Top

'ദീര്‍ഘകാലത്തെ സഹോദര ബന്ധം'; കോടിയേരിയെ കുറിച്ച് എം.എ യൂസഫലി

'രണ്ട് മാസം മുമ്പ് തിരുവനന്തപുരത്ത് വെച്ച് അദ്ദേഹത്തെ കണ്ട് സംസാരിച്ചത് ഓര്‍മ്മിക്കുന്നു.'

1 Oct 2022 4:44 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദീര്‍ഘകാലത്തെ സഹോദര ബന്ധം; കോടിയേരിയെ കുറിച്ച് എം.എ യൂസഫലി
X

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ അനുസ്മരണം രേഖപ്പെടുത്തി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. കേരള രാഷ്ട്രീയ രംഗത്തെ നിസ്വാര്‍ത്ഥ സേവകനായിരുന്ന കോടിയേരിയെന്നും നിര്യാണം ഏറെ വേദനയോടും ദുഃഖത്തോടെയുമാണ് കേട്ടതെന്നും യൂസഫലി പറഞ്ഞു.

യൂസഫലി പറഞ്ഞത്: ''കേരള രാഷ്ട്രീയ രംഗത്തെ നിസ്വാര്‍ത്ഥ സേവകനായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ അപ്രതീക്ഷിത നിര്യാണം ഏറെ വേദനയോടും ദു:ഖത്തോടെയുമാണ് ഞാന്‍ ശ്രവിച്ചത്. നിയമസഭാ സമാജികന്‍, പ്രതിപക്ഷ ഉപനേതാവ്, മന്ത്രി, പാര്‍ട്ടി സെക്രട്ടറി എന്നീ നിലകളില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഏറെ ശ്രദ്ധേയമായിരുന്നു. ദീര്‍ഘകാലമായുള്ള സഹോദര ബന്ധമായിരുന്നു അദ്ദേഹവുമായി എനിക്കുണ്ടായിരുന്നത്. രണ്ട് മാസം മുമ്പ് തിരുവനന്തപുരത്ത് വെച്ച് അദ്ദേഹത്തെ കണ്ട് സംസാരിച്ചത് ഈ അവസരത്തില്‍ ഞാന്‍ ഓര്‍മ്മിക്കുന്നു. സംസ്ഥാന ആഭ്യന്തര മന്ത്രിയായിരിക്കെ അബുദാബി പോലീസ് ആസ്ഥാനം സന്ദര്‍ശിക്കുകയും അവരുമായി ചേര്‍ന്നുള്ള സംയുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടതും ഞാന്‍ ഓര്‍ക്കുന്നു. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ എന്റെ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു.''

രാത്രി എട്ടു മണിയോടെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വച്ചായിരുന്നു കോടിയേരിയുടെ അന്ത്യം. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു. മൃതദേഹം ചെന്നൈയില്‍ നിന്ന് നാളെ നാട്ടിലെത്തിക്കും. പകല്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് കോടിയേരി മാടപ്പീടികയിലെ വസതിയില്‍ പൊതുദര്‍ശനം. തിങ്കള്‍ രാവിലെ 11 മുതല്‍ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍. വൈകീട്ട് മൂന്നു മണിക്ക് പയ്യാമ്പലത്ത് സംസ്‌കാരിക്കും.

വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെയാണ് കോടിയേരി പൊതുരംഗത്ത് എത്തിയത്. തലശേരി കോടിയേരിയില്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന പരേതനായ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബര്‍ 16ന് ജനനം. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മാഹി മഹാത്മാഗാന്ധി കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു. കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ബിരുദവിദ്യാര്‍ഥിയായി. യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ഥിയായിരിക്കെ 1973ല്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി. 1979 വരെ ആ സ്ഥാനത്ത് തുടര്‍ന്നു.

1971ലെ തലശേരി കലാപകാലത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി. സിപിഐ എം ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കോടിയേരി 1980-82ല്‍ ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു.1990-95ല്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1988ലെ ആലപ്പുഴ സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി അംഗമായി. 1995ല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായ കോടിയേരി 2002ല്‍ ഹൈദരാബാദ് 17--ാം പാര്‍ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയിലെത്തി. 2008ലെ 19--ാം പാര്‍ടി കോണ്‍ഗ്രസില്‍ പിബി അംഗമായി.

അടിയന്തരാവസ്ഥയില്‍ അറസ്റ്റിലായ കോടിയേരി, ലോക്കപ്പില്‍ ക്രൂരമര്‍ദനത്തിന് ഇരയായി. മിസ പ്രകാരം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. കര്‍ഷകരുടെ ആവശ്യങ്ങളുന്നയിച്ച് നടത്തിയ റെയില്‍വേ സമരത്തില്‍ പൊലീസിന്റെ ഭീകരമര്‍ദനമേറ്റു. 1982ല്‍ തലശേരിയില്‍നിന്നാണ് ആദ്യമായി നിയമസഭാംഗമായത്. 1987, 2001, 2006, 2011ലും തലശേരിയെ പ്രതിനിധാനംചെയ്തു. 2006--11ല്‍ ആഭ്യന്തര, ടൂറിസം മന്ത്രിയായിരുന്നു. ജനമൈത്രി പൊലീസ് പദ്ധതി അക്കാലത്താണ് നടപ്പാക്കിയത്. 2001, 2011 പ്രതിപക്ഷ ഉപനേതാവായിരുന്നു. പാര്‍ലമെന്ററി രംഗത്തും ഭരണാധികാരി എന്ന നിലയിലും കഴിവുതെളിയിച്ച കോടിയേരി പാര്‍ടി സെക്രട്ടറി എന്ന നിലയില്‍ അത്യുജ്വല പ്രവര്‍ത്തനം കാഴ്ചവച്ചു.

തലശേരി എംഎല്‍എയും സിപിഐഎം നേതാവുമായിരുന്ന എംവി രാജഗോപാലിന്റെ മകള്‍ എസ് ആര്‍ വിനോദിനിയാണ് ഭാര്യ. മക്കള്‍: ബിനോയ്, അഡ്വ. ബിനീഷ്. മരുമക്കള്‍: ഡോ. അഖില, റിനിറ്റ.

Next Story