Top

'ഭഗവൽ സിംഗ് സിപിഐഎം അംഗമല്ല'; പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടാകാമെന്ന് എം എ ബേബി

11 Oct 2022 12:41 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭഗവൽ സിംഗ് സിപിഐഎം അംഗമല്ല; പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടാകാമെന്ന് എം എ ബേബി
X

കൊല്ലം: ഇലന്തൂരിൽ ആഭിചാര്യക്രിയയുടെ ഭാ​ഗമായി രണ്ടു സ്ത്രീകളെ കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ പ്രതി ഭഗവൽ സിംഗ് പാർട്ടി അംഗമല്ലെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. പാർട്ടിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഭഗവൽ സിംഗ് ഏർപ്പെട്ടിട്ടുണ്ടാകാമെന്നും എം എ ബേബി പറഞ്ഞു.

'കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും ബേബി ആവശ്യപ്പെട്ടു. നാടിനെ ഞെട്ടിച്ച സംഭവമാണ് ഇലന്തൂരിൽ നടന്നത്. നാടിന് അപമാനവും അമർഷവും ഉണ്ടാക്കുന്ന ഒന്നാണിത്. ദൈവ സങ്കൽപ്പങ്ങളെ അപമാനിക്കുന്ന ഒരു സംഭവമാണ് ഉണ്ടായിരിക്കുന്നത്. അന്ധവിശ്വാസങ്ങൾക്ക് എതിരെ അവബോധം വളർത്തിയെടുക്കണം,' എം എ ബേബി പറഞ്ഞു.

കൂടാതെ ഭഗവൽ സിംഗ് സിപിഐഎം അംഗമാണെന്ന ആരോപണം തളളി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും രംഗത്തെത്തിയിരുന്നു. ഇത്തരക്കാർ സിപിഐഎം പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടാകാം. എന്നാൽ പാർട്ടി മെമ്പർ ആണോയെന്ന് അവിടുത്തെ ജില്ലാ സെക്രട്ടറി പറയുമെന്നുമായിരുന്നു വി കെ സനോജിന്റെ പ്രതികരണം.

പ്രതി ഭഗവൽ സിംഗ് പത്തനംതിട്ടയിലെ സജീവ സിപിഐഎം പ്രവർത്തകനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചിരുന്നു. സിപിഐഎമ്മിൻ്റെ ബ്രാഞ്ച് സെക്രട്ടറി, ലോക്കൽ സെക്രട്ടറി എന്നീ ചുമതല വഹിച്ചിട്ടുണ്ടെന്നും നിലവിൽ കർഷക സംഘത്തിന്റെ ചുമതല ഉണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു. രാഷ്ട്രീയ പ്രവർത്തകൻ ഇതിന് പിന്നിൽ ഉണ്ട് എന്നത് കൊണ്ട് അന്വേഷണത്തിന്റെ ഗൗരവം കുറയരുതെന്ന് കെ സുരേന്ദ്രൻ പറഞ്ഞിരുന്നു.

പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതിക്ക് സിപിഐഎമ്മുമായി ബന്ധം ഉണ്ടെന്ന് ആരോപിച്ച് രംഗത്തെത്തി. കൊലയാളികളിൽ ഒരാൾ പുരോഗമന നിലപാട് അവകാശപ്പെടുന്നൊരു രാഷ്ട്രീയ പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്നു എന്നത് ഗൗരവതരമാണെന്ന് വിഡി സതീശൻ ആരോപിച്ചു. അതുകൊണ്ട് തന്നെ ബാഹ്യ ഇടപെടലുകളുണ്ടാകാതെ സത്യസന്ധവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കണമെന്നാണ് സതീശൻ ആവശ്യപ്പെട്ടത്.

STORY HIGHLIGHTS: MA Baby says Bhagwal Singh the accused in human sacrifice case is not cpim member

Next Story