കാന്‍ ഓടിയെത്തിയ കുടുംബത്തിന് പ്രവാസി വ്യവസായി എംഎ യൂസഫലി നല്കിയ സമ്മാനങ്ങള്‍ ശ്രദ്ധേയമാവുന്നു. എട്ട് മാസങ്ങള്‍ക്ക് മുന്‍പ് പനങ്ങാട് ഫിഷറീസ് കോളജിന് സമീപമായിരുന്നു ലുലു ഗ്രൂപ് ചെയര്മാന് എംഎ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടത്. ആ സമയം തന്നെ രക്ഷിക്കാനും പ്രാഥമികശുശ്രൂഷ നല്‍കാനും ഓടിയെത്തിയ സമീപവാസികളായ ദമ്പതികളായ രാജേഷിനും ബിജിക്കുമാണ് യൂസഫലി സമ്മാനങ്ങളുമായി നേരിട്ടെത്തിയത്.
മൂന്ന് സമ്മാനപ്പൊതികളായിരുന്നു യുസഫലി ഇവര്‍ക്ക് നല്‍കിയത്. എന്നാല്‍ ഇതിനുള്ളില്‍ എന്താണെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. കുടുംബത്തോടുതന്നെ ചോദിക്കുക എന്ന മറുപടി നല്കി് അദ്ദേഹം മടങ്ങുകയും ചെയ്തു. ബിജിക്ക് പത്തുപവന്‍ സ്വര്‍ണവും രണ്ടര ലക്ഷം രൂപയും വാച്ചുമാണ് യൂസഫലി സമ്മാനിച്ചത്. രാജേഷിന് രണ്ടരലക്ഷം രൂപയും വാച്ചും നല്കി. കുഞ്ഞിനായി സ്വര്‍ണ മാലയും ചോക്ലേറ്റുകളടങ്ങിയ വലിയ പൊതിയുമായിരുന്നു യൂസഫലി കൈമാറിയത്.
ഹെലികോപ്ടര്‍ ഇടിച്ചിറക്കിയ ഭൂമിയുടെ ഉടമസ്ഥര്‍ക്കും യൂസഫലിയുടെ സ്നേഹ സമ്മാനങ്ങള്‍ കൈമാറി. സ്ഥലമുടമ പീറ്ററിനും മകനും ഓരോ മൊബൈല്‍ ഫോണ്‍ വീതവും പീറ്ററിന്റെ ഭാര്യക്ക് വാച്ചും ചോക്ലേറ്റ് പൊതിയും അദ്ദേഹം കരുതി വച്ചിരുന്നു.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു യൂസഫലി പനങ്ങാട് എത്തിയത്. യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ പനങ്ങാട് ഇടിച്ചിറക്കിയപ്പോള്‍ ആദ്യം ഓടിയെത്തിയത് തൊട്ടടുത്ത വീട്ടിലെ രാജേഷ് ഖന്നയും, ഇയാളുടെ ഭാര്യയും പനങ്ങാട് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറുമായ എവി ബിജിയെയുമാണ് അദ്ദേഹം ആദ്യം സന്ദര്‍ശിച്ചത്. ഇവരുടെ വീട്ടിലെത്തിയാണ് യൂസഫ് അലി നന്ദി അറിയിച്ചത്. പിന്നീടായിരുന്നു ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയ സ്ഥലത്തിന്റെ ഉടമയായ പീറ്ററിന്റെ കുടുംബത്തെയും അദ്ദേഹം സന്ദര്‍ശിച്ചത്.
ഏപ്രില്‍ പതിനൊന്നിനായിരുന്നു യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടത്. യൂസഫലിയുടെ കടവന്ത്രയിലെ വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് പോവുന്നതിനിടെയാണ് ഇവരുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ ചതുപ്പില്‍ ഇടിച്ചിറക്കുകയായിരുന്നു.
സംഭവം കണ്ട് ഓടിയെത്തിയ ബിജിയും ഭര്‍ത്താവുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. യൂസഫലിക്കും കുടുംബത്തിനും പ്രാഥമിക ശുശ്രൂഷ നല്‍കിയത് ബിജിയായിരുന്നു.യൂസഫലിയും ഭാര്യയും മൂന്ന് ജീവനക്കാരുമടക്കം ആറുപേരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്. അപകടമറിഞ്ഞയുടന്‍ പനങ്ങാട് ഫിഷറീസ് കോളേജ് ഗ്രൗണ്ടിലിറക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ലാന്‍ഡിംഗിന് നിമിഷങ്ങള്‍ മാത്രം ശേഷിക്കെയാണ് ഹെലികോപ്റ്ററിന് സാങ്കേതിക തകരാര്‍ സംഭവിച്ചത്. ഇതോടെ പനങ്ങാട് പൊലീസ് സ്റ്റേഷനോട് ചേര്‍ന്ന് നില്ക്കുന്ന ചതുപ്പില്‍ ഇടിച്ചിറക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ഹെലികോപ്റ്ററിന്റെ പ്രധാന ഭാഗം ചതുപ്പില്‍ താഴ്ന്നു പോയി. യൂസഫലിയേയും ഭാര്യയേയും ഹെലികോപ്റ്ററിന്റെ വിന്‍ഡോ ഗ്ലാസ് നീക്കിയായിരുന്നു പൈലറ്റ് പുറത്തിറക്കിയത്.